സെല്‍ഫിയും ഓട്ടോഗ്രാഫുമൊന്നും തനിക്ക് ഒട്ടും ഇഷ്ടമല്ലെന്ന് നടി ഷീല. സെല്‍ഫിയെടുക്കുന്നത് കൂട്ട ബലാത്സംഗത്തിന് തുല്യമാണ്. ആരെങ്കിലും സെല്‍ഫിയെടുക്കാന്‍ വരുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ഷീല പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷീലയുടെ പ്രതികരണം. പുതിയ സിനിമാ താരങ്ങള്‍ക്കെതിരെയും നിര്‍മാതാക്കള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ഷീല നടത്തുന്നത്.
അന്നത്തെ കാലത്തെ പ്രൊഡ്യൂസര്‍മാര്‍ മായമില്ലാത്ത ആളുകളായിരുന്നെന്നും വാക്കിന് വില്ലയുള്ളവരായിരുന്നെന്നും ഷീല പറയുന്നു. അതുകൊണ്ട് തന്നെ എഗ്രിമെന്റ് ഒന്നും വേണ്ടിയിരുന്നില്ല. എന്നാല്‍ ഇന്ന് മുഴുവന്‍ മായമാണ്. ഇന്ന് സിനിമയുടെ കഥ ചോദിച്ചാല്‍ പ്രൊഡ്യൂസര്‍മാര്‍ക്ക് അറിയില്ല. ഡയറക്ടര്‍മാരാണ് കഥ പറയുന്നത്. അന്ന് അങ്ങനെയല്ല. പ്രൊഡ്യൂസര്‍മാരാണ് കഥ തീരുമാനിക്കുന്നത്.
ഞങ്ങളുടെ കാലത്ത് നിര്‍മാതാവിന്റെ സ്ഥാനം അത്രത്തോളം വലുതായിരുന്നു. ഒരു നിര്‍മാതാവ് വന്നാല്‍ ഞങ്ങള്‍ എഴുന്നേറ്റ് നിന്ന് തൊഴും. അത്രയ്ക്ക് ബഹുമാനമായിരുന്നു. ഇന്ന് നായകന്‍ ആണ് കഥ എങ്ങന വേണം എന്ന് തീരുമാനിക്കുന്നത്.
കാരണം നായകന്‍ തീരുമാനിക്കേണ്ട ഘട്ടത്തിലാണ് ഇന്ന് സിനിമാലോകം. ഇവര്‍ ആരും കഥ വായിക്കുന്നില്ല. പണം മുടക്കുന്ന പ്രൊഡ്യൂസേഴ്‌സ് പോലും ഇന്ന് കഥ കേള്‍ക്കുന്നില്ല. എടുക്കുന്ന പടം ഓടും ഓടില്ല എന്ന ഒരു വിശ്വാസം പോലും ഇല്ലാത്ത ആളുകള്‍ ഇന്ന് ഒരുപാട് പേരുണ്ടെന്നും ഷീല പറയുന്നു.
ഞങ്ങളുടെ കാലത്ത് പടം എടുക്കുമ്പോള്‍ എത്ര സീന്‍ എടുക്കണം എന്ന ധാരണ പ്രൊഡ്യൂസേഴ്‌സിന് ഉണ്ടായിരുന്നു. പ്രൊഡ്യൂസേഴ്‌സ് മിക്കവാറും പേരും പ്രൊഡക്ഷന്‍ മാനേജര്‍മാരായിട്ടും , പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്മാരായിട്ടും വന്ന ആളുകളാണ്. സിനിമയില്‍ അവരുടെ സഹപ്രവര്‍ത്തകര്‍ എടുക്കുന്ന പടത്തില്‍ പ്രവര്‍ത്തിച്ച് സിനിമയെ മനസിലാക്കിയിട്ടാണ് സംവിധാനത്തിലേക്ക് വരുന്നത്. ഇപ്പോള്‍ ദുബായ് നിന്നൊരാള്‍വരുന്നു കുറച്ച് കാശുണ്ട് ഒരു പടം എടുക്കാം എന്ന രീതിയാണെന്നും ഷീല കുറ്റപ്പെടുത്തുന്നു.
ഇപ്പോള്‍ ഓരോരുത്തര്‍ക്കും സ്വന്തമായി കാരവാന്‍ ഉള്ളപ്പോള്‍ അന്ന് ഞങ്ങള്‍ക്കൊന്നു ഇരിക്കാന്‍ ഒരു കസേര പോലും ഇല്ലായിരുന്നെന്നും ഷീല പറയുന്നു.