പൗഡറിടാനും പുറത്ത് പോവാനും സമ്മതിക്കാത്ത ഭര്ത്താക്കന്മാര് ഉണ്ടെന്ന് നടി ഷീലു എബ്രഹാം. കല്യാണം കഴിഞ്ഞുവെന്ന് കരുതി ഭര്‍ത്താവ് പറയുന്നത് കേട്ട് ജീവിക്കേണ്ടതില്ലെന്നും ഷീലു പറഞ്ഞു. ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷീലു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഞാനെന്ന് വെച്ചാല്‍ എന്റെ ഭര്‍ത്താവിന് ഭയങ്കര സ്‌നേഹമാണ്. ആ സ്‌നേഹത്തിന്റെ പ്രതിഫലനമാണ് ഞാനിന്നൊരു നടിയായും പ്രൊഡ്യൂസറായും ഇവിടെ ഇരിക്കുന്നത്.
ഭാര്യ സുന്ദരി ആയും ഹാപ്പിയായും ഇരുന്ന് പ്രായം പിന്നോട്ട് പോവുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ എപ്പോഴും സന്തോഷം തരുന്ന ഭര്‍ത്താവ് ഉണ്ടായിരിക്കും.
പൗഡര്‍ ഇടാന്‍ പോലും സമ്മതിക്കാത്ത ഭര്ത്താക്കന്മാര് ഉണ്ടെന്ന് എന്റെ സുഹൃത്തുക്കള്‍ വരെ പറഞ്ഞ് കേട്ടിട്ടുണ്ട്. പുറത്തേക്ക് അധികം പോവാന്‍ സമ്മതിക്കാത്തവര്‍ ഉണ്ട്. അങ്ങനെയൊന്നും ജീവിക്കേണ്ടവരല്ല സ്ത്രീകള്‍.
അങ്ങനെ ആയിരുന്നുവെങ്കില്‍ എനിക്കും സാധാരണ സ്ത്രീകളെ പോലെ വീട്ടിലൊതുങ്ങി പോവേണ്ടി വന്നേനെ. ഞാനൊരു നേഴ്‌സ് ആയിരുന്നു. അതൊക്കെ വിട്ടിട്ടാണ് കല്യാണം കഴിച്ച് വീട്ടില്‍ ഇരിക്കുന്നത്. കല്യാണം കഴിഞ്ഞെന്ന് പറഞ്ഞ് ഭര്‍ത്താവ് പറയുന്നത് കേട്ട് ജീവിതം മൊത്തം ജീവിക്കേണ്ടതില്ല.
കേള്‍ക്കണം, പക്ഷെ നമ്മുടെ ഇഷ്ടങ്ങള്‍ കൂടി മാനിക്കണം. അങ്ങനെ സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് എന്റെ ഭര്‍ത്താവ്. അതില്‍ ഞാന്‍ ഭാഗ്യവതിയാണ്,” ഷീലു എബ്രഹാം പറഞ്ഞു.
വീകമാണ് ഷീലുവിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്ന താരം തന്നെയാണ് വീകം പ്രൊഡ്യൂസ് ചെയ്തതും. ധ്യാന്‍ ശ്രീനിവാസന്‍, സിദ്ദിഖ്, അജു വര്‍ഗീസ്, ഡെയ്ന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.
content highlight: actress sheelu abraham about her husband