താന്‍ സജീവമായ കാലത്ത് സിനിമയില്‍ കുറച്ച് ഓവര്‍ ആക്ടിങ് ആയിരുന്നെന്ന് നടി ഷീല. അന്നത്തെ സംവിധായകരെല്ലാം നാടകത്തില്‍ നിന്ന് വന്ന് നാടകം സിനിമയാക്കിയവരാണെന്നും അതുകൊണ്ട് തന്നെ കുറച്ചധികം എക്‌സ്പ്രഷന്‍ അവര്‍ക്ക് വേണമായിരുന്നെന്നും നടി പറഞ്ഞു.
അനുരാഗം എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. പുതിയ തലമുറ ഒരുപക്ഷെ പഴയ സിനിമ കണ്ട് ചിരിക്കുമായിരിക്കുമെന്നും, എന്നാല്‍ ഇനി വരുന്ന തലമുറ ഇപ്പോഴത്തെ സിനിമ കണ്ട് കളിയാക്കി ചിരിക്കുമെന്നും ഷീല പറഞ്ഞു.
‘ഞങ്ങളുടെ കാലത്തൊക്കെ കുറച്ച് ഓവര്‍ ആക്ടിങ് ആയിരുന്നു. അന്നത്തെ സംവിധായകര്‍ക്ക് അത് വേണമായിരുന്നു. കാരണം അന്നത്തെ സംവിധായകര്‍ നാടകത്തില്‍ നിന്ന് വന്നവരായിരുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന ചിത്രമെല്ലാം നാടകമായിരുന്നു. നാടകം ഫ്രണ്ടിലുള്ളവര്‍ക്ക് നന്നായി കാണും. പക്ഷേ ഒരു അരക്കിലോ മീറ്റര്‍ ദൂരെയും ആളുകള്‍ ഇരിക്കുന്നുണ്ടാവും. നമ്മള്‍ അഭിനയിക്കുന്നത് അവിടെ വരെ കാണണം. അതുകൊണ്ട് നമ്മള്‍ കരയുമ്പോഴും ചിരിക്കുമ്പോഴും കുറച്ച് ഓവറായി അഭിനയിക്കണം.
ഒരുപാട് എക്സ്പ്രഷന്‍ കൊടുക്കണം. മേക്ക് അപ്പ് ആണെങ്കിലും വേറെ ടൈപ്പ് ആയിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയത് കൊണ്ട് നിങ്ങള്‍ക്ക് അത് മനസിലാവില്ല. ഇപ്പോഴുള്ള തലമുറ പഴയ ആളുകളെയും പഴയ സിനിമയിലുള്ള ടെക്നിക്കുകളെയും കണ്ട് കളിയാക്കി ചിരിക്കുമായിരിക്കും, എന്നാല്‍ ഇനി ഒരു ഇരുപത് വര്‍ഷം കഴിയുമ്പോഴേക്കും നിങ്ങളെ കണ്ട് അപ്പോഴുള്ള തലമുറ ചിരിക്കും,’ ഷീല പറഞ്ഞു.
ഷഹദ് സംവിധാനം നിര്‍വഹിച്ച് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ്
അനുരാഗം. ലക്ഷ്മി നാഥ് ക്രിയേഷന്‍സ് സത്യം സിനിമാസ് എന്നി ബാനറുകളില്‍ സുധീഷ് .എന്‍, പ്രേമചന്ദ്രന്‍ എ.ജി എന്നിവരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
ഷീലയെ കൂടാതെ ജോണി ആന്റണി, അശ്വിന്‍ ജോസ്, ഗൗരി കിഷന്‍, ഗൗതം വാസുദേവ് മേനോന്‍, ജോണി ആന്റണി, ലെന, ദുര്‍ഗ കൃഷ്ണ, ജാഫര്‍ ഇടുക്കി, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.