‘മഴ’ എന്ന മ്യൂസിക്ക് ആല്‍ബത്തിലൂടെ ശ്രദ്ധയയായ നടിയാണ് ശിവദ എന്നറിയപ്പെടുന്ന ശ്രീലേഖ കെ.വി. മലയാളം, തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2009ല്‍ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ കേരള കഫേയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ശിവദ അഭിനയ ജീവിതം ആരംഭിച്ചത്.
പിന്നീട് നായികയായും സഹനടിയായും താരം തിളങ്ങിനിന്നു.
കല്ല്യാണം കഴിഞ്ഞത് കൊണ്ട് തന്നെവേണ്ട എന്ന് വെച്ച സിനിമകളുണ്ടെന്നും, കുഞ്ഞുള്ളത് കൊണ്ട് ഒരു ചെറിയ കഥാപാത്രം ചെയ്യാന്‍ തന്നെ വിളിച്ചുവെന്നും പറയുകയാണ് നടി ശിവദ. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘സു…സു… സുധി വാത്മീകം എന്ന സിനിമ വരെയാണ് ഞാന്‍ കല്ല്യാണത്തിന് മുമ്പ് ചെയ്തത്. ബാക്കി സിനിമകളെല്ലാം കല്ല്യാണത്തിന് ശേഷം ചെയ്തതാണ്. കൂടുതല്‍ പടങ്ങളും കല്ല്യാണത്തിന് ശേഷം ചെയ്ത പടങ്ങളാണ്.
മലയാള സിനിമകളില്‍ ഞാന്‍ ബ്രേക്ക് എടുത്തിരുന്നെങ്കിലും ആ സമയത്ത് ഞാന്‍ തമിഴ് ചെയ്യുന്നുണ്ടായിരുന്നു. മലയാളം ഇല്ലെങ്കില്‍ തമിഴ് ചെയ്യും, തമിഴ് ഇല്ലെങ്കില്‍ മലയാളം ചെയ്യും എന്ന ഒരു ബാലന്‍സ് എപ്പോഴുമുണ്ട്.
കല്ല്യാണം കഴിഞ്ഞതുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കല്ല്യാണം കഴിഞ്ഞ ആളാണല്ലോ എന്ന് പറഞ്ഞിട്ട് ഏകദേശം ഓക്കെയായ പ്രൊജക്ടിന്റെ പൂജ വരെ എത്തിയിട്ട് പിന്നെ എന്നെ വേണ്ട എന്ന് വെച്ച സിനിമകളുണ്ട്.
ആ ഒരു അനുഭവവും എനിക്കുണ്ടായിട്ടുണ്ട്. അതേസമയം, സംവിധായകന്‍ പ്രജീഷേട്ടന്‍, രഞ്ജിത്തേട്ടനെ പോലുള്ളവരൊക്കെ എന്നെ വിശ്വസിച്ച് ആ കഥാപാത്രം ശിവദ തന്നെ ചെയ്യണം, കല്ല്യാണം കഴിഞ്ഞു കുഞ്ഞുണ്ട് എന്നതല്ല പ്രശ്നം. നിങ്ങള്‍ ഈ കഥാപാത്രം ചെയ്യാന്‍ തയ്യാറാണെങ്കില്‍ ചെയ്യാം എന്ന് പറയുന്ന ആള്‍ക്കാരുമുണ്ട്.
എനിക്ക് കുട്ടിയുണ്ടായി എന്ന് അറിഞ്ഞപ്പോള്‍ തമിഴ് സിനിമയിലേക്ക് വിളിച്ചിരുന്നു. മാഡം ഞങ്ങള്‍ക്ക് പടത്തില്‍ ഒരു ചേട്ടത്തിമ്മയുടെ കഥാപാത്രമുണ്ടെന്ന് പറഞ്ഞു. ചേട്ടാ ഞാന്‍ ഇപ്പോള്‍ സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ അടുത്തടുത്തായി ചെയ്ത് കൊണ്ടിരിക്കുകയാണ്, എന്താണ് ഈ കഥാപാത്രത്തിന് എന്നെ വിളിക്കുന്നത് എന്ന് അവരോട് ചോദിച്ചു.