| Saturday, 21st August 2021, 1:13 pm

നൃത്തം ചെയ്യുമ്പോഴെല്ലാം ചിരിക്കണമെന്നുണ്ടോ? ആരാധികയുടെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ശോഭന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ പകരക്കാരില്ലാത്ത അഭിനേതാക്കളിലൊരാളാണ് ശോഭന. അറിയപ്പെടുന്ന ഒരു നര്‍ത്തകി കൂടിയാണ് താരം.
തേന്‍മാവിന്‍ കൊമ്പത്തെ കാര്‍ത്തുമ്പിയും മണിച്ചിത്രത്താഴിലെ നാഗവല്ലിയും മിന്നാരത്തിലെ നീനയുമെല്ലാം മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്.

അഭിനയത്തിനും നൃത്തത്തിനുമൊപ്പം സോഷ്യല്‍ മീഡിയയിലും ശോഭന സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ ക്യൂ ആന്‍ഡ് എ സെഷനില്‍ ശോഭന നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

നൃത്തം ചെയ്യുമ്പോള്‍ കാണികളെ സന്തോഷിപ്പിക്കാന്‍ നര്‍ത്തകര്‍ എപ്പോഴും മുഖത്ത് പുഞ്ചിരി സൂക്ഷിക്കണമോ എന്നതായിരുന്നു മുംബൈയില്‍ നിന്നുള്ള ഒരു ആരാധികയുടെ ചോദ്യം. ‘ടു സ്‌മൈല്‍ ഓര്‍ നോട്ട് ടു സ്‌മൈല്‍?’ എന്ന തലക്കെട്ടോടു കൂടിയ വീഡിയോ സഹിതമാണ് ശോഭന മറുപടി നല്‍കുന്നത്.

‘ഇതു മനസിലാക്കാന്‍ ഒരേയൊരു വഴി മാത്രമേയുള്ളൂ. താങ്കളുടെ അടുത്ത പെര്‍ഫോമന്‍സില്‍ മുഖത്ത് ഒരു അതൃപ്തി നിറഞ്ഞ ഭാവം വരുത്തി നോക്കൂ, അപ്പോള്‍ അതിന്റെ റിസള്‍ട്ട് എന്താണെന്ന് നോക്കാമല്ലോ’ രസകരമായ ഈ മറുപടിയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ദിവസവും ഡാന്‍സുമായി ബന്ധപ്പെട്ട വീഡിയോകള്‍ ശോഭന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഓണക്കാലത്ത് നടത്താറുണ്ടായിരുന്ന നൃത്ത പരിപാടികളെല്ലാം തനിക്കിപ്പോള്‍ ഒരുപാട് മിസ് ചെയ്യുന്നുവെന്നാണ് ഓണാശംസകള്‍ നേര്‍ന്നു കൊണ്ട് താരം പോസ്റ്റ് ചെയ്തത്.

ഭരതനാട്യം ഹൈന്ദവ ചരിത്രം മാത്രം സംവദിക്കുന്ന രീതിയാണോ എന്ന ചോദ്യത്തിന് എന്തും ഭരതനാട്യത്തില്‍ സംവദിക്കാമെന്ന് ഫ്രീഡം ഓഫ് എക്‌സ്പ്രഷന്‍ എന്ന തലക്കെട്ടോട് കൂടി ചെറിയ ഡാന്‍സ് വീഡിയോ ശോഭന പങ്കുവെച്ചിരുന്നു.

തന്റെ ഇരുപതുകളില്‍ സ്വതന്ത്രമായി നൃത്തസൃഷ്ടികള്‍ അവതരിപ്പിച്ചു തുടങ്ങിയ താരം ഇപ്പോള്‍ ചെന്നൈയില്‍ കലാര്‍പ്പണ എന്ന പേരില്‍ ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ട്. 2006ല്‍ രാജ്യം പത്മശ്രീ നല്‍കി അവരെ ആദരിച്ചിരുന്നു.

1972ല്‍ പുറത്തിറങ്ങിയ ‘അമര്‍ പ്രേം’എന്ന ബോളിവുഡ് ചിത്രത്തില്‍ ബാലതാരമായാണ് വെള്ളിത്തിരയില്‍ ശോഭനയുടെ അരങ്ങേറ്റം.
1985ല്‍ ബാലചന്ദ്ര മേനോന്റെ സംവിധാനത്തില്‍ വെള്ളിത്തിരയിലെത്തിയ ‘ഏപ്രില്‍ 18’ ആണ് ശോഭനയെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. അനൂപ് സത്യന്റെ സംവിധാനത്തില്‍ 2020ല്‍ റിലീസ് ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്.

നര്‍ത്തകിയായും അഭിനേതാവായും റിയാലിറ്റി ഷോ വിധികര്‍ത്താവായുമൊക്കെ ശോഭന തെന്നിന്ത്യന്‍ ലോകത്ത് സജീവമാണ്. സ്വാതന്ത്ര്യ ദിനത്തില്‍ ഗാന്ധിയന്‍ ചിന്തകള്‍ ആധാരമാക്കി രാജ് ഭവനില്‍ നൃത്തം അവതരിപ്പിച്ച ശോഭനയെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഗവര്‍ണറും ചേര്‍ന്ന് ആദരിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Shobana’s reply to fan’s comment

We use cookies to give you the best possible experience. Learn more