തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കി എ.എല്‍. വിജയ് ഒരുക്കിയ തലൈവി എന്ന ചിത്രത്തില്‍ ജയലളിതയുടെ തോഴി ശശികലയുടെ വേഷം അവതരിപ്പിച്ചത് മലയാളികളുടെ പ്രിയ നടി ഷംനാ കാസിം ആയിരുന്നു. തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് തലൈവിയെന്നും കങ്കണയ്‌ക്കൊപ്പം ഒരു വേഷം ചെയ്യാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷംന കാസിം പറഞ്ഞു.
ജയലളിതയുടെ കഥാപാത്രം വിദ്യാബാലന്‍ അഭിനയിക്കുമെന്നായിരുന്നു തുടക്കത്തില്‍ കേട്ടിരുന്നതെന്നും കങ്കണയാണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ ആ കഥാപാത്രത്തിന് യോജിക്കുമോ എന്ന് തോന്നിയിരുന്നെന്നും ഷംന കാസിം പറയുന്നു.
കങ്കണ മാം ഭയങ്കര മെലിഞ്ഞിരിക്കുന്ന ഒരാളായിരുന്നല്ലോ. ജയലളിതാമ്മ അങ്ങനെ അല്ല. എന്നാല്‍ സെറ്റില്‍ എത്തിയപ്പോള്‍ ആ ആശങ്കയെല്ലാം മാറി. കഥാപാത്രത്തിന് വേണ്ടി കങ്കണ നന്നായി തടിവെച്ചിരുന്നു, ഷംന പറയുന്നു.
പിന്നെ എടുത്തു പറയാവുന്ന കാര്യം അവരുടെ പെര്‍ഫോമന്‍സാണ്. നാല് നാഷണല്‍ അവാര്‍ഡ് വെറുതെ കിട്ടില്ലല്ലോ. ഓരോ സീനും ചെയ്യുമ്പോള്‍ അവര്‍ അത്ര പെര്‍ഫക്ട് ആയിട്ടാണ് ചെയ്യുന്നത്. തമിഴില്‍ പ്രോംറ്റ് ചെയ്യുമ്പോള്‍ പുള്ളിക്കാരി ചെയ്യുന്ന രീതി വേറെ തന്നെയാണ്. വളരെ മികച്ച ഒരു വ്യക്തിയാണ് അവര്‍. സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളൊക്കെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ്.
ഓരോ രംഗങ്ങള്‍ ചെയ്യുമ്പോഴും ഞാന്‍ പറയുമായിരുന്നു മാം അഞ്ചാമത്തെ നാഷണല്‍ അവാര്‍ഡ് ഉറപ്പാണെന്ന്. എ.എല്‍. വിജയ് സാറിനും അരവിന്ദ് സാറിനും അവാര്‍ഡ് കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ.
തന്റെ കരിയറിലെ മെമ്മറബിള്‍ മൂവിയാണ് തലൈവിയെന്നും ശശികല എന്ന കഥാപാത്രം ചെയ്യാന്‍ പറ്റുകയെന്നത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും ഷംന പറഞ്ഞു.
ചിത്രത്തിന്റെ രണ്ടാം ഭാഗം വരികയാണെങ്കില്‍ ശശികലയായി എന്നെ തന്നെ വിളിക്കണമെന്ന് സംവിധായകനോട് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ വില്ലത്തിയാട്ടായിരിക്കും ആ കഥാപാത്രം എത്തുകയെന്നും സിനിമ റിലീസായാല്‍ പിന്നെ തമിഴ്‌നാട്ടില്‍ ഇറങ്ങി നടക്കാന്‍ കുറച്ച് ബുദ്ധിമുട്ടായിരിക്കുമെന്നുമായിരുന്നു ചിരിച്ചുകൊണ്ട് സാര്‍ പറഞ്ഞത്, ഷംന പറയുന്നു.
ജയലളിതാമ്മയുടെ ബയോപിക്കാണെങ്കിലും എം.ജി.ആറിന്റെ വേഷം അതേപ്രധാന്യത്തോടെ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും അരവിന്ദ് സ്വാമി മികച്ച പ്രകടനം തന്നെയാണ് നടത്തിയതെന്നും ഷംന പറഞ്ഞു. ചിത്രത്തില്‍ അരവിന്ദ് സാറുമായുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ എനിക്ക് ഉണ്ടായിരുന്നില്ല. ഞാന്‍ എം.ജി.ആറുമായി പ്രണയത്തിലായി എന്ന് വേണമെങ്കില്‍ പറയാം.(ചിരി), ഷംന പറഞ്ഞു.
എന്തുകൊണ്ട് മലയാളത്തില്‍ സിനിമകള്‍ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് മലയാളത്തില്‍ ചെയ്യുകയാണെങ്കില്‍ നല്ല കഥാപാത്രം ചെയ്യാണമെന്നും വെറുതെ പടങ്ങള്‍ ചെയ്തിട്ട് കാര്യമില്ലെന്നുമായിരുന്നു ഷംനയുടെ മറുപടി.