| Wednesday, 26th May 2021, 4:11 pm

49 ദിവസം ജയിലില്‍, പുറത്തേക്കിറങ്ങുമ്പോള്‍ ഒരൊറ്റ ലക്ഷ്യമേ മനസ്സിലുണ്ടായിരുന്നുള്ളൂ: ശാലു മേനോന്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രതീക്ഷിക്കാത്ത പലകാര്യങ്ങളും തന്റെ ജീവിതത്തില്‍ സംഭവിച്ചെന്നും സത്യാവസ്ഥ എന്താണെന്ന് ചോദിച്ചു മനസ്സിലാക്കിയിരുന്നെങ്കില്‍ ഈ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാമായിരുന്നെന്നും നടി ശാലു മേനോന്‍.

സത്യം മനസ്സിലാക്കാതെ ആണിനെയായാലും പെണ്ണിനെയായാലും ആക്ഷേപിക്കരുതെന്നാണ് തനിക്കു പറയാനുള്ളതെന്നും താന്‍ തെറ്റു ചെയ്തിട്ടുണ്ടോ, ഇല്ലേ എന്നൊന്നും മനസ്സിലാക്കാതെ പലരും തന്നെ ഇതിലേക്ക് വലിച്ചിഴച്ചെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ശാലു മേനോന്‍ പറഞ്ഞു.

തുടക്കത്തില്‍ ഒരു വിഷമം തോന്നിയെങ്കിലും ഒന്നും എന്നെ കാര്യമായി ബാധിച്ചില്ല എന്നതാണ് സത്യം. അടുപ്പമുള്ളവര്‍ പലരും ഞാന്‍ ആത്മഹത്യ ചെയ്തുകളയുമോ എന്നുപോലും ഭയപ്പെട്ടിരുന്നു. ഒന്നാമത് ചെറുപ്പം. പ്രശ്‌നത്തിന്റെ വ്യാപ്തി അത്രത്തോളം വലുതും. എനിക്കത് താങ്ങാനാകുമോ എന്നായിരുന്നു അവരുടെ പേടി. രണ്ടു ദിവസം ഞാനൊന്നു പതറി. എന്തായാലും ദൈവത്തിന്റെ ഇടപെടല്‍ കൊണ്ടാകാം എനിക്ക് നല്ല ധൈര്യം തോന്നി. ജീവിതം പഠിപ്പിച്ച പാഠങ്ങള്‍ എന്നെ മാറ്റിയെടുത്തു, ശാലു പറയുന്നു.

വ്യക്തി എന്ന നിലയില്‍ സ്വയം പുതുക്കിപ്പണിയാന്‍ ജയിലിലെ ദിവസങ്ങള്‍ തന്നെ പാകപ്പെടുത്തിയെന്നും അന്നേവരെ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ജയിലില്‍ നാല്പത്തൊമ്പതു ദിവസം കഴിഞ്ഞെന്നും ശാലു പറയുന്നു.

‘പലതരം മനുഷ്യരെ കാണാന്‍ പറ്റി. കുടുംബത്താല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, നിസ്സഹായരായവര്‍. എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചത് ആ കാലത്താണ്. വിശ്വാസം ആണെന്നെ പിടിച്ചുനിര്‍ത്തിയത്. ചെയ്തുപോയ തെറ്റോര്‍ത്തു പശ്ചാത്തപിക്കുന്നവര്‍, സാഹചര്യങ്ങള്‍ കൊണ്ട് തെറ്റിലേക്കെത്തിയവര്‍, ഞാനെന്റെ അമ്മയെപ്പോലെ കണ്ടവര്‍, ജാമ്യം കിട്ടിയിട്ടും പോകാനിടമില്ലാത്ത മനുഷ്യര്‍. അവരുടെ കഥകളും അനുഭവങ്ങളുമൊക്കെ അവരെന്നോട് പങ്കുവെച്ചു. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ എന്റേതൊന്നും ഒരു പ്രശ്‌നമേ അല്ല എന്നു തിരിച്ചറിഞ്ഞു.

അവിടെനിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഒരൊറ്റ ലക്ഷ്യമേ മനസ്സിലുണ്ടായിരുന്നുള്ളൂ. അതൊരു വാശികൂടിയായിരുന്നു. എല്ലാം തിരിച്ചുപിടിക്കണമെന്ന വാശി. തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ നൃത്തത്തിലേക്ക് മടങ്ങി. ക്ലാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളില്‍ സജീവമായി. ഒരിടത്തുനിന്നും മോശം കമന്റോ കുറ്റപ്പെടുത്തലോ എനിക്ക് കേള്‍ക്കേണ്ടി വന്നില്ല. മിനിസ്‌ക്രീന്‍ പ്രേക്ഷകരും എന്നെ സ്വീകരിച്ചു. ഞാന്‍ തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം, ശാലു ചോദിച്ചു.

ആരെയും കണ്ണടച്ചു വിശ്വസിക്കുന്ന ആളായിരുന്നു താനെന്നും അതൊക്കെയാണ് ദോഷം ചെയ്തതെന്നും ആ സ്വഭാവം താന്‍ മാറ്റിയെടുത്തെന്നും ശാലു പറയുന്നു. ‘ജീവിതത്തിന് പക്വത വന്നു. ഇപ്പോള്‍ ഞാന്‍ ബോള്‍ഡാണ്. ആ മോശം ദിവസങ്ങളൊക്കെ മറന്നുകഴിഞ്ഞു,’ ശാലു പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Actress Shalu Menon About Her Life and Career

We use cookies to give you the best possible experience. Learn more