Entertainment news
അമ്മൂമ്മേ എന്തുണ്ട് വിശേഷമെന്ന് നിവിന്‍ ചോദിച്ചു, എന്റമ്മോ ഞാനന്ന് വേഗം ഫോണ്‍ കട്ട് ചെയ്തു: ശിവദ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 13, 03:33 am
Thursday, 13th April 2023, 9:03 am

 

നിവിന്‍ പോളിയുമൊത്തുള്ള രസകരമായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി ശിവദ. ഇരുവരുടെയും അഭിനയത്തിന്റെ തുടക്കകാലത്തുണ്ടായ ചില സംഭവങ്ങളെ കുറിച്ചാണ് താരം സംസാരിക്കുന്നത്. തന്റെ പങ്കാളി മുരളിയുമൊത്ത് ഫോണില്‍ സംസാരിച്ചപ്പോള്‍ നിവിന്‍ പറഞ്ഞ കമന്റിനെ കുറിച്ചും പിന്നീട് നിവിനെ നേരില്‍ കണ്ടപ്പോഴുണ്ടായ അനുഭവവും താരം പങ്കുവെച്ചു.

മുരളിയുടെയും ശിവദയുടെ വിവാഹത്തിന് മുമ്പ് ഫോണില്‍ സംസാരിക്കുമ്പോള്‍, ആരാണ് സംസാരിക്കുന്നതെന്ന് നിവിന്‍ ചോദിച്ചുവെന്നും അമ്മൂമ്മയാണെന്നാണ് മുരളി നല്‍കിയ മറുപടിയെന്നും ശിവദ പറഞ്ഞു. പിന്നീട് നേരില്‍ കണ്ടപ്പോള്‍ അമ്മൂമ്മേ സുഖമാണോ എന്ന് നിവിന്‍ ചോദിച്ചുവെന്നും അമൃത ടി.വിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ സംസാരിക്കവെ ശിവദ പറഞ്ഞു.

‘നിവിന്‍ ശരിക്കും എന്റെ സുഹൃത്ത് എന്നതിലുപരി മുരളിയുടെ സുഹൃത്താണ്. മലര്‍വാടിയില്‍ അഭിനയിക്കുന്ന സമയത്ത് ഇവരെല്ലാം ഒരുമിച്ചുണ്ടായിരുന്നല്ലോ. ഇവര്‍ക്കന്ന് ക്യാമ്പൊക്കെ ഉണ്ടായിരുന്നു. ആ സമയത്തൊക്കെ ഞാനും മുരളിയും ഫോണിലൊക്കെ സംസാരിക്കുമായിരുന്നു. ചെറിയ രീതിയില്‍ റിലേഷന്‍ഷിപ്പൊക്കെ തുടങ്ങിയ സമയമായിരുന്നു.

ഫോണില്‍ സംസാരിക്കുമ്പോള്‍ നിവിന്‍ അവിടെയിരുന്ന് പറയുന്നതൊക്കെ എനിക്ക് കേള്‍ക്കാം. നിവിനും സിജുവും ഇവരൊക്കെ ഒരുമിച്ച് ഇരുന്നാണ് കഥകളൊക്കെ ഉണ്ടാക്കി വിനീതേട്ടന്റെ അടുത്ത് അവതരിപ്പിക്കുന്നത്. മാറി നിന്നാണ് മുരളി എന്നോട് ഫോണില്‍ സംസാരിക്കുന്നത്. അന്നാണെങ്കില്‍ എനിക്ക് നിവിനെ ഒന്നും അറിയില്ല. മുരളി ഇങ്ങനെ പേരൊക്കെ പറയുമെന്നേയുള്ളു.

അങ്ങനെ സംസാരിച്ച് കൊണ്ടിരുന്നപ്പോള്‍ നിവിന്‍ ചോദിച്ചു. എടാ ആരാ ഫോണില്‍ സംസാരിക്കുന്നതെന്ന്. അമ്മൂമ്മയാടാ എന്ന് മുരളി മറുപടി പറഞ്ഞു. നിന്റെ അമ്മൂമ്മയാണെങ്കില്‍ ഇങ്ങ് കൊണ്ടുവന്നേ എന്ന് നിവിന്‍ പറഞ്ഞു. എന്നിട്ട് ഫോണ്‍ തട്ടിപ്പറിച്ച് അമ്മൂമ്മേ എന്തുണ്ട് വിശേഷമെന്ന് നിവിന്‍ എന്നോട് ചോദിച്ചു(ചിരി). എന്റെ അമ്മോ, ഞാനന്ന് വേഗം ഫോണ്‍ കട്ട് ചെയ്തു.

പിന്നെ ഫാസില്‍ സാറിന്റെ പടത്തിന്റെ ഓഡീഷന് പോയപ്പോള്‍ മലര്‍വാടി ടീമെല്ലാം അവിടെ തന്നെയുണ്ടായിരുന്നു. അന്ന് ഫാസില്‍ സാറിന്റെ സിനിമയില്‍ ഞാന്‍ സെലക്ടായെന്ന് മുരളിയെ വിളിച്ച് പറയുന്നത് നിവിനാണ്. അങ്ങനെയാണ് ഞാനും ആ കാര്യം അറിയുന്നത്. ഇവരുടെ കൂടെയൊരു സീന്‍ ഞാന്‍ ഇനാക്ട് ചെയ്തു. എന്നിട്ട് അവരും പോയി, ഞാനും തിരികെ പോന്നു.

മുരളി പറഞ്ഞ ഒരു നിവിന്‍ മാത്രമേ എനിക്ക് അറിയുള്ളായിരുന്നു. കാരണം നമ്മള്‍ അന്ന് നിവിന്റെ പടമൊന്നും കണ്ടിട്ടില്ല. പടം ഇറങ്ങിയിട്ടുമില്ലായിരുന്നു. അത് കഴിഞ്ഞ് എന്നോട് ചോദിച്ചിരുന്നു, അമ്മൂമ്മേ സുഖമാണോ എന്ന്,’ ശിവദ പറഞ്ഞു.

content highlight: actress shivada share funny experience with nivin pauly