മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട് താരമാണ് ശരണ്യ മോഹന്‍. ഗ്രാമീണ വേഷങ്ങളിലാണ് താരം കൂടുതല്‍ സിനിമകളിലും അഭിനയിച്ചിട്ടുള്ളത്. മലയാളത്തിന് പുറമെ തമിഴിലും ശരണ്യ വേഷമിട്ടിട്ടുണ്ട്. ധനുഷും നായന്‍താരയും പ്രധാന വേഷങ്ങളിലെത്തിയ യാരടി നീ മോഹിനി, വിജയ് നായകനായ വേലായുധം തുടങ്ങിയ സിനിമകളില്‍ സഹനടിയായും, വിഷ്ണു വിശാല്‍ നായകനായ ‘വെണ്ണിലാ കബഡികുഴി’ എന്ന സിനിമയില്‍ നായികയായും ശരണ്യ അഭിനയിച്ചു.
വിവാഹത്തിന് ശേഷം കുറച്ച് കാലമായി താരം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഡോ. അരവിന്ദിനെയാണ് ശരണ്യ വിവാഹം ചെയ്തത്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ്. സീ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും കുടുംബ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്.
അഭിനയത്തില്‍ നിന്നും താന്‍ മാറി നില്‍ക്കുന്നത് അരവിന്ദ് പറഞ്ഞിട്ടല്ലെന്നും എപ്പോഴും അതിനുവേണ്ടി നിര്‍ബന്ധിക്കുകയാണ് ചെയ്യുന്നതെന്നും ശരണ്യ പറഞ്ഞു.
‘അഭിനയത്തിലേക്ക് തിരിച്ച് വരാത്തത് അരവിന്ദ് പറഞ്ഞതുകൊണ്ടല്ല. എപ്പോഴും അഭിനയിക്കാന്‍ പൊക്കോ,പൊക്കോ എന്നാണ് ഇവരെല്ലാം പറയുന്നത്. പക്ഷെ നല്ല അവസരങ്ങള്‍ കിട്ടുക എന്നത് പ്രധാനപ്പെട്ട കാര്യമാണല്ലോ. ഡാന്‍സ് സ്‌കൂളും കുഞ്ഞുങ്ങളുമൊക്കെയായി ഇപ്പോഴും നല്ല തിരക്കിലാണ്,’ ശരണ്യ പറഞ്ഞു.
ശരണ്യയെ കുറിച്ചും ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള ചില കാരണങ്ങളെ കുറിച്ചും അരവിന്ദും സംസാരിച്ചു.
‘താര പരിവേഷമുള്ള ഒരാളെയല്ല ഞാന്‍ വിവാഹം ചെയ്തത്. അതുകൊണ്ട് തന്നെ ഒരു നടിയെ വിവാഹം കഴിച്ചു എന്ന തോന്നല്‍ എനിക്ക് ഇതുവരെ വന്നിട്ടില്ല. എല്ലാവരോടുമൊപ്പം കളിച്ച് ചിരിച്ച് നടക്കുന്ന ഒരു പെണ്‍കുട്ടിയാണ് ശരണ്യ. വീട്ടിലെ ജോലികളെല്ലാം ചെയ്യുന്നത് ശരണ്യയും അമ്മയും തന്നെയാണ്. അതുകൊണ്ട് തന്നെ വീട്ട് ജോലിക്കാരൊന്നുമില്ല.
ശരണ്യയും അമ്മയും മാത്രമല്ല വീട്ടു ജോലികള്‍ ചെയ്യുന്നത്. ഞാനും ജോലികളില്‍ അവരെ സഹായിക്കാറുണ്ട്. വീട് വൃത്തിയാക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം ഞങ്ങള്‍ തന്നെയാണ്. അതിനായിട്ട് ഒരു സഹായി വേണമെന്ന് ഇതുവരെ തോന്നിയിട്ടില്ല.
ഓവര്‍ ക്ലീനിങ്ങിന്റെ അസുഖമുള്ള ആളാണ് ശരണ്യ. എന്ത് സാധനവും എടുത്തിടത്ത് തന്നെ വെക്കണം. എപ്പോഴും എല്ലാം വൃത്തിയായി തന്നെയിരിക്കണം. അതിന്റെ പേരില്‍ ഞങ്ങള്‍ ഇടക്കിടക്ക് കൊമ്പ് കോര്‍ക്കാറുണ്ട്. പക്ഷെ ഞാനും എന്റെ മക്കളും അനുസരണയുള്ളവരായത് കൊണ്ട് ഒന്നും മിണ്ടാതെ പോവും. അതുകൊണ്ട് തന്നെ വലിയ പ്രശ്‌നമില്ലാതെ മുമ്പോട്ട് പോകുന്നു,’ അരവിന്ദ് പറഞ്ഞു.
content highlight: actress sharanya mohan about her family