| Tuesday, 1st November 2022, 11:29 am

ബേസിലിന്റെ ചേച്ചിയായി അഭിനയിക്കാന്‍ കാസ്റ്റ് ചെയ്യാന്‍ വരുമോയെന്ന് ഫോണിലൂടെയാണ് ചോദിച്ചത്, കേട്ടപ്പോള്‍ പെട്ടെന്ന് ഞാന്‍ ഞെട്ടി: ശീതള്‍ സക്കറിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിപിന്‍ ദാസ് സംവിധാനം ചെയ്ത് തിയേറ്ററില്‍ മികച്ച പ്രതികരണം തേടി മുന്നേറുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത ചിത്രമാണെന്നാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന പ്രതികരണം. നല്ല പ്രകടനമാണ് ചിത്രത്തിലേ ഓരോ കഥാപാത്രങ്ങളും കാഴ്ചവെച്ചത്.

രാജ്ഭവനിലേ രാജേഷിന്റെ ചേച്ചിയായ രാജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശീതള്‍ സക്കറിയയാണ്. ജയ ജയ ജയ ജയ ഹേയില്‍ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് ശീതള്‍. ഫോണിലൂടെ ഡയറക്ടര്‍ വിപിന്‍ ദാസ് വിളിക്കുകയായിരുന്നെന്നും ബേസിലിന്റെ ചേച്ചിയായി കാസ്റ്റ് ചെയ്യാന്‍ വരുമോയെന്ന് ചോദിച്ചപ്പോള്‍ പെട്ടെന്ന് ഞെട്ടിയെന്നും ശീതള്‍ പറഞ്ഞു.

”വിപിന്‍ ചേട്ടന്‍ ആദ്യമേ പറഞ്ഞിരുന്നു ഭയങ്കര സൈലന്റായിട്ടുള്ള കഥാപാത്രമാണെന്ന്. ഒരുപാട് ഡയലോഗുകളോ ബഹളങ്ങള്‍ ഒന്നുമില്ലെന്ന് പറഞ്ഞിരുന്നു. പക്ഷേ വലിയ പ്രതിഫലനമുണ്ടാക്കുന്ന കഥാപാത്രമാണെന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നു.

ഇന്നത്തെ കാലത്തെ പെണ്‍കുട്ടികളെപ്പോലെയുള്ള കഥാപാത്രമാണെന്നും ഭര്‍ത്താവിനോട് പിണങ്ങി വീട്ടില്‍ വന്ന് നില്‍ക്കുകയാണെന്നും വിപിന്‍ ചേട്ടന്‍ ആദ്യമേ അറിയിച്ചതാണ്. ബേസിലിന്റെ ചേച്ചിയായി അഭിനയിക്കാന്‍ ഒന്ന് കാസ്റ്റ് ചെയ്യാന്‍ വരുമോയെന്ന് ഡയറക്ടായി കോള്‍ ചെയ്യുകയായിരുന്നു. പെട്ടെന്ന് ഞാന്‍ ഒന്ന് ഞെട്ടി. പിന്നെ ഓക്കെ ആയി.

എല്ലാരും നല്ല വൈബായിരുന്നു. അമ്മയായി അഭിനയിച്ച കനകമ്മ അസാധ്യ ആക്ടറാണ്. ഷൂട്ടില്‍ എല്ലാവര്‍ക്കും ചക്ക തിന്നല്‍ തന്നെയായിരുന്നു പണി. ആടുത്തുളള വീട്ടില്‍ എല്ലാം പോയി ചക്ക തീര്‍ത്തിട്ടുണ്ട്.

വിപിന്‍ ചേട്ടനും ബേസിലും നന്നായി സപ്പോര്‍ട്ട് ചെയ്തു. ബേസില്‍ ഏട്ടനെ കൊണ്ട് ഒരു രക്ഷയുമില്ല. അദ്ദേഹം അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ ബാക്കില്‍ ഇരുന്ന് ഫുള്‍ ചിരിയാണ്. പലതും ചേട്ടന്‍ കയ്യില്‍ നിന്ന് എടുത്ത് ഇടുന്നതാണ്. സിനിമയില്‍ സംസാരിക്കുന്നത് കുറച്ച് റിസ്‌ക്ക് ആയിരുന്നു. ആ സ്ലാങ് പിടിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു,” ശീതള്‍ പറഞ്ഞു.

content highlight: actress sheethal zackaria shares the experience in the movie jaya jaya jaya jaya hey

We use cookies to give you the best possible experience. Learn more