മരിച്ചാല്‍ തന്റെ മൃതദേഹം ദഹിപ്പിച്ച് കളയണെന്ന് നടി ഷീല. തന്റെ ശരീരം പുഴുവരിച്ച് നശിക്കരുതെന്നതില്‍ നിര്‍ബന്ധമുണ്ടെന്നും താരം പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഹിന്ദു വിഭാഗത്തിനിടയിലുള്ള വലിയ കാര്യമാണ് മരിച്ച ശേഷം ബോഡി ദഹിപ്പിക്കുക എന്നുള്ളത്. നമ്മുടെ ശരീരം പുഴുവും കുത്തി കിടക്കുന്നത് എന്തിനാണ്. കൊല്ലം കൊല്ലം ബന്ധുക്കള്‍ കല്ലറയില്‍ വന്ന് പൂജ നടത്തുന്ന ആചരമൊക്കെ ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്കുണ്ട്. അവരൊക്കെ മറന്നുപോകില്ലെന്ന് ആര്‍ക്കറിയാം. ഈ രാജ്യത്തില്ലാത്തവര്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമോ. അതിലും നല്ലത്, എന്നെ ഞാനാക്കിയ എന്റെ കേരളത്തില്‍ എന്റെ ചാമ്പല്‍ ഒഴുക്കിക്കളയലാണ്. അതെനിക്ക് വലിയ നിര്‍ബന്ധമുള്ള കാര്യമാണ്,’ ഷീല പറഞ്ഞു.
സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തതിന് ശേഷമാണ് ജീവിച്ച് തുടങ്ങയതെന്നും ഒരുപാട് യാത്ര ചെയ്‌തതെന്നും ഷീല പറഞ്ഞു.
‘സിനിമയില്‍ ഉണ്ടാകുമ്പോള്‍ എവിടെയാണ് സമയം. ഇപ്പോള്‍ ഞാനും എന്റെ മകനും കൂടി ലോകം മുഴുവന്‍ കറങ്ങിയിട്ടുണ്ട്. ജപ്പാന്‍, ചൈന തുടങ്ങി പോകേണ്ട സ്ഥലത്തൊക്കെ പോയിട്ടുണ്ട്. ഇനി എനിക്ക് എവിടെയും പോകേണ്ട,’ ഷീല പറഞ്ഞു.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കുന്നത് താന്‍ അമ്മയായി എന്നുള്ളതാണെന്നും അമ്മയേക്കാള്‍ താഴെയാണ് കലാകാരിയെന്നും അവര്‍ പറഞ്ഞു.