മറ്റ് ഭാഷകളില്‍ നിന്ന് മലയാളത്തിലെത്തി സ്വന്തമായൊരു ഇരിപ്പിടം നേടിയെടുത്ത നിരവധി അഭിനേത്രികളുണ്ട്. 1982 കാലഘട്ടത്തില്‍ അത്തരത്തില്‍ മലയാള സിനിമയിലേക്കെത്തിയ നടിയാണ് ശാരി. 1995 വരെയുള്ള കാലഘട്ടത്തില്‍ മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായി ശാരി മാറി.
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ പോലുള്ള സിനിമകള്‍ ശാരിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരങ്ങളും ഈ ചിത്രത്തില്‍ ശാരിയെ തേടിയെത്തി. ദേശാടനക്കിളികള്‍ കരയാറില്ല ഒന്നുമുതല്‍ പൂജ്യം വരെ പൊന്മുട്ടയിടുന്ന താറാവ്, മൃഗയ തുടങ്ങി നൂറ് കണക്കിന് ചിത്രങ്ങളില്‍ താരം വേഷമിട്ടു. പൃഥ്വിരാജ് നായകനാകുന്ന ജന ഗണ മന എന്ന ചിത്രമാണ് ശാരിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.
പഴയ സിനിമകളെ കുറിച്ചും സിനിമയിലെ പഴയ സൗഹൃദങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ശാരി. ഇന്നും താനുമായി ഏറ്റവും കൂടുതല്‍ ബന്ധം പുലര്‍ത്തുന്നത് നടി കാര്‍ത്തികയാണെന്ന് ശാരി പറയുന്നു. ഉര്‍വശിയും വനിതയുമൊക്കെ ഇപ്പോഴും തന്നെ ഇടക്കിടെ വിളിക്കാറുണ്ടെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ശാരി പറയുന്നു.
സിനിമയിലെ പഴയ സുഹൃത്തുക്കളൊക്കെ വിളിക്കാറുണ്ട്. ദിവസവും വിളിക്കുമെന്നല്ല. എങ്കിലും കാര്‍ത്തികയും വനിതയും ഉര്‍വശിയുമൊക്കെ എന്നെ ഇടക്കിടെ വിളിക്കാറുണ്ട്.
ഞാന്‍ താമസിക്കുന്നത് ചെന്നൈയിലാണ്. ശോഭനയും അവിടെയാണ്. എവിടെയെങ്കിലും ഷോപ്പിങ്ങിനായി പോകുമ്പോഴാണ് പലപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടാറ്. കുറേ നേരം സംസാരിക്കും. ഇപ്പോഴത്തെ നടന്മാരില്‍ ജയസൂര്യയൊക്കെ എനിക്ക് ഇടയ്ക്ക് മെസ്സേജ് അയക്കാറുണ്ട്, ശാരി പറഞ്ഞു.
ദേശാടനക്കിളികള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതൊക്കെ ഭയങ്കര രസമായിരുന്നു. പാമ്പിനെ കൊണ്ടുവെക്കുന്ന സീനൊക്കെ ഭയങ്കര പേടിച്ചാണ് ചെയ്തത്. പഠിക്കുന്ന സമയത്ത് ഞാന്‍ ഒരു പാവം കുട്ടിയായിരുന്നു. വില്ലത്തരമൊന്നും കയ്യിലില്ല. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച ആ ക്യാരകഗ്ടര്‍ ചലഞ്ചിങ് ആയിരുന്നു.
ഈ റോള്‍ വേണ്ടെന്നും മലയാളം അറിയില്ലെന്നും പദ്മരാജന്‍ സാറിനോട് പറഞ്ഞിരുന്നു. ഞാന്‍ നോക്കിക്കോളാം. അതോര്‍ത്തൊന്നും പേടിക്കേണ്ട എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ സിനിമയില്‍ ഞാന്‍ ഭയങ്കര പൊസ്സസീവ് ആണ്. ആരും നിമ്മിയോട് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അത് ലാലേട്ടനായാലും(ചിരി), ശാരി പറയുന്നു.
അന്നൊന്നും ഇന്നത്തെപോലെയല്ല ലൊക്കേഷന്‍. കാരവനോ ഒന്നും ഇല്ല. ദേശാടനക്കിളികളുടെ ഷൂട്ട് എറണാകുളത്തെ ഒരു വലിയ സ്‌കൂളിലാണ് നടക്കുന്നത്. അവിടെ ഒരു ക്ലാസ് റൂം ഞങ്ങള്‍ക്ക് തന്നു. ഞങ്ങളെല്ലാവരും അവിടെയാണ് ഇരിക്കുന്നത്. ഉര്‍വശിയും ഞാനും കാര്‍ത്തികയുമെല്ലാം. അവിടെയുണ്ടായിരുന്നു ടോയ്‌ലറ്റില്‍ പോയാണ് ഡ്രസ് മാറ്റിക്കൊണ്ടിരുന്നത്. ഇന്നത്തെപ്പോലെ അന്ന് അതിനായി കാരവനൊന്നും ഇല്ല.
ആ ക്ലാസ് മുറിയില്‍ തന്നെ ഇരുന്ന് ഞങ്ങള്‍ ഭക്ഷണം കഴിക്കും. സംസാരിക്കും. എല്ലാം അവിടെ വെച്ചാണ്. അതെല്ലാം ഒരു അനുഭവമായിരുന്നു, ശാരി പറഞ്ഞു.