| Monday, 9th May 2022, 6:43 pm

സു...സു...സുധി വാത്മീകം റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷം വിളിച്ചപ്പോഴും ജയേട്ടന്‍ വിക്കുന്നുണ്ടായിരുന്നു: ശിവദ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയസൂര്യയുടെ ഹിറ്റ് ചിത്രങ്ങളില്ലൊന്നാണ് രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ‘സു…സു…സുധി വാത്മീകം. ശിവദയായിരുന്നു ചിത്രത്തിലെ നായിക.

രഞ്ജിത്ത് ശങ്കറും അഭയകുമാറും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. സുധീന്ദ്രന്‍ അവിട്ടത്തൂര്‍ എന്ന യഥാര്‍ത്ഥ വ്യക്തിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മിച്ചത്.

ഈ ചിത്രത്തിന് ജയസൂര്യയ്ക്ക് ദേശീയ അവാര്‍ഡും, കേരള സംസ്ഥാന പ്രത്യേക ജൂറി അവാര്‍ഡും ലഭിച്ചിരുന്നു.

നടന്‍ ജയസൂര്യയുടെ സിനിമയോടുള്ള സമര്‍പ്പണത്തെ കുറിച്ച് പറയുകയാണ് ശിവദ. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘സു…സു… സുധി വാത്മീകം എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി ജയേട്ടനൊപ്പം അഭിനയിച്ചത്. മേരി ആവാസ് സുനോ എന്ന പുതിയ ചിത്രത്തിലും ജയേട്ടനൊപ്പം വീണ്ടും അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.

ജയേട്ടനും അദ്ദേഹത്തിന്റെ ഭാര്യ സരിത ചേച്ചിയും എനിക്ക് കുടുബാംഗങ്ങളെ പോലെയാണ്. നമ്മളെ അത്രയും അറിയുന്ന ഒരാളും, എപ്പോഴും നമ്മളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരാളാണ് അദ്ദേഹം. എന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായി സപ്പോര്‍ട്ട് ചെയ്ത വ്യക്തിയാണ് ജയേട്ടന്‍. അതില്‍ എനിക്ക് ഭയങ്കര സന്തോഷമുണ്ട്.

മാത്രമല്ല, ഒരു നടന്‍ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹത്തിന്റെ വളര്‍ച്ചയും പരിവര്‍ത്തനവും കണ്ട വ്യക്തി എന്ന നിലയില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ ഒരുപാട് ആരാധിക്കുന്ന വ്യക്തിയാണ് ജയേട്ടന്‍. ഓരോ പടത്തിനും വേണ്ടി അദ്ദേഹം എടുക്കുന്ന പരിശ്രമവും, ഓരോ കഥാപാത്രത്തിന് വേണ്ടിയുള്ള സമര്‍പ്പണവും എപ്പോഴും എനിക്ക് പ്രചോദനം തന്നിട്ടുള്ള കാര്യമാണ്,’ ശിവദ പറഞ്ഞു.

സു…സു…സുധി വാത്മീകം സിനിമയിലെ സുധി എന്ന കഥാപാത്രത്തിന് വേണ്ടി ജയേട്ടന്‍ എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. കാരണം, സിനിമയുടെ റിലീസ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷവും ജയേട്ടനെ വിളിച്ചപ്പോഴും ചേട്ടന് ചെറിയ വിക്കുണ്ടായിരുന്നു. പുള്ളി മനപൂര്‍വം ചെയ്യുന്നതാണെന്ന് എനിക്ക് തോന്നിയിരുന്നു. ഇതുപോലെ ഓരോ കഥാപാത്രത്തിനും അത്രയും ഡെഡിക്കേഷന്‍ ജയേട്ടന്‍ കാണിക്കുന്നുണ്ട്,’ ശിവദ കൂട്ടിച്ചേര്‍ത്തു.

‘മേരി ആവാസ് സുനോ’ ആണ് ശിവദ അഭിനയിക്കുന്ന പുതിയ ചിത്രം. പ്രജേഷ് സെന്‍ തന്നെയാണ് തിരക്കഥ. ബി. രാകേഷാണ് നിര്‍മാണം. നിക്കി ഗല്‍റാണി, ജോണി ആന്റണി, സുധീര്‍ കരമന, ദേവിക സഞ്ജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംഗീതം എം. ജയചന്ദ്രനാണ്. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ഈ സിനിമ മെയ് 13ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Content Highlights: Actress Shivada about Jyasurya,  su su sudhi vathmeekam

We use cookies to give you the best possible experience. Learn more