| Tuesday, 31st October 2023, 9:00 pm

ഞാൻ ചെയ്ത കഥാപാത്രങ്ങൾ ശരിക്കും നന്നായിട്ടല്ല ആളുകൾ കൊള്ളാമെന്ന് പറയുന്നത്: ഷീലു എബ്രഹാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിൽ ആർട്ടിസ്റ്റുകൾ ടൈപ്പ് കാസറ്റ് ചെയ്യപെടുന്നുണ്ടെന്ന് പറയുകയാണ് നടി ഷീലു എബ്രഹാം. താൻ ചെയ്ത പൊലീസ് കഥാപാത്രങ്ങൾ ആളുകൾക്ക് ഇഷ്ടപ്പെടുന്നത് അത് നന്നായത് കൊണ്ടെല്ലെന്നും അത് ആളുകളുടെ മൈൻഡ് സെറ്റ് ആണെന്നും ഷീലു പറഞ്ഞു.

ഒരു സിനിമയിലെ ഒരു കഥാപാത്രം വലിയ കുഴപ്പമില്ലാതെ വന്നാൽ ഇൻഡസ്ട്രിയിലെ എല്ലാവരും മുദ്രകുത്തി വെക്കുകയാണ് ഇവർ ഇന്ന ക്യാരക്ടറിന് എന്ന് ടൈപ്പ് കാസറ്റ് ചെയ്യുകയാണെന്നും ഷീലു പറയുന്നുണ്ട്. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ ശരിക്കും ആളുകൾ അത് നന്നായിട്ടല്ല കൊള്ളാമെന്ന് പറയുന്നത്. ആൾക്കാരുടെ മൈൻഡ് സെറ്റ് എന്താണെന്ന് വെച്ചാൽ, ഒരു സിനിമയിലെ ഒരു കഥാപാത്രം ചെയ്തു വലിയ കുഴപ്പമില്ലാതെ വന്നാൽ ഇൻഡസ്ട്രിയിലെ എല്ലാവരും മുദ്രകുത്തി വെക്കുകയാണ് ഇവർ ഇന്ന ക്യാരക്ടറിന് എന്നത്. ഇവൾ ഇനി മുതൽ ഡോക്ടർ, അല്ലെങ്കിൽ പോലീസ് ഇങ്ങനെ ടൈപ്പ്‌ കാസ്റ്റ് ചെയ്ത് വെക്കുകയാണ്. അങ്ങനെയുള്ള ടൈപ്പ് കാസ്റ്റിങ് എപ്പോഴും സിനിമയിലുണ്ട്.

ഞാൻ ‘പുതിയ നിയമം’ സിനിമയിൽ പോലീസ് വേഷം ചെയ്ത് കുറച്ചു നല്ല കമന്റ്സ് ഒക്കെ വന്നിട്ടുണ്ടാകും. അതുകൊണ്ടായിരിക്കുമല്ലോ വീണ്ടും ‘പുത്തൻ പണ’ത്തിൽ രഞ്ജിത്ത് സാർ എനിക്ക് പോലീസ് വേഷം തന്നത്. പിന്നെയും കുറെ പോലീസ് വേഷം ചെയ്തു. ഇതൊന്നും ഞാൻ അങ്ങോട്ട് പോയി വാങ്ങിച്ചതല്ല. എനിക്ക് വന്നത് അതാണ്, അത് ഞാൻ ചെയ്യുന്നു. ആൾക്കാരുടെ മനസ്സിൽ നമ്മളെ പോലീസ് ആയിട്ട് കാണുമ്പോൾ സൈക്കോളജിക്കലി അത് മനസിൽ രജിസ്റ്റർ ആണ്. ഞാൻ അതിന്റെ ഓപ്പോസിറ്റ് ക്യാരക്ടർ ചെയ്തു കഴിഞ്ഞാൽ അവർ അത് അക്സെപ്റ്റ് ചെയ്യുകയില്ല.

കുറേ ആർട്ടിസ്റ്റുകളെ ഇങ്ങനെ ടൈപ്പ് കാസ്റ്റ് ചെയ്ത് അവരിലെ ആർട്ടിസ്റ്റ് മരിച്ചിട്ടുണ്ട്. ഞാൻ മോഡേൺ ലുക്കിൽ ഒരു ഫോട്ടോഷൂട്ട് ചെയ്തു. ആരും എന്നെ അങ്ങനെ കണ്ടിട്ടില്ല എന്ന് പറഞ്ഞു. എനിക്ക് വലിയ സംഭവമായിട്ട് തോന്നുന്നില്ല. പോലീസ് വേഷത്തിൽ നിന്നും ഒരു വിഭിന്നമായിട്ട് ഒരു കഥാപാത്രം ചെയ്തു എന്ന് വെച്ച് എനിക്കത് വലിയ സംഭവമായിട്ട് തോന്നുന്നില്ല. എല്ലാ മനുഷ്യരെയും നമുക്ക് എന്തുമാക്കാൻ പറ്റും. ഒരു ക്യാമറയുടെ മുന്നിൽ നിന്നിട്ട് ഡയലോഗ് പറഞ്ഞ് പെർഫോം ചെയ്യാൻ പറ്റുന്ന ആർട്ടിസ്റ്റിന് ഏത് ക്യാരക്ടറും ക്യാരി ചെയ്യാൻ പറ്റും എന്നുള്ള വിശ്വാസമാണ് എനിക്കുള്ളത്.

ആ വിശ്വാസം ഇൻഡസ്ട്രിയിൽ ഉള്ള സംവിധായകന്മാർക്ക് ഉണ്ടാവണമെന്നില്ല. അവർക്ക് റിസ്ക് എടുക്കാൻ കഴിയില്ല. ഒരു കഥാപാത്രം നന്നായി അവതരിപ്പിച്ചത് കണ്ടു കഴിഞ്ഞാൽ, അതിലേക്ക് തന്നെ അയാളെ കൊണ്ടുവരുന്നത് എന്തുകൊണ്ടാണെന്ന് വെച്ചാൽ അവർ സേഫ് സോൺ പിടിക്കുന്നതാണ്.

അത് തെറ്റാണ്, നമ്മൾ വെറൈറ്റി ആയിട്ടുള്ള കഥാപാത്രങ്ങൾ പരീക്ഷിക്കണം. അതിനുദാഹരണമാണ് സുരാജ് വെഞ്ഞാറമൂട് കൊമേഡിയൻ ആയിരുന്നു. പിന്നീട് അദ്ദേഹം ആക്ഷൻ ഹീറോ സീരിയസ് കഥാപാത്രം പെർഫോം ചെയ്തു. അത് കണ്ടതിനുശേഷം ആണ് ആളുകൾക്ക് സെറ്റ് ചെയ്തത്. കണ്ടാൽ മാത്രമേ ആളുകൾ വിശ്വസിക്കുകയുള്ളൂ. പിന്നെ അതുതന്നെ കൊടുത്തുകൊണ്ടിരിക്കും. കുറച്ചു കഴിഞ്ഞിട്ട് ബോറടിച്ചിട്ട് അവരതിൽ നിന്ന് ഔട്ടാവും. അങ്ങനെയാണ് പല ആർട്ടിസ്റ്റുകളും ഒന്നും ആവാതെ പോകുന്നത്,’ ഷീലു എബ്രഹാം പറഞ്ഞു.

Content Highlight: Actress Sheelu Abraham says that artists are being typecasted in films

We use cookies to give you the best possible experience. Learn more