നല്ല കുടുംബത്തില്‍ ജനിച്ചവര്‍ സ്ത്രീകളെ ഉപദ്രവിക്കില്ല; മറിച്ചാണെങ്കില്‍ അവര്‍ അസുര ജാതകങ്ങളായിരിക്കുമെന്നും മീ ടൂവിനെ കുറിച്ച് ഷീല
Mollywood
നല്ല കുടുംബത്തില്‍ ജനിച്ചവര്‍ സ്ത്രീകളെ ഉപദ്രവിക്കില്ല; മറിച്ചാണെങ്കില്‍ അവര്‍ അസുര ജാതകങ്ങളായിരിക്കുമെന്നും മീ ടൂവിനെ കുറിച്ച് ഷീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th June 2019, 11:30 pm

സിനിമാ മേഖലയിലെ മീ ടൂ മൂവ്മെന്റിനെ കുറിച്ച് വീണ്ടും പ്രതികരിച്ച് നടി ഷീല. ഹോര്‍മോണ്‍സ് കൂടുമ്പോഴാണ് മനുഷ്യര്‍ മൃഗങ്ങളെ പോലെയാകുന്നതെന്നും നല്ല കുടുംബത്തില്‍ ജനിക്കുന്നവരാരും സ്ത്രീകളെ ഉപദ്രവിക്കാന്‍ തയ്യാറാകില്ലെന്നും ഷീല പറഞ്ഞു. കേരളകൗമുദിക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ഷീലയുടെ പ്രതികരണം.

ഇപ്പോഴത്തെ ഭക്ഷണത്തില്‍ അടങ്ങിയിട്ടുള്ള ഹോര്‍മോണുകളാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തിന് പുരുഷന്മാരെ പ്രേരിപ്പിക്കുന്നതെന്ന് ഷീല നേരത്തേയും പറഞ്ഞിരുന്നു.

എന്നാല്‍ താന്‍ ഉദ്ദേശിച്ചത് സിനിമയിലെ മാത്രം കാര്യമല്ലെന്നും കൊച്ചുപയ്യന്മാര്‍ വരെ പീഡനത്തില്‍ ഉള്‍പ്പെടുന്നതാണ് പറഞ്ഞതെന്നും ഷീല വ്യക്തമാക്കി.

‘ഹോര്‍മോണ്‍സ് കൂടുമ്പോഴല്ലേ മനുഷ്യര്‍ മൃഗം പോലെയാകുന്നത്. നൂറു കാരണങ്ങളില്‍ ഒന്നാണ് ഞാന്‍ പറഞ്ഞത്. അത് മാത്രം വലുതാക്കി എഴുതുകയായിരുന്നു. നല്ല കുടുംബത്തില്‍ ജനിക്കുന്നവരാരും അങ്ങനെ ചെയ്യില്ല. അഥവാ നല്ല കുടുംബത്തില്‍ ജനിക്കുന്ന എത്രയോ പേര്‍ മോശമായിട്ട് ചെയ്യുന്നു. അത് അവര്‍ ജനിക്കുന്ന സമയമാണ്. അസുരജാതകങ്ങളായിരിക്കുമവര്‍. സിനിമയില്‍ മാത്രമല്ല എല്ലാ സ്ഥലത്തുമുണ്ടിത്’. ഷീല വ്യക്തമാക്കി.

അതേസമയം, മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂ.സി.സിയെ കുറിച്ച് നല്ല അഭിപ്രായമാണെന്നും അങ്ങനെയുള്ള കൂട്ടായ്മകളും പ്രവര്‍ത്തനങ്ങളും ഉണ്ടാകേണ്ടതുണ്ടെന്നും ഷീല പറഞ്ഞു.