മലയാള സിനിമയിലെ ഏക്കാലത്തെയും ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്നും ചിത്രം ചര്‍ച്ചയാവുകയും പഠനങ്ങള്‍ക്ക് വിധേയമാകുകയും ചെയ്യുന്നുണ്ട്.
മണിച്ചിത്രത്താഴിന്റെ 27ാം വാര്‍ഷികമാണ് ഡിസംബര്‍ 23 ന്. ചിത്രത്തിന്റെ വാര്‍ഷികത്തില്‍ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി ശോഭന.
ചിത്രം ഒരു ബ്ലോക്ക് ബസ്റ്റര്‍ എന്നതിനുപരി ഒരു റഫറന്‍സ് ഗ്രന്ഥമാണെന്ന് ശോഭന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘മണിച്ചിത്രത്താഴ്’ എന്ന എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയുടെ 27-ാം പിറന്നാള്‍ ആണ് നാളെ. ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ എന്നതിലുപരി, ചലച്ചിത്രനിര്‍മ്മാണകലയ്ക്ക് ഇന്നും ഒരു റഫറന്‍സ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു.
എന്റെ ജീവിത യാത്രയില്‍ ഈ ചിത്രം വലിയ ഒരു മുതല്‍ക്കൂട്ട് തന്നെയായിരുന്നു. ഇന്നും അതെ. നാഗവല്ലിയെ കുറിച്ച് ഓര്‍മ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം. സൃഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു. എന്നാണ് ശോഭന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
1993 ല്‍ ക്രിസ്മസ് റിലീസായാണ് മണിച്ചിത്രത്താഴ് തിയേറ്ററിലെത്തുന്നത്. വിതരണക്കാരുടെ ഷെയറായി മാത്രം അഞ്ചുകോടിയാണ് ചിത്രം നേടിയത്. 365ല്‍ കൂടുതല്‍ ദിവസം റിലീസിംഗ് സെന്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു.
മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി,തിലകന്‍, നെടുമുടി വേണു, വിനയ പ്രസാദ്, ഇന്നസെന്റ്, കെ.പി.എ.സി. ലളിത. സുധീഷ്. കുതിരവട്ടം പപ്പു, ഗണേഷ് കുമാര്‍ എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക