2009 ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ശിവദ. കരിയറിന്റെ തുടക്കത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീടങ്ങോട്ട് മലയാളത്തിലും തമിഴിലുമായി മികച്ച കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷകര്‍ക്ക് ഇവര്‍ സുപരിചിതായി.
സിനിമയിലേക്ക് എളുപ്പത്തില്‍ വന്നൊരാളല്ല താനെന്നും നിരവധി ഓഡിഷനുകള്‍ക്ക് പങ്കെടുത്തിട്ടുണ്ടെന്നും പലതില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ടെന്നും ശിവദ പറയുന്നു. നീലത്താമരയും പാലേരി മാണിക്യവുമാണ് ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടത്. ഐ.ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ശിവദ.
‘സിനിമയിലേക്കുള്ള ആഗ്രഹം കൂടിയപ്പോള്‍ എത്ര ഓഡിഷനാണ് കൊടുത്തതെന്ന് എനിക്കുതന്നെ അറിയില്ല. ഒരുപാട് ഓഡിഷനുകള്‍ക്ക് കൊടുത്തു. അതുകൊണ്ടുതന്നെ ആകാം കേരള കഫേയിലേക്ക് ലാന്‍ഡ് അപ്പ് ആയത്. ലാല്‍ ജോസ് സാറിന്റെ നീലത്താമരയിലേക്കും രഞ്ജിത് സാറിന്റെ പാലേരി മാണിക്യത്തിലേക്കുമെല്ലാം കൊടുത്തതാണ്. അതൊന്നും എനിക്ക് കിട്ടിയില്ല. അവസാനം ലാല്‍ ജോസ് സാറും രഞ്ജിത് സാറും ഒന്നിച്ചു ചെയ്ത കേരള കഫേയിലേക്ക് എത്തി.’ ശിവദ പറയുന്നു.
യാതൊരു വിധ സിനിമ പാരമ്പര്യങ്ങളും ഇല്ലാതെ സിനിമയിലേക്ക് വന്ന ആളാണ് ശിവദ. ഓഡീഷനുകളാണ് തനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നതെന്നും ചാനലില്‍ വി.ജെ ആയതുമുതലാണ് സിനിമ എന്ന ആഗ്രഹം വന്നതെന്നും ശിവദ പറയുന്നു.
‘എഞ്ചിനീയറിംഗ് കഴിഞ്ഞു ക്യാമ്പസ് സെലക്ഷനില്‍ എനിക്കും മുരളിക്കും ജോലി കിട്ടിയിരുന്നു എങ്കിലും പോയില്ല. സിനിമയായിരുന്നു മനസ്സ് മുഴുവന്‍. ഹസ്‌ബെന്റിനും സിനിമയായിരുന്നു താല്പര്യം. അദ്ദേഹം വഴിയാണ് പോര്‍ട്ട്‌ഫോളിയോ എന്താണെന്നൊക്കെ അറിയുന്നത്. ആള്‍ക്ക് അപ്പോള്‍ മുതലേ സിനിമ എന്ന ആഗ്രഹങ്ങളും കാര്യങ്ങളുമെല്ലാം ഇണ്ടായിരുന്നു.
എനിക്കാണെങ്കില്‍ വി.ജെ.ആയ സമയം മുതലാണ് സിനിമ എന്ന ആഗ്രഹം വരുന്നത്. വി.ജെ ആയപ്പോള്‍ എല്ലാ ആഴ്ചയും റിലീസ് ആകുന്ന പുതിയ സിനിമകളുടെ സംവിധായകരും അഭിനേതാക്കളും ഉള്ള ഇന്റര്‍വ്യൂ ഉണ്ടാകും. അവരെ കണ്ടുകൊണ്ടാണ് സിനിമയിലേക്ക് വന്നാല്‍ കൊള്ളാമെന്നും സിനിമ എന്നത് വേറെന്തോ ലോകമാണെന്നുള്ള ചിന്തയൊക്കെ മാറിയത്. അങ്ങനെയാണ് ഓഡിഷനുകള്‍ക്ക് കൊടുക്കാന്‍ തുടങ്ങുന്നതും കേരള കഫേയിലേക്ക് എത്തുന്നതും.’ ശിവദ പറയുന്നു.
പത്ത് ഹ്രസ്വ ചിത്രങ്ങളുടെ സമാഹാരമായ ചലച്ചിത്രമാണ് കേരള കഫേ. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് 10 സംവിധായകരും 10 സിനിമാറ്റോഗ്രാഫര്‍മാരും 10 സംഗീതസംവിധായകരും ചേര്‍ന്ന് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരുന്നത്.
മലയാളത്തിലെ ഒരു വലിയ താര നിര അണിനിരന്ന ചിത്രം കൂടിയാണ് കേരള കഫേ. മമ്മൂട്ടി, പൃഥ്വിരാജ്, സുരേഷ് ഗോപി, ദിലീപ്, ജയസൂര്യ, ജഗതി തുടങ്ങിയവര്‍ ഈ സിനിമയില്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ശിവദയെ പോലെ ഒട്ടനവധി പുതുമുഖങ്ങള്‍ക്കും കേരള കഫേ സിനിമയിലേക്കുള്ള വഴി തുറന്നുകൊടുത്തിട്ടുണ്ട്.
എം.ടി. വാസുദേവന്‍ നായര്‍ എഴുതി ലാല്‍ ജോസ് സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് നീലത്താമര. കൈലാഷ്, അര്‍ച്ചന കവി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മമ്മൂട്ടി, ശ്വേത മേനോന്‍, മൈഥിലി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് രഞ്ജിത്ത് സംവിധാനം ചെയ്ത് 2009-ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ. ടി.പി. രാജീവന്‍ ഇതേ പേരില്‍ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ സിനിമ.
കേരള കഫെക്ക് ശേഷം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും അറിയപ്പെടുന്ന നായികയായി ശിവദ മാറി. രാമന്റെ ഏഥന്‍ തോട്ടം എന്ന സിനിമയില്‍ അനു സിത്താരക്ക് ശബ്ദം നല്‍കി വോയിസ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെട്ടു.
Content Highlight: actress Shiva About Her Audition experiance and missed movies