| Wednesday, 6th October 2021, 12:58 pm

കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് ചിലപ്പോള്‍ ഒന്നും തോന്നില്ല, പക്ഷേ ബാക്കിയെല്ലാവരും അങ്ങനെയാവണമെന്നില്ലല്ലോ; മകളെ കുറിച്ച് ശോഭന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ പ്രിയതാരമാണ് ശോഭന. പൂര്‍ണമായി സിനിമയില്‍ സജീവമല്ലെങ്കിലും ശോഭനയോട് എന്നും മലയാളികള്‍ക്ക് അടുപ്പമുണ്ട്. ശോഭനയുടെ നൃത്ത വീഡിയോകള്‍ കാണാനും വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ടെന്ന ചിത്രത്തിലൂടെയായിരുന്നു ശോഭന വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയത്. കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച നികിത എന്ന കഥാപാത്രത്തിന്റെ അമ്മയായിട്ടാണ് ചിത്രത്തില്‍ ശോഭനയെത്തിയത്. മകളോട് എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന മകളെ സുഹൃത്തായി കാണുന്ന ഒരു കഥാപാത്രമായിരുന്നു ശോഭനയുടേത്.

ജീവിതത്തിലും ഒരു പെണ്‍കുട്ടിയുടെ അമ്മയാണ് ശോഭന. മകളെ കുറിച്ചുള്ള വിശേഷങ്ങളൊക്കെ ശോഭന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. വസ്ത്രധാരണത്തിലുള്‍പ്പെടെ മകളുടെ കാര്യത്തില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തുന്ന അമ്മ തന്നെയാണ് താനുമെന്ന് പറയുകയാണ് ശോഭന.

ചെറിയ പ്രായത്തില്‍ കുട്ടികള്‍ക്ക് അത്തരത്തിലൊരു ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്നും പ്രായമാകുമ്പോള്‍ കാര്യങ്ങള്‍ അവര്‍ സ്വയം തീരുമാനിക്കട്ടെയെന്നുമാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ശോഭന പറയുന്നത്.

ഒരു പെണ്‍കുട്ടിയുടെ അമ്മയെന്ന നിലയില്‍ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ടോ എന്ന ചോദ്യത്തിന് പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും നമ്മള്‍ ഒരുപോലെ തന്നെ വളര്‍ത്തേണ്ടേ എന്നായിരുന്നു ശോഭനയുടെ ചോദ്യം.

” ആണ്‍കുട്ടിയെ അങ്ങനെ വിടാന്‍ പറ്റുമോ? ആണ്‍കുട്ടികളാണെങ്കില്‍ അവരൊരു പ്രായത്തില്‍ മരത്തില്‍ കയറിയാല്‍ വീഴുമോയെന്ന ആശങ്ക. ബൈക്ക് വാങ്ങിച്ചു കൊടുത്താല്‍ അതോടിക്കുന്നതിന്റെ പേടി. പിന്നെ അവരെപ്പോഴാണ് വീട്ടിലേക്ക് വരികയെന്ന ടെന്‍ഷന്‍. അതുപോലെ തന്നെയാണ് പെണ്‍കുട്ടികളും.

മോളുടെ വസ്ത്രത്തിന്റെ കാര്യത്തില്‍ ഞാന്‍ നന്നായി ശ്രദ്ധിക്കാറുണ്ട്. അവളും ഒരു മോഡേണ്‍ സ്‌കൂളിലാണ് പോകുന്നത്. ഇടയ്ക്ക് മിഡി, സ്‌കേര്‍ട്ട് ഒക്കെ ധരിക്കും. പെണ്‍കുട്ടികളാണെങ്കില്‍ പെട്ടെന്ന് വളരുമല്ലോ. അതുകൊണ്ട് ഞാന്‍ എപ്പോഴും അവള്‍ നീളം വെക്കുന്നുണ്ടോയെന്ന് നോക്കിക്കൊണ്ടിരിക്കും.

അപ്പോള്‍ അവള്‍ ചോദിക്കും വാട്‌സ് ദ ഡീല്‍ അമ്മാ. കൂടെ പഠിക്കുന്ന ആണ്‍കുട്ടികളെയൊക്കെ കിന്‍ഡര്‍ ഗാര്‍ട്ടന്‍ മുതല്‍ കാണുന്നതല്ലേ, ഹൂ കെയേര്‍സ്, നോ ബഡി കെയേര്‍സ്, എന്ന്. ശരിയാണ്. കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് ഒന്നും തോന്നില്ല. പക്ഷേ ബാക്കിയെല്ലാവരും അങ്ങനെ ആവണമെന്നില്ലല്ലോ. ചെറിയ പ്രായത്തില്‍ കുട്ടികളെ ഇങ്ങനെയെല്ലാം നോക്കണം. കുറച്ചുകൂടി പ്രായമാകുമ്പോള്‍ അവള്‍ സ്വയം തീരുമാനിക്കട്ടെ,” ശോഭന പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Shobhana About Her daughter

We use cookies to give you the best possible experience. Learn more