രഘു മേനോന്റെ സംവിധാനത്തില്‍ ശിവദ പ്രധാന കഥാപാത്രത്തിലെത്തിയ സിനിമയാണ് ജവാനും മുല്ലപ്പൂവും. മൊബൈല്‍ ഫോണിന്റെ ദുരുപയോഗത്തെ കുറിച്ച് സംസാരിക്കുന്ന സിനിമയാണത്. അമ്മയും മകളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും സിനിമ സംസാരിക്കുന്നുണ്ട്. സിനിമയിലെ പോലെ തന്നെയാണോ യഥാര്‍ത്ഥ ജീവിതത്തില്‍ മകളോട് പെരുമാറുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് ശിവദ.
തന്നേക്കാള്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മകളാണെന്നും റീല്‍സൊക്കെ ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണെന്നും അവര്‍ പറഞ്ഞു. റീല്‍സ് ചെയ്യാനൊക്കെ തന്നെ നിര്‍ബന്ധിക്കാറുണ്ടെന്നും എന്നാല്‍ തനിക്ക് ഒട്ടും താല്‍പര്യമില്ലാത്ത കാര്യമാണ് അതെന്നും റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ശിവദ കൂട്ടിച്ചേര്‍ത്തു.
‘സിനിമയിലെ മോളുടെ അത്രയും പ്രായം എന്റെ മകള്‍ക്കില്ലല്ലോ. എനിക്ക് തോന്നുന്നു എന്നേക്കാള്‍ കൂടുതല്‍ ഫോണെടുക്കുന്നത് അവളാണ്. കാരണം ഇപ്പോഴത്തെ പിള്ളാരൊക്കെ അങ്ങനെയാണ്. നമ്മള്‍ ഫോണ്‍ കൊടുക്കാതിരിക്കാന്‍ നോക്കും. പക്ഷെ അവള്‍ക്ക് റീല്‍സൊക്കെ ഭീകര ഇഷ്ടമാണ്. അമ്മാ റീല്‍ ചെയ്യാമെന്ന് എപ്പോഴും പറയും. എനിക്കാണെങ്കില്‍ ഒട്ടും വരത്തില്ലാത്ത ഒരു സാധനമാണത്.
പക്ഷെ ഇപ്പോള്‍ പടത്തിനൊക്കെ വേണ്ടി നിവൃത്തികേടുകൊണ്ട് നമ്മള്‍ ചെയ്ത് പോകാറുണ്ട്. പക്ഷെ മോള്‍ക്ക് ഭയങ്കര ഇഷ്ടമാണ്. ഡാന്‍സ് ചെയ്യുന്ന റീല്‍സൊക്കെ ഒരു പത്ത് ഇരുന്നൂര്‍ പ്രാവശ്യം കാണും. എന്നിട്ട് അവള്‍ അത് ചെയ്യും. എന്നെ വിളിച്ചിട്ട് അവള്‍ ചെയ്യുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്യാനൊക്കെ പറയും. അത് പതുക്കെ പതുക്കെ ഞാന്‍ മാറ്റി കൊണ്ട് വരികയാണ്.
ഷോപ്പിങ്ങിന് വേണ്ടി അധിക സമയമൊന്നും ഞാന്‍ പാഴാക്കാറില്ല. രാവിലെ ഷോപ്പിങ്ങിന് പോയാല്‍ രാത്രി പന്ത്രണ്ടരക്കൊക്കെ തിരിച്ച് വരുന്ന ആളായിരുന്നു ഞാന്‍. ഫ്രണ്ട്‌സിന്റെയൊക്കെ പോയി കഴിഞ്ഞാല്‍ വേറെ ലെവലായിരുന്നു നമ്മുടെ ഷോപ്പിങ്. പക്ഷെ ഹസ്ബന്റ് അങ്ങനെയല്ല. പിന്നെ കൂടെ വരുന്നയാള്‍ അങ്ങനെയൊരു രീതിയായതുകൊണ്ട് ഞാനും മാറി.
പിന്നെ മോള്‍ വന്നപ്പോള്‍, അവളെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റത്തതുകൊണ്ട് ഇരുപത് എന്നുള്ളത് പത്ത് മിനിട്ടായി കുറക്കാനാണ് നോക്കുന്നത്. എന്തെങ്കിലും കാണുമ്പോള്‍ ഇഷ്ടപ്പെട്ടാല്‍ ആദ്യം ട്രൈ ചെയ്ത് നോക്കും, ചിലപ്പോള്‍ ട്രൈ ചെയ്യാന്‍ പോലും നില്‍ക്കാറില്ല. ഇഷ്ടപ്പെട്ടാല്‍ എടുത്ത് കൊണ്ട് പോരും,’ ശിവദ പറഞ്ഞു.
content highlight: actress shivada talks about her phone addiction