| Tuesday, 17th August 2021, 1:38 pm

മോഹന്‍ലാലിനൊപ്പം ഡാന്‍സ് ചെയ്യാന്‍ അതീവസുന്ദരിയായ പെണ്‍കുട്ടിയെ വേണമെന്ന് പ്രിയദര്‍ശന്‍; ഹിറ്റ് ചിത്രത്തിലേക്കെത്തിയ കഥ പറഞ്ഞ് ഷര്‍മിലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുകാലത്ത് തെന്നിന്ത്യയില്‍ തിളങ്ങിനിന്നിരുന്ന നടിയായിരുന്നു ഷര്‍മിലി. എം.ടി വാസുദേവന്‍ നായരുടെ സിനിമയില്‍ നായികയായി അഭിനയ ജീവിതം തുടങ്ങിയ ഷര്‍മിലി പിന്നീട് ഗ്ലാമര്‍ താരമായാണ് അറിയപ്പെട്ടത്. എന്നാല്‍ അധികം വൈകാതെ ഇവര്‍ സിനിമ ഉപേക്ഷിക്കുകയും ചെയ്തു.

ഇപ്പോഴിതാ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ അഭിമന്യുവിലെ രാമായണക്കാറ്റേ എന്ന പാട്ടില്‍ നൃത്തം ചെയ്യാനായി താന്‍ എത്തിയതിനെക്കുറിച്ച് പറയുകയാണ് ഷര്‍മിലി.

മോഹന്‍ലാലിനൊപ്പം നൃത്തം ചെയ്യാന്‍ അതീവസുന്ദരിയായ ഒരു പെണ്‍കുട്ടിയെ വേണമെന്ന് ഡാന്‍സ് മാസ്റ്റര്‍ കുമാര്‍ തന്റെ ബാപ്പയോട് വിളിച്ചുപറയുകയായിരുന്നുവെന്ന് ഷര്‍മിലി പറയുന്നു.

‘ഗ്ലാമറസായി നൃത്തം ചെയ്യണം എന്ന് കേട്ടപ്പോള്‍ ബാപ്പയ്ക്ക് വിമ്മിഷ്ടം. ഉമ്മയ്ക്ക് അതിലേറെ എതിര്‍പ്പ്. ഉടുതുണിയില്ലാതെ അഭിനയിച്ച് കിട്ടുന്ന കാശ് ഈ കുടുംബത്തിലേക്ക് കൊണ്ടുവരണ്ടെന്ന് ഉമ്മ പറഞ്ഞു.

എന്നാല്‍ ബോംബെയിലാണ് ഷൂട്ടിംഗ് എന്ന് കേട്ടപ്പോള്‍ എനിക്ക് താല്‍പര്യമായി. അതുവരെ ബോംബെ കണ്ടിട്ടില്ലായിരുന്നു. നമുക്ക് പോയി നോക്കാമെന്ന് ബാപ്പയോട് പറഞ്ഞു. ബാപ്പ സമ്മതിച്ചു. ഈ കുട്ടി ഓക്കെയാണെന്ന് എന്നെ കണ്ടപാടെ പ്രിയദര്‍ശന്‍ പറഞ്ഞു. അങ്ങനെ രാമായണക്കാറ്റേ നീലാംബരിക്കാറ്റേ എന്ന പാട്ടില്‍ അഭിനയിച്ചു,’ ഷര്‍മിലി പറഞ്ഞു.

തന്റെ ഇഷ്ടനടീനടന്‍ന്മാരായ ഗീതയെയും മോഹന്‍ലാലിനെയും കാണാന്‍ കഴിഞ്ഞതില്‍ തനിക്ക് വലിയ സന്തോഷം തോന്നിയെന്നും നടി മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

2015ല്‍ പുലിമുരുകനിലെ ജൂലി എന്ന കഥാപാത്രം ചെയ്യാനായി ആദ്യം വിളിച്ചത് തന്നെയായിരുന്നുവെന്നും എന്നാല്‍ തടി കൂടുതലായ കാരണം ആ വേഷം നഷ്ടപ്പെട്ടെന്നും ഷര്‍മിലി വ്യക്തമാക്കി. പുലിമുരുകനിലെ ആ കഥാപാത്രം പിന്നീട് ചെയ്തത് നമിതയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Sharmili says about Priyadarshan and Mohanlal

We use cookies to give you the best possible experience. Learn more