| Monday, 30th October 2023, 10:25 pm

'സ്ത്രീകൾക്ക് സിനിമ ഒരിക്കലും പെർമനന്റ് അല്ല; പല നടിമാരും കഥാപാത്രങ്ങളില്ലാതായി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടവരാണ്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്ത്രീകൾക്ക് സിനിമ ഒരിക്കലും പെർമനന്റ് അല്ലെന്ന് നടി ഷീലു എബ്രഹാം. സ്ത്രീകൾ എത്ര നന്നായി പെർഫോം ചെയ്താലും ഒരു പ്രായം കഴിഞ്ഞാൽ തങ്ങളെ ആർക്കും വേണ്ടെന്ന് ഷീലു എബ്രഹാം പറയുന്നു. സ്ത്രീകൾക്ക് ഇൻഡസ്ട്രിയൽ കുറച്ചു വർഷമേ പിടിച്ചുനിൽക്കാൻ പറ്റുകയുള്ളൂയെന്നും പിന്നെ വല്ല ക്യാരക്ടർ റോളിലേക്ക് ഒതുങ്ങി പോകുമെന്നും ഷീലു പറയുന്നുണ്ട്. കഥാപാത്രങ്ങളില്ലാതായി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോയവരാണ് പല നടിമാരെന്നും ഷീലു കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘സിനിമയെ പോലും ഞാൻ സീരിയസ് ആയിട്ട് എടുത്തിട്ടില്ല. അതിനാൽ വളരെ ലിമിറ്റഡ് ആയിട്ടുള്ള രീതിയിലാണ് ഞാൻ സിനിമയിൽ വരാറുള്ളത്. ഞാൻ കൂടുതൽ ഇൻവോൾവ്ഡ് ആവാതിരിക്കാനുള്ള കാരണം അഭിനയിക്കുന്നത് ഒരുപാട് ഫ്രസ്ട്രേഷൻ തരുന്ന സംഭവമാണ്. സിനിമ ഒരിക്കലും പെർമനന്റ് അല്ല, പ്രത്യേകിച്ചും സ്ത്രീകൾക്ക്. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം കുറച്ചൊക്കെ പിടിച്ചുനിൽക്കാൻ പറ്റും.

സ്ത്രീകളെ സംബന്ധിച്ചോളം എത്ര പെർഫോം ചെയ്തു എന്ന് പറഞ്ഞാലും സിനിമ ഹിറ്റായാൽ മാത്രമേ നോട്ടീസ് ചെയ്യുകയുള്ളൂ, ഹിറ്റല്ലാതായിക്കഴിഞ്ഞാൽ നമ്മളെ ആർക്കും വേണ്ട. ഹിറ്റായി കഴിഞ്ഞാൽ നമുക്ക് മൂന്നാല് സിനിമകളിൽ കൂടി വേഷം തരും.

ഒരു സിനിമയിൽ ഞാൻ ഒരു കഥാപാത്രം ചെയ്തിട്ട് ഹിറ്റ് ആവുകയാണെങ്കിൽ അടുത്ത സിനിമയിലും ആ രീതിയിലുള്ള കഥാപാത്രമാണ് എനിക്ക് വരുക. അങ്ങനെയുള്ള മൂന്നാല് സിനിമകളിൽ തുടർച്ചയായിട്ട് നമ്മളെ വിളിക്കും. പിന്നെ പുതിയ ആള് സിനിമ ചെയ്ത് ഹിറ്റായിട്ട് വരുമ്പോൾ അവരെ വിളിക്കും. സ്ത്രീകൾക്ക് ഇൻഡസ്ട്രിയൽ കുറച്ചു വർഷമേ പിടിച്ചുനിൽക്കാൻ പറ്റുകയുള്ളൂ.

പിന്നെ വല്ല ക്യാരക്ടർ റോളിലേക്കും ഒതുങ്ങും. സിനിമ വീണ്ടും ചെയ്യണം എന്നുള്ളവർക്ക് അമ്മ റോളിലേക്ക് പോകും. കല്യാണം കഴിഞ്ഞ് നിർത്തണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കഥാപാത്രങ്ങളില്ലാതായി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോയവരാണ് പലരും. അതുപോലെ വയസ്സ് ഒരു തടസ്സമായി നിൽക്കുന്നു. സ്ത്രീയുടെ കാര്യത്തിൽ വയസ്സ് ഒരു പ്രശ്നമാണ്. പുരുഷന്മാരുടെ കാര്യത്തിൽ അങ്ങനെയല്ല.

വെറുതെ ഇരുന്നിട്ട് പറയാം സ്ത്രീകൾക്ക് ഏത് പ്രായത്തിലും കഥാപാത്രങ്ങൾ കിട്ടും എന്നത്. ഒരു പ്രായം എത്തിക്കഴിഞ്ഞാൽ അവർക്ക് ആയിട്ടുള്ള ആളുകളെ മതി. വയസ്സ് നോക്കിയിട്ടാണ് അവർ സ്ക്രിപ്റ്റ് എഴുതുന്നത് പോലും. എന്നാൽ പുരുഷന്മാരുടെ കാര്യത്തിൽ വ്യത്യാസമാണ് ഒത്തിരി ഇളവുകൾ കിട്ടുന്നുണ്ട്.

സോഷ്യൽ മീഡിയ എടുത്തു നോക്കിയാൽ ഒരു 30 കഴിഞ്ഞ സ്ത്രീകളുടെ ഫോട്ടോയുടെ കമന്റ്സ് എടുത്തു നോക്കിയാൽ അമ്മച്ചി, ആന്റി, കിളവി, തായ് കിളവി അങ്ങനെയുള്ള കമെന്റുകൾ നമുക്ക് കാണാൻ പറ്റും. യങ് ആയിട്ടുള്ള പെൺകുട്ടികളുടെ പോസ്റ്റിനു താഴെ അമ്മച്ചി എന്നൊക്കെ പറഞ്ഞ കമൻറ് ഇട്ട് അവഹേളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
പുരുഷന്മാരുടെ കാര്യങ്ങൾ എടുത്തു നോക്കിയാൽ അവരെ അപ്പൂപ്പൻ എന്നോ അമ്മാവൻ എന്നോ കിളവൻ എന്നോ വിളിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എത്ര വയസ്സ് ഉള്ളവരാണെകിലും,’ ഷീലു എബ്രഹാം പറഞ്ഞു.

Content Highlight: Actress Sheelu Abraham says that cinema is never permanent for women

We use cookies to give you the best possible experience. Learn more