കൊച്ചി: അഭിനയവും നൃത്തവും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച നടിയാണ് ശോഭന. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിച്ച ശോഭന ഇപ്പോഴും നൃത്തവേദികളില്‍ സജീവമാണ്.
ചലച്ചിത്ര താരം എന്ന പ്രശസ്തി നൃത്തവേദികളില്‍ സഹായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ശോഭന. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശോഭന മനസ്സുതുറന്നത്.
തീര്‍ച്ചയായും സഹായിച്ചിട്ടുണ്ട്. ചലച്ചിത്രതാരം എന്ന നിലയില്‍ എന്നെ വളരെയധികം ആളുകള്‍ അറിയുന്നു. ഇനിയും പല വര്‍ഷങ്ങള്‍ കടന്നുപോയാല്‍ ഈ സ്ഥിതി മാറും.
സിനിമയിലെ പ്രശസ്തി സ്ഥായിയല്ല. ചലച്ചിത്രതാരത്തെ കാണാന്‍ നിങ്ങള്‍ ഒരിക്കല്‍ മാത്രമേ പോവൂ. താരത്തിന്റെ നൃത്തസംബന്ധിയായ പ്രവൃത്തിക്ക് സിനിമയുമായി ബന്ധമൊന്നുമില്ല.
‘മണിച്ചിത്രത്താഴി’ലെ നൃത്തം പോലും ഞാന്‍ വീണ്ടും ചെയ്തിട്ടില്ല. കാരണം അത് വേറൊരു സംഗതിയാണ്. അതവിടെ നില്‍ക്കട്ടെ. ഇന്നാരാണ് ചലച്ചിത്രത്തില്‍ കാണപ്പെടാന്‍ താത്പര്യമില്ലാത്തവര്‍.
അത്ര വ്യാപനശേഷിയുണ്ടതിന്. എല്ലാവര്‍ക്കും ഇന്ന് സിനിമയില്‍ വരണം. പണ്ടത്തെപ്പോലെയല്ല. ഞങ്ങളൊക്കെ ചലച്ചിത്രത്തില്‍ വരുന്ന കാലത്ത് അതില്‍ നൃത്തം അവതരിപ്പിക്കുന്നവര്‍ സുശിക്ഷിതരല്ല എന്ന ഒരു തോന്നല്‍ പരക്കെ ഉണ്ടായിരുന്നു.
ഇന്നതൊക്കെ പോയി. ഈ ഡിജിറ്റല്‍ യുഗത്തില്‍ എല്ലാ നര്‍ത്തകരും സംഗീതജ്ഞരും ഒരു നിലയ്ക്ക് സിനിമയിലാണ്. എല്ലാവരും ദൃശ്യാലേഖനം ചെയ്യപ്പെടുന്ന കാലം. അറിയപ്പെടാന്‍ എല്ലാവര്‍ക്കും അവസരങ്ങളുള്ള കാലം. ഞാന്‍ തുടങ്ങിയ കാലത്തെ അവസ്ഥ ഇന്നുള്ളവര്‍ക്കില്ല,’ ശോഭന പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Actress Shobana About dance And Acting