Movie Day
എനിക്ക് വേണ്ടിയാണ് അദ്ദേഹം സ്വന്തം സ്വപ്നങ്ങള്‍ വേണ്ടെന്ന് വെച്ചത്, ഇടയ്ക്ക് കുറ്റബോധം തോന്നും: ശിവദ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 06, 10:01 am
Tuesday, 6th August 2024, 3:31 pm

മലയാളത്തിലും തമിഴിലും തിരക്കേറിയ നായികയാണ് ശിവദ. 2009 ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് ഇവര്‍ സിനിമ രംഗത്തേക്ക് കടന്ന് വരുന്നത്. മലയാളത്തിലും തമിഴിലുമായി അനവധി കഥാപാത്രങ്ങള്‍ ശിവദ ചെയ്തിട്ടുണ്ട്.

കല്യാണത്തിന് ശേഷം പല നായികമാരും സിനിമയില്‍ നിന്നും വിട്ടുനിന്ന് കുടുംബജീവിതത്തിലേക്ക് ഒതുങ്ങുന്നത് സ്ഥിരമായി കാണാറുണ്ടായിരുന്നു. എന്നാല്‍ നടന്മാരെപോലെ തന്നെ നടികള്‍ക്കും പ്രൊഫഷണല്‍ ലൈഫും പേര്‍സണല്‍ ലൈഫും ഒരുപോലെ കൊണ്ടുപോകാന്‍ കഴിയും എന്ന് തെളിയിക്കുകയാണ് ശിവദ.

2015 ല്‍ ആയിരുന്നു ശിവദയും മുരളിയും തമ്മിലുള്ള വിവാഹം. ഇരുവര്‍ക്കും അഞ്ച് വയസ്സ് പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്. സിനിമയില്‍ തിരക്കുവരുമ്പോള്‍ കുഞ്ഞിനെ ശ്രദ്ധിക്കാന്‍ കഴിയാറില്ലെന്നും അപ്പോഴൊക്കെ തനിക്ക് കുറ്റബോധം തോന്നാറുണ്ടെന്നും പറയുകയാണ് ഐ ആം വിത്ത് ധന്യ വര്‍മ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശിവദ.

‘മകള്‍ ഉണ്ടായ ശേഷം മോളെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നോര്‍ത്ത് കുറ്റബോധം തോന്നും. പ്രൊഫഷണല്‍ ലൈഫും പേഴ്‌സണല്‍ ലൈഫും തമ്മില്‍ ക്ലാഷ് ഇടക്കൊക്കെ ഉണ്ടാകാറുണ്ട്. ചില സമയത്ത് എനിക്ക് മോളുടെ കൂടെ ഉണ്ടാകാന്‍ പറ്റാറില്ല. അവളുടെ സ്‌പെഷ്യല്‍ ഡേ ആണെങ്കില്‍കൂടി ചിലപ്പോള്‍ കഴിയാറില്ല. നൈറ്റ് ഷൂട്ടെല്ലാമുള്ളപ്പോള്‍ മോളെയും കൂടെ കൂട്ടുമായിരുന്നു.’ശിവദ പറയുന്നു.

പ്രൊഫഷണല്‍ ജീവിതവും കുടുംബ ജീവിതവും തമ്മില്‍ ഇടക്കൊക്കെ ഏറ്റുമുട്ടലുണ്ടാകാറുണ്ടെന്നും അപ്പോഴെല്ലാം തനിക്ക് കൂട്ടാകുന്നത് ഭര്‍ത്താവാണെന്നും ശിവദ പറയുന്നു.

‘എന്റെ ലൈഫില്‍ എല്ലാം ട്രാന്‍സ്പരന്റായി തുറന്ന് പറഞ്ഞിരിക്കുന്നത് എന്റെ ഭര്‍ത്താവിനോടാണ്. നല്ലവശവും ചീത്തവശവും എല്ലാം അദ്ദേഹത്തിനറിയാം. എനിക്കുവേണ്ടിയാണ് അദ്ദേഹം സ്വന്തം സ്വപ്നങ്ങള്‍ വേണ്ടെന്ന് വെച്ചത്’, ശിവദ പറയുന്നു.

സിനിമയില്‍ വന്ന് കുറച്ചു കാലത്തിനു ശേഷം തന്നെ ശിവദ വിവാഹിതയായി. വിവാഹശേഷവും അവര്‍ സിനിമ തിരക്കുകളിലേക്ക് മടങ്ങുകയായിരുന്നു. തന്റെ ഈ തിരക്കുകള്‍ക്കിടയില്‍ മകളുടെ കാര്യങ്ങളില്‍ വേണ്ടപോലെ ശ്രദ്ധിക്കാന്‍ കഴിയാറില്ലെന്നും ഇവിടെയെല്ലാം ഭര്‍ത്താവ്, തന്റെ ഭാഗം കൂടെ ചെയ്യാറുണ്ടെന്നും ശിവദ അഭിമുഖത്തില്‍ പറയുന്നുണ്ട്.

സു…സു..സുധി വാത്മീകം, ശിക്കാരി ശംഭു, ഇടി, അച്ചായന്‍സ്, കേരള കഫേ തുടങ്ങി ഒരുപാട് മലയാള സിനിമകളില്‍ ശിവദ അഭിനയിച്ചിട്ടുണ്ട്. രാമന്റെ ഏഥന്‍ തോട്ടം എന്ന സിനിമയില്‍ നടി അനു സിത്താരക്ക് ശബ്ദം നല്‍കിയതും ശിവദയാണ്.

Content Highlight: Actress Shivada about Her Personal and Proffessional Life