അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം 2022ല്‍ പുറത്തിറങ്ങിയ സിനിമയാണ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്. തിയേറ്ററില്‍ ഇറങ്ങിയപ്പോഴും ഒ.ടി.ടി റിലീസിനുശേഷവും മികച്ച അഭിപ്രായമാണ് സിനിമക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയിലെ നായിക നായക സങ്കല്‍പങ്ങളില്‍ വരുത്തിയിരിക്കുന്ന മാറ്റവും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
അതേസമയം സിനിമയുടെ തുടക്കത്തില്‍ ആരോടും നന്ദി പറയാനില്ല എന്ന് എഴുതി കാണിക്കുന്നുണ്ട്. ആ വിഷയമാണിപ്പോള്‍ ചര്‍ച്ചയാകുന്നത്. നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാമാണിപ്പോള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. ആരോടും നന്ദി പറയാനില്ല എന്നെഴുതി കാണിച്ചത് വ്യത്യസ്തയായിരുന്നു എന്നും ഇത്തരത്തിലെഴുതാന്‍ ധൈര്യം കാണിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് കയ്യടികളും താരം പങ്കുവെക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യങ്ങള്‍ ഷീലു പങ്കുവെച്ചത്.
‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് കണ്ടു. സിനിമയുടെ തുടക്കത്തില്‍ തന്നെ ‘ആരോടും നന്ദി പറയാനില്ല ‘ എന്ന് എഴുതി കാണിച്ചത് ഒരു വെറൈറ്റി ആശയമായി തോന്നി. ഇങ്ങനെയൊരു വ്യത്യസ്തത കൊണ്ട് വരാന്‍ കാണിച്ച ചിന്തക്കും, ധൈര്യത്തിനും മുകുന്ദന്‍ ഉണ്ണിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എന്റെ കൈയ്യടികള്‍,’ ഷീലു എബ്രഹാം ഫേസ്ബുക്കില്‍ കുറിച്ചു.
അതിനിടെ മുകുന്ദനുണ്ണി അസോസിയേറ്റ്‌സിനെതിരെയുള്ള പരാമര്‍ശവുമായി എ.എം.എം.എ സെക്രട്ടറിയും നടനുമായ ഇടവേള ബാബു രംഗത്ത് വന്നിരുന്നു. സിനിമ ഭയങ്കര നെഗറ്റീവാണെന്നും എങ്ങനെയാണ് സിനിമ ഇവിടെ ഓടിയത് എന്നുമൊക്കെയാണ് അദ്ദേഹം ചോദിച്ചത്. എങ്ങനെയാണ് സിനിമക്ക് സെന്‍സറിങ് കിട്ടിയതെന്ന് തനിക്കറിയില്ലെന്നും ഇടവേള ബാബു പറഞ്ഞു.
‘മുകുന്ദന്‍ ഉണ്ണി എന്നൊരു സിനിമ ഇവിടെയിറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം മുഴുനീള നെഗറ്റീവാണ് ഈ സിനിമ. ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ലെന്ന് പറഞ്ഞാണ് സിനിമ തുടങ്ങുന്നത്. ക്ലൈമാക്സിലെ ഡയലോഗ് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. അത്രയും മോശമായ ഭാഷയാണ് നായിക ഉപയോഗിക്കുന്നത്.
സിഗരറ്റ്, മദ്യക്കുപ്പി എന്നിവ കാണിക്കുമ്പോള്‍ മൂന്ന് തവണയെങ്കിലും അതിനെതിരെയുള്ള മുന്നറിയിപ്പ് എഴുതി കാണിക്കണം. അങ്ങനെ ചെയ്തില്ല. എന്നാല്‍ ഈ സിനിമ നിങ്ങള്‍ കാണണം, ഫുള്‍ നെഗറ്റീവാണ്. ഇത് ഇവിടെ എങ്ങനെ ഓടിയെന്ന് മനസിലാകുന്നില്ല. ഇവിടെ ആര്‍ക്കാണ് മൂല്യചുതി സംഭവച്ചത് സിനിമക്കാര്‍ക്കോ പ്രേക്ഷകനോ,’ ഇടവേള ബാബു പറഞ്ഞു.
content highlight: actress sheelu abraham about mukundan unni associates