| Saturday, 27th July 2019, 11:12 am

ഇനിയൊരു ജന്മമുണ്ടെങ്കില്‍ മാധ്യമ പ്രവര്‍ത്തകയാകണം; സ്ത്രീകളുടെ ചിത്രങ്ങള്‍ വരയ്ക്കാനാണ് കൂടുതല്‍ ഇഷ്ടമെന്നും ഷീല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: ഇനിയൊരു ജന്മമുണ്ടെങ്കില്‍ തനിക്ക് മാധ്യമ പ്രവര്‍ത്തകയാകാനാണ് താല്‍പ്പര്യമെന്ന് നടി ഷീല. ആളുകളോട് നല്ല ചോദ്യങ്ങളൊക്കെ ചോദിച്ച് സന്തോഷത്തോടെ ജീവിക്കാമല്ലോയെന്ന് ഷീല തിരുവനന്തപുരത്ത് പറഞ്ഞു.

അഭിനയത്തിന് പുറമെ ചിത്രരചനയിലും കഴിവുറ്റ വ്യക്തിയാണ് ഷീല. തിരുവനന്തപുരത്ത് ഷീല വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. മുമ്പ് നടത്തിയ പ്രദര്‍ശനത്തില്‍ ബേബി മാത്യു സോമതീരം വാങ്ങിയ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രദര്‍ശനത്തിന് വെച്ചത്.

റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിലാണ് നൂറിലധികം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നത്. തുടര്‍ന്ന് മാധ്യമങ്ങളുമായി നടന്ന സംഭാഷണത്തിലാണ് ഷീല തന്റെ ഇഷ്ടങ്ങള്‍ പങ്കുവെച്ചത്.

പ്രകൃതിയും മനുഷ്യരുമൊക്കെയാണ് മുമ്പ് വരച്ച ചിത്രങ്ങളിലെ പ്രമേയമെങ്കില്‍ അമൂര്‍ത്തമായ ചിത്രങ്ങളാണ് ഇപ്പോള്‍ വരയ്ക്കുന്നതിലേറെയുമെന്ന് ഷീല പറയുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ നൂറിരട്ടി സന്തോഷം ചിത്രം വരക്കുമ്പോഴുണ്ടെന്നും ഷീല വ്യക്തമാക്കി. മന്ത്രി എ.കെ ബാലന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

സ്ത്രീകളുടെ ചിത്രങ്ങള്‍ വരയ്ക്കാനാണ് കൂടുതല്‍ ഇഷ്ടമെന്നും ഷീല പറഞ്ഞു. ‘പുരുഷന്മാരേക്കാള്‍ ഭംഗി സ്ത്രീകള്‍ക്കാണ്. അവര്‍ ഉപയോഗിക്കുന്ന വസ്ത്രം, അതിന്റെ നിറം എല്ലാം വളരെ ഇഷ്ടമാണ്. അതുകൊണ്ടാണ് സ്ത്രീകളുടെ ചിത്രങ്ങള്‍ കൂടുതലായും വരക്കുന്നത്. അവര്‍ ഭയങ്കര കളര്‍ഫുളാണ്. പുരുഷന്മാര്‍ ഇപ്പോഴല്ലേ പച്ചയും മഞ്ഞയും നിറത്തിലുള്ള ഡ്രസൊക്കെ ഇടാന്‍ തുടങ്ങിയത്’ ഷീല പറഞ്ഞു.

ജെ.സി ഡാനിയേല്‍ അവാര്‍ഡ് ഏറ്റുവാങ്ങാനായി തിരുവനന്തപുരത്തെത്തിയതാണ് നടി ഷീല. ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയില്‍ നിന്നും ഷീല പുരസ്‌കാരം ഏറ്റുവാങ്ങും

We use cookies to give you the best possible experience. Learn more