| Sunday, 24th April 2022, 10:45 am

ചോക്ലേറ്റില്‍ കണ്ട പൃഥ്വിയേ അല്ല ഇന്ന് ഞാന്‍ കാണുന്നത്; അന്ന് ഒരു ബബ്ലി, ജോളി ചോക്ലേറ്റ് ബോയ് തന്നെയായിരുന്നു: ശാരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ പ്രിയ നടിയാണ് ശാരി. പത്മരാജന്‍ ചിത്രങ്ങളായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളി കരയാറില്ല എന്നിവയിലൂടെ പ്രേക്ഷക മനസില്‍ ചിര പ്രതിഷ്ഠ നേടിയ താരം ഒരു ഇടവേളക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമായിരിക്കുകയാണ്.

ഡിജോ ജോസ് ആന്റണി- പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങുന്ന ജന ഗണ മനയാണ് ശാരി അഭിനയിച്ച ഏറ്റവും പുതിയ സിനിമ. പൃഥ്വിരാജിനൊപ്പം ഇത് മൂന്നാമത്തെ സിനിമയാണ് ശാരി ചെയ്യുന്നത്.

നേരത്തെ ചോക്ലേറ്റ്, ലോലിപ്പോപ്പ് എന്നീ സിനിമകളിലും ശാരിയും പൃഥ്വിരാജും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് എന്ന നടനിലുണ്ടായ വളര്‍ച്ചയെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ശാരി. ജന ഗണ മനയുടെ പ്രൊമോഷന്റെ ഭാഗമായി മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പൃഥ്വിരാജിനുണ്ടായ വളര്‍ച്ചയും മാറ്റവും വലിയതാണെന്നും ഇപ്പോള്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ അഭിമാനം തോന്നുന്നുണ്ട് എന്നുമാണ് ശാരി പറയുന്നത്.

”ചോക്ലേറ്റില്‍ ഞാന്‍ കണ്ടപ്പോള്‍ രാജു വളരെ ബബ്ലി ആയി ഒരു ചോക്ലേറ്റ് ബോയ് പോലെ തന്നെയായിരുന്നു. ജോളി ആയി എല്ലാവരോടും മിങ്കിള്‍ ചെയ്ത്, അങ്ങനെ ഒരു സ്‌റ്റൈലായിരുന്നു.

ഷാഫി സാറിന്റെ ഒരു ഫുള്‍ ഫണ് മൂവി ആയിരുന്നു അത്. അന്ന് കണ്ട ഒരു പൃഥ്വിയെ അല്ല ഞാന്‍ ഇന്ന് കാണുന്നത്. വലിയൊരു മാറ്റമുണ്ട്.

അവരുടെ പടം ഞാന്‍ റെഗുലറായി എല്ലാം കാണുന്നുണ്ട്. അതൊക്കെ കാണുമ്പോള്‍, സംവിധാനം, ആക്ടിങ്ങ്, എല്ലാം, ആ വളര്‍ച്ച നമുക്ക് കാണാന്‍ പറ്റുന്നുണ്ട്. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ വളരെ അഭിമാനം തോന്നുന്നുണ്ട്.

ഈ പടത്തില്‍ ഞങ്ങള്‍ക്ക് കോമ്പിനേഷന്‍ സീന്‍ ഒക്കെയുണ്ട്. സെറ്റില്‍ കൂടെ അഭിനയിക്കുന്നത് കണ്ട് ഞാന്‍ അങ്ങനേ ഇരുന്ന് പോയിട്ടുണ്ട്. അത്രക്കും ബ്രില്ല്യന്റ് പെര്‍ഫോമന്‍സാണ്. ഹീ ഈസ് എ ബ്രില്ല്യന്റ് ആക്ടര്‍,” ശാരി പറഞ്ഞു.

ഏപ്രില്‍ 28നാണ് ജന ഗണ മനയുടെ റിലീസ്. സുരാജ് വെഞ്ഞാറമൂട്, മമ്ത മോഹന്‍ദാസ്, വിന്‍സി അലോഷ്യസ്, ധ്രുവ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‌സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍, സംഗീത സംവിധാനം ജേക്സ് ബിജോയ്.

Content Highlight: Actress Shari about Prithviraj

We use cookies to give you the best possible experience. Learn more