മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ച് വരവ് നടത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് നടി ഷീല. അഭിനയം പൂര്‍ണമായി നിര്‍ത്താനാണ് താന്‍ തീരുമാനിച്ചതെന്നും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു എന്നും താരം പറഞ്ഞു. ആ തീരുമാനത്തിലേക്ക് എത്താന്‍ തന്നെ സഹായിച്ചത് അമൃതാനന്ദമയിയാണെന്നും ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഷീല പറഞ്ഞു.
‘ഷീലാമ്മ അഭിനയിക്കുകയാണെങ്കില്‍ മാത്രമെ ഞാന്‍ ഈ കഥയെടുക്കൂ എന്ന് പറഞ്ഞ് സത്യന്‍ അന്തിക്കാട് എന്നെ നിര്‍ബന്ധിച്ച് കൊണ്ടിരിക്കുകയാണ്. ആ സമയത്ത് തന്നെ ശ്യാമ പ്രസാദ് ‘അകലെ’ എന്ന സിനിമയിലേക്കും എന്നെ വിളിച്ചു. അവര്‍ വിളിക്കുമ്പോഴൊക്കെ ഞാന്‍ വരുന്നില്ല വരുന്നില്ല, അഭിനയിക്കുന്നില്ലാ എന്നൊക്ക. അന്ന് എന്നോട് ശ്യാമ പ്രസാദ് പറഞ്ഞിരുന്നു, എന്നെങ്കിലും ഷീല തിരിച്ച് വരുന്നുണ്ടെങ്കില്‍ അന്ന് മാത്രമെ ഞാന്‍ അകലെ സിനിമ എടുക്കൂ എന്ന്.
അങ്ങനെ അഭിനയിക്കണോ വേണ്ടയോ എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്, നടി വനിതയും അവരുടെ ഭര്‍ത്താവും കൂടി എന്തോ സംസാരിക്കുന്നതിനിടയില്‍ ഞങ്ങള്‍ അമ്മയെ കാണാന്‍ പോകുന്നു എന്ന് പറഞ്ഞു. ആ സമയത്ത് അമ്മ ചെന്നൈയില്‍ വന്നിട്ടുണ്ടായിരുന്നു. സിനിമാ നടനെയോ നടിയേയോ ഒന്നും കാണുന്നത് എനിക്ക് ഇഷ്മില്ലാത്ത കാര്യമാണ്. പക്ഷെ വലിയ വലിയ ആളുകളെയൊക്കെ, പത്രക്കാരെ പിന്നെ കഥ എഴുത്തുകാരെയൊക്കെ കാണുക എന്നതാണ് എന്റെ സ്വപ്നം.
കമലാ ദാസും കെ.ആര്‍.മീരയുമൊക്കെ എന്റെ സ്വപ്‌നത്തിലുള്ള ആളുകളാണ്. അങ്ങനെ ഞാനും അമ്മയെ കാണാന്‍ പോയി. എന്നെ കണ്ടപ്പോള്‍ തന്നെ എല്ലാവരും അകത്തേക്ക് വിളിച്ച് കൊണ്ടുപോയി. ഞാന്‍ ചെന്നപ്പോള്‍ അമ്മ തനിച്ചൊരു റൂമില്‍ ഇരിക്കുകയായിരുന്നു. ഒപ്പം കുറേ ഫോറിന്‍ സ്ത്രീകളുമുണ്ടായിരുന്നു. അവര്‍ക്ക് എന്നെ അമ്മ തന്നെ പരിചയപ്പെടുത്തി കൊടുത്തു.
ഞാനൊന്ന് കെട്ടിപിടിക്കട്ടെ എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു. എന്റെ തോളത്ത് കുറേനേരം കിടന്നു. എന്റെ കണ്ണൊക്കെ നിറഞ്ഞു. ഇത്രയും വലിയൊരാള്‍ എന്നെ കെട്ടിപിടിച്ചോട്ടെ എന്ന് ചോദിക്കുന്നതില്‍ എനിക്ക് വലിയ സന്തോഷം തോന്നി. എന്നിട്ട് എന്റെ കാര്യങ്ങളൊക്കെ ഞാന്‍ അമ്മയോട് പറഞ്ഞു. ഞാന്‍ അഭിനയം നിര്‍ത്തിയിരിക്കുകയാണെന്നും പക്ഷെ ഒരുപാട് ആളുകള്‍ സിനിമയിലേക്ക് വിളിക്കുന്നുണ്ടെന്നും എന്താണ് ചെയ്യേണ്ടതെന്നും അമ്മയോട് ചോദിച്ചു.
ഷീല എന്ന് പറയുന്ന ജന്മമുണ്ടല്ലോ അത് ഭാര്യയായിട്ടോ അമ്മയായിട്ടോ തീര്‍ക്കാനുള്ളതല്ല. നിങ്ങളൊരു നടിയാണ് മരണം വരെയും അഭിനയിക്കണം, ഇത് എഴുതിവെച്ചോളു എന്നും അമ്മ എന്നോട് പറഞ്ഞു. അവിടെ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ഞാന്‍ സത്യാന്‍ അന്തിക്കാടിനെ വിളിച്ച് സിനിമയില്‍ അഭിനയിക്കാമെന്ന് പറയുകയും ചെയ്തു,’ ഷീല പറഞ്ഞു.
content highlight: actress sheela about her come back