Sports Entertainment
നിങ്ങളുടെ മകള്‍ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അറിഞ്ഞാലെന്ത് ചെയ്യുമെന്ന് ദിലീഷ് പോത്തന്‍ ചോദിച്ചു: ഷൈനി സാറ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 12, 06:32 am
Thursday, 12th January 2023, 12:02 pm

 

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഷൈനി സാറ. താരത്തെ സിനിമയില്‍ കാണിക്കുന്ന ആദ്യ സീന്‍ ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തുവെക്കുന്നുണ്ട്. സിനിമയില്‍ അനുശ്രീയുടെ അമ്മയുടെ വേഷത്തിലാണ് ഷൈനിയെത്തിത്. എങ്ങനെയാണ് ആ സീന്‍ ഷൂട്ട് ചെയ്തതെന്ന് പറയുകയാണ് ഷൈനി സാറ. വലിയൊരു ആള്‍ക്കൂട്ടത്തിന്റെ നടുവിലായിരുന്നു ആദ്യത്തെ സീന്‍ ഷൂട്ട് ചെയ്തതെന്നും എന്നാല്‍ ദൈവാനുഗ്രഹം കൊണ്ട് അത് നന്നായി ചെയ്യാന്‍ കഴിഞ്ഞെന്നും താരം പറഞ്ഞു.

മഹേഷിന്റെ പ്രതികാരം ഷൂട്ട് ചെയ്യുമ്പോള്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും അഭിനേതാക്കളുമായി എല്ലായ്‌പ്പോഴും ചര്‍ച്ചകള്‍ നടത്താറുണ്ടായിരുന്നെന്നും ഷൈനി പറഞ്ഞു. ഒരുപാട് കാലത്തിന് ശേഷമാണ് മലയാളത്തില്‍ അത്രയും ഫ്രഷായ ഒരു സിനിമ വരുന്നതെന്നും താരം പറഞ്ഞു. സെന്‍സേഷന്‍ എന്റര്‍ടെയിന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈനി സാറ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘എന്തോ ദൈവാനുഗ്രഹം പോലെയാണ് മഹേഷിന്റെ പ്രതികാരത്തില്‍ ഞാന്‍ അഭിനയിക്കുന്നത്. ആദ്യ ഷോട്ട് തന്നെ ആള്‍കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ട് ചെയ്തത്. ‘മോളേ സണ്ണി പാപ്പന്‍ പോയെടി’ എന്ന് പറഞ്ഞ് കരയുന്ന സീനാണ് എടുത്തത്. അത് ഷൂട്ട് ചെയ്യുമ്പോള്‍ ഇടുക്കിക്കാര്‍ മുഴുവനും അവിടെയുണ്ടായിരുന്നു. സണ്ണിച്ചായന്‍ അവിടെ മരിച്ച് കിടക്കുന്നുമുണ്ട്. അവിടേക്ക് അനുശ്രീ ഇറങ്ങി വരുമ്പോള്‍ ഞാന്‍ ഓടി പോയി കെട്ടിപിടിച്ച് കരയുന്നതായിരുന്നു സീന്‍. ഒരു പ്രശ്‌നവുമില്ലാതെ ഞാന്‍ അത് ചെയ്തു.

സിനിമയില്‍ ഇവരുടെ പ്രണയം പ്രേക്ഷകര്‍ തിരിച്ചറിയുന്നത് ആ മരണ വീട്ടില്‍ വെച്ചാണ്. പിന്നെ ആ സിനിമയില്‍ എനിക്ക് പ്രാധാന്യം കിട്ടുന്ന മറ്റൊരു സീന്‍ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞാല്‍ തീരുന്ന പ്രശ്‌നമേ നിനക്കുള്ളു എന്നുപറയുന്നതായിരുന്നു. മഹേഷിന്റെ പ്രതികാരത്തില്‍ എനിക്ക് അത്യവശ്യം നല്ല പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് കിട്ടിയത്.

കാരണം അത് അങ്ങനെയൊരു കഥയായിരുന്നു. കുറേ കാലത്തിന് ശേഷമാണ് അത്രയും നാച്വറലായിട്ടുള്ള ഒരു സിനിമ മലയാളത്തില്‍ വന്നത്. അതിന്റെ ഫ്രഷ്‌നസ് എന്തായാലും ആ സിനിമക്കുണ്ടായിരുന്നു. ഓരോ കാര്യവും ഞങ്ങളെ വിളിച്ചിരുത്തി ഡിസ്‌കസ് ചെയ്യുമായിരുന്നു. എന്നൊയൊക്കെ വിളിച്ച് മാറ്റിയിരുത്തി ശ്യം പുഷ്‌കര്‍ജിയും ദിലീഷ് സാറും സീന്‍ ഡിസ്‌കസ് ചെയ്യുമായിരുന്നു.

അത് കഴിഞ്ഞ് അനുശ്രീയെ വിളിക്കും അവളോടും സജഷന്‍സൊക്കെ ചോദിക്കും. നിങ്ങളുടെ മകള്‍ക്ക് വേറെയൊരു ബന്ധമുണ്ടെന്ന് അറിയുമ്പോള്‍ എന്തായിരിക്കും ചെയ്യുകയെന്ന് എന്നോട് ചോദിച്ചു. അങ്ങനെയൊക്കെ ഡിസ്‌കഷന്‍ നടത്തിയാണ് ആ സിനിമ ചെയ്തത്,’ ഷൈനി സാറ പറഞ്ഞു.

content highlight: actress shiny sara about maheshinte prathikaram movie