തന്റെ അപ്പന് സിനിമകളോടുള്ള സമീപനത്തെ പറ്റിയും ആദ്യമായി സിനിമ കാണാന്‍ പോയപ്പോള്‍ ഉണ്ടായ ബഹളങ്ങളെ കുറിച്ചുമൊക്കെ പറയുകയാണ് നടി ഷീല.
ആദ്യമായി സിനിമയ്ക്ക് പോയതിന്റെ പേരില്‍ അപ്പന്‍ തങ്ങളെ അടിച്ചിരുന്നെന്നും പള്ളിയില്‍ പോയി കുമ്പസാരം കഴിഞ്ഞതിന് ശേഷം വീട്ടില്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞിരുന്നെന്നുമാണ് നടി പറയുന്നത്. സിനിമ കണ്ടതിന് കുമ്പസരിക്കണമെന്ന് പള്ളീലച്ചനും പറഞ്ഞെന്നും അതേ പള്ളിയിലുള്ളവര്‍ പിന്നീട് നടിയായ ശേഷം തനിക്ക് സ്വീകരണം തന്നെന്നും താരം പറഞ്ഞു.
അഭിനയം ആദ്യം താത്പര്യമിലായിരുന്നെന്നും പിന്നെ കുടുംബത്തിന്റെ നിലനില്‍പ്പിന് വേണ്ടിയാണ് അഭിനയിക്കാന്‍ തുടങ്ങിയതെന്നും ഷീല തുറന്നു പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഷീല സംസാരിച്ചത്.
‘ആദ്യമായി സിനിമ കാണാന്‍ പോയപ്പോള്‍ അപ്പന്‍ ഞങ്ങളെ എല്ലാവരെയും അടിച്ചു. എന്നിട്ട് കുമ്പസരിച്ചതിന് ശേഷം വീട്ടില്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞു. ഞങ്ങളെ അടിച്ചത് ക്ഷമിക്കാം എന്നാല്‍ അയല്‍വാസിയായ സ്ത്രീയും സിനിമ കാണാന്‍ വന്നിരുന്നു അവരെയും അപ്പന്‍ അടിച്ചു. മാത്രമല്ല പള്ളിയില്‍ പോയി കുമ്പസരിച്ചതിന് ശേഷം വീട്ടില്‍ കയറിയാല്‍ മതിയെന്നും പറഞ്ഞു.
ഞാന്‍ പള്ളീലച്ചന്റെ അടുത്തുപ്പോയി അച്ചോ ഞാന്‍ ഒരു ഭയങ്കര പാപം ചെയ്തുവെന്ന് പറഞ്ഞു. എന്താ പാപം എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഒരു സിനിമ കണ്ടുവെന്ന് പറഞ്ഞു. അപ്പോള്‍ അച്ചന്‍ പറയുകയാണ്, അത്രയും വലിയ പാപമാണോ ചെയ്തത്, ഉടനെ തന്നെ പോയി ഒരു മുഴുവന്‍ കൊന്ത കത്തിക്കണമെന്ന്. ചെയ്തത് ഭയങ്കര പാപമാണെന്നും പറഞ്ഞു. എട്ടും പത്തും വയസ്സല്ലെയുള്ളു എന്താണ് പാപം എന്ന് മാത്രം മനസിലായില്ല.
പിന്നീട് ഞാന്‍ സിനിമയിലെത്തിയ ശേഷം അച്ചന്മാരെല്ലാംകൂടി എനിക്ക് ഒരു സ്വീകരണം തന്നിരുന്നു. ചെറിയ ഒരു ആദരം. അവിടെ വെച്ച് ഞാന്‍ ഈ കാര്യം പറഞ്ഞു. അപ്പോള്‍ വാസ്തവത്തില്‍ അവരെല്ലാം ചിരിയായിരുന്നു. ഇപ്പോള്‍ അച്ചന്മാരെല്ലാം സിനിമ കാണുന്നവരാണ്. പിന്നീട് എന്റെ അപ്പന്‍ മരിച്ചു. കുടുംബത്തിനുവേണ്ടി അഭിനയിക്കാന്‍ വന്നയാളാണ് ഞാന്‍. പതിമൂന്നാം വയസ്സിലാണ് അഭിനയം തുടങ്ങുന്നത്.
ആദ്യ സിനിമ തമിഴിലെ പാസമായിരുന്നു. മലയാളത്തിലെ ആദ്യ സിനിമ ഭാഗ്യജാതകവും. ആദ്യമൊന്നും അഭിനയം ഒട്ടും ഇഷ്ടമില്ലായിരുന്നു. കുടുംബത്തിന് വേണ്ടി അഭിനയം തുടങ്ങിയതല്ലേ. പിന്നെ അത് വളരെ ഇഷ്ടമാവുകയും ചെയ്തു. സംവിധാനവും എഴുത്തും അഭിനയവും ചിത്രംവരയുമെല്ലാം ചെയ്തിരുന്നു. അതില്‍നിന്നും ഏറ്റവും ഇഷ്ടപ്പെട്ടത് അഭിനയമാണ്,’ നടി പറഞ്ഞു.
Content Highlight: Actress Sheela share her childhood experiance and acting career