നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളി കരയാറില്ല എന്നീ രണ്ട് പത്മരാജന്‍ ചിത്രങ്ങളിലൂടെ മലയാളി മനസില്‍ സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ് ശാരി. മലയാളിയല്ലാതിരുന്നിട്ട് കൂടി ഈ സിനിമകളിലൂടെ അവര്‍ മലയാളത്തിന്റെ സ്വന്തം നായികയായി മാറി.
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളി കരയാറില്ല എന്നീ രണ്ട് സിനിമകളിലും തീര്‍ത്തും വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ട് കഥാപാത്രങ്ങളെയായിരുന്നു ശാരി അവതരിപ്പിച്ചിരുന്നത്.
പത്മരാജന്റെ സംവിധാനത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ ശാരി. ‘പപ്പേട്ടന്‍’ തനിക്ക് സ്‌ക്രിപ്‌റ്റൊന്നും തരാറില്ലായിരുന്നെന്നും, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ സിനിമയെക്കുറിച്ച് ഒന്നും അറിയാതെയാണ് അന്ന് അഭിനയിക്കാന്‍ പോയത് എന്നുമാണ് ശാരി പറയുന്നത്.
”സ്‌ക്രിപ്റ്റ് മുഴുവന്‍ അങ്ങനെ വായിക്കാറില്ല. എനിക്ക് പിന്നെ മലയാളം അറിയാത്തത് കൊണ്ട് വായിക്കാന്‍ പറ്റില്ല. പക്ഷെ, എന്റെ ക്യാരക്ടറിനെക്കുറിച്ച് പറയും.
പപ്പേട്ടനൊന്നും എനിക്ക് സ്‌ക്രിപ്റ്റ് തന്നിട്ടില്ല. മറ്റുള്ളവര്‍ക്ക് കൊടുത്തിട്ടുണ്ടോ, എന്ന് എനിക്കറിയില്ല.
പിന്നെ ഞാന്‍ പപ്പേട്ടന്റെ സ്റ്റൂഡന്റ് ആയിരുന്നു. ഹി ഈസ് മൈ ഗുരു. ഈ ക്യാരക്ടറാണ്, എന്ന് പറയുമ്പോള്‍ ഞാന്‍ വന്ന് ചെയ്തു. അല്ലാതെ ഞാന്‍ ഒന്നും ചോദിച്ചിട്ടില്ല. അത്രയേ ഉള്ളൂ.
മുന്തിരിത്തോപ്പുകളുടെ സ്‌ക്രിപ്റ്റിനെപ്പറ്റിയൊക്കെ ഒന്നും അറിയാതെ തന്നെ ഞാന്‍ അഭിനയിക്കാന്‍ പോയതാണ്.
ദേശാടനക്കിളിയില്‍ രണ്ട് പെണ്‍കുട്ടികളുടെ കഥയാണ് എന്നെങ്കിലും പറഞ്ഞിരുന്നു. ഒന്ന് ഭയങ്കര ബോള്‍ഡായ കുട്ടിയാണ്, ഒന്ന് നോര്‍മല്‍ കുട്ടിയാണ്.
ആ ബോള്‍ഡായ കുട്ടിയാണ് എന്റെ കഥാപാത്രം എന്ന് പറഞ്ഞിരുന്നു,” ശാരി പറഞ്ഞു.
ഡിജോ ജോസ് ആന്റണി- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ജന ഗണ മനയാണ് ശാരിയുടെ ഏറ്റവും പുതിയ ചിത്രം.
സുരാജ് വെഞ്ഞാറമൂട്, മമ്ത മോഹന്‍ദാസ്, ധ്രുവന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ 28നാണ് സിനിമയുടെ റിലീസ്.
Content Highlight: Actress Shari about director Padmarajan an how she acted in his movies