| Monday, 4th October 2021, 2:29 pm

ഞങ്ങള്‍ തമ്മില്‍ അന്ന് മത്സരമുണ്ടായിരുന്നു; സിനിമയില്‍ നിന്ന് പുറത്തുകടന്ന ശേഷമാണ് അവരുമായി അടുപ്പമുണ്ടാകുന്നത്: ശോഭന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലെ തന്റെ പഴയകാല സുഹൃത്തുക്കളെ പറ്റിയും നടിമാര്‍ തമ്മില്‍ അക്കാലത്ത് ഉണ്ടായിരുന്ന മത്സരങ്ങളെപ്പറ്റിയും പറയുകയാണ് മലയാളത്തിന്റെ പ്രിയ നടിയും നര്‍ത്തകിയുമായി ശോഭന. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തെ കുറിച്ചും നൃത്തത്തെ കുറിച്ചും താരം മനസുതുറന്നത്.

രേവതിയും സുഹാസിനിയും രോഹിണിയും ഞാനുമെല്ലാം ഒരുമിച്ച് സിനിമകള്‍ ചെയ്തിരുന്നവരാണ്. അന്ന് എല്ലാവരും തമ്മില്‍ നല്ല മത്സരമൊക്കെയുണ്ടായിരുന്നു. സിനിമയില്‍ നിന്ന് പുറത്തുകടന്നശേഷമാണ് എല്ലാവരും തമ്മില്‍ നല്ല അടുപ്പമുണ്ടാകുന്നത്.

ഇടയ്ക്ക് ഞങ്ങളുടെ ഗെറ്റ് ടുഗെതര്‍ ഉണ്ടാകും. സുഹാസിനിയാണ് മുന്‍കൈ എടുക്കുന്നത്. എന്റെ സ്വഭാവമെല്ലാം ആ കൂട്ടുകാര്‍ക്കറിയാം. തമാശയ്ക്ക് കളിയാക്കുകയും ചെയ്യും. പക്ഷേ അതേപോലെ സ്‌നേഹവുമുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട് ഫോര്‍ എവര്‍ എന്നുപറയുന്നത് രേവതിയാണ്.

ഒരുപാട് വര്‍ഷങ്ങളായുള്ള സൗഹൃദം. ഞങ്ങള്‍ തമ്മില്‍ എപ്പോഴും സംസാരിക്കുകയൊന്നുമില്ല. എന്നെപ്പോലെ അവര്‍ക്കും ഒരുപാട് ജോലിയുണ്ട്. വീടും കൂടുമൊക്കെയുണ്ട്, ശോഭന പറയുന്നു.

ബാലതാരമായി സിനിമയിലെത്തി പതിനാലാമത്തെ വയസില്‍ നായികയായ താരമാണ് ശോഭന. തന്റെ വ്യക്തിത്വം രൂപം കൊണ്ടത് പോലും സിനിമാ മേഖലയിലൂടെയാണെന്ന് ശോഭന പറയുന്നു.

”സിനിമാമേഖലയിലൂടെയാണ് എന്റെ വ്യക്തിത്വം രൂപം കൊണ്ടത്. കുട്ടികള്‍ സ്‌കൂളിലും കോളേജിലും പോകുമ്പോള്‍, ഞാന്‍ സിനിമയിലേക്ക് പോയി. എന്റെ എല്ലാ പഠനവും അവിടുന്നായിരുന്നു.

സിനിമയിലെ ഒരുപാട് വലിയ ആളുകള്‍ക്കൊപ്പം. കഴിവുള്ള സംവിധായകര്‍, താരങ്ങള്‍ അവരുമായൊക്കെയുള്ള അനുഭവങ്ങളാണ് ഒരു വ്യക്തിയെന്ന നിലയില്‍ എന്നെ രൂപപ്പെടുത്തിയത്.

ഒരു കലാകാരിയെന്ന നിലയില്‍ കൂടുതല്‍ അറിവുകള്‍ പകര്‍ന്നുതന്നതും ആളുകളോട് വിനയത്തോടെ പെരുമാറാന്‍ എന്നെ പഠിപ്പിച്ചതും സിനിമ തന്നെയാണ്. കാരണം നമ്മള്‍ കുറേ ആളുകളെ കാണുന്നു. പരിചയപ്പെടുന്നു. അതൊക്കെ ഒരു പാഠമായിരുന്നു, ശോഭന പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Shobhana About Her Film Career

We use cookies to give you the best possible experience. Learn more