|

മോഹന്‍ലാലിനെ ചൂണ്ടി ഇതാരാണെന്ന് ചോദിച്ചപ്പോള്‍ മഞ്ജു ചേച്ചി എന്നായിരുന്നു മറുപടി: ശിവദ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം, തമിഴ് എന്നീ ഭാഷകളില്‍ നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള താരമാണ് ശിവദ. മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും തന്റെ മകള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തപ്പോഴുണ്ടായ രസകരമായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍. മേരി ആവാസുനോ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് മഞ്ജുവിനെ പരിചയപ്പെടുത്തിയതെന്നും അവസാനം അവര്‍ നല്ല കൂട്ടായെന്നും താരം പറഞ്ഞു.

ട്വല്‍ത്ത് മാന്‍ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് മോഹന്‍ലാലിനെ പരിചയപ്പെടുത്താന്‍ പോയതെന്നും മോഹന്‍ലാലിനെ ചൂണ്ടി ഇതാരായെന്ന് ചോദിച്ചപ്പോള്‍ മഞ്ജു ചേച്ചിയെന്നാണ് മകള്‍ മറുപടി പറഞ്ഞതെന്നും ശിവദ പറഞ്ഞു. അമൃത ടി.വിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ എന്റെ മകള്‍ക്ക് മോഹന്‍ലാലിനെയും മഞ്ജു ചേച്ചിയേയും പരിചയപ്പെടുത്തി കൊടുത്തിരുന്നു. ഇതാരാ എന്ന് ചോദിക്കാതിരിക്കാന്‍ വേണ്ടി നേരത്തെ തന്നെ മഞ്ജു ചേച്ചിയുടെ പരസ്യമൊക്കെ ഞാന്‍ കാണിച്ച് കൊടുത്തിരുന്നു. മേരി ആവാസുനോ എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു ഇതൊക്കെ സംഭവിച്ചത്. അവസാനം അവര്‍ നല്ല കൂട്ടായി. സെറ്റില്‍ ഹൈഡ് ആന്‍ഡ് സീക്കൊക്കെ അവര്‍ കളിക്കുമായിരുന്നു.

ഈ ആത്മവിശ്വാസവുമായിട്ടാണ് ട്വല്‍ത്ത് മാന്‍ സിനിമയുടെ ലൊക്കേഷനില്‍ മോള്‍ക്ക് ലാലേട്ടനെ പരിചയപ്പെടുത്തി കൊടുക്കാനായിട്ട് പോയത്. മോഹന്‍ലാലിനെ അവള്‍ക്ക് നേരത്തെ തന്നെ ടി.വിയില്‍ കണ്ട് പരിചയമുണ്ടായിരുന്നു. പക്ഷെ ഇതാരായെന്ന് അവളോട് ചോദിച്ചപ്പോള്‍ മഞ്ജു ചേച്ചി എന്നാണ് മറുപടി പറഞ്ഞത്.

അത് കേട്ടപ്പോള്‍ ഞാന്‍ ഇല്ലാതായി പോയി. ഇത്രയും വ്യക്തവും സ്പഷ്ടവുമായി എന്നെ ആരും തിരിച്ചറിഞ്ഞിട്ടില്ല എന്നായിരുന്നു ലാലേട്ടന്റെ മറുപടി. ശരിക്കും ഞാന്‍ ഉരുകിയില്ലാതെയായി പോയി,’ ശിവദ പറഞ്ഞു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാനാണ് ശിവദ ഒടുവില്‍ അഭിനയിച്ച മലയാളം സിനിമ. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ചന്തുനാഥ്. സൈജു കുറുപ്പ്, അനുശ്രീ, അനു സിത്താര തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

content highlight: actress shivada about her daughter