Entertainment news
എന്റെ സീരിയല്‍ കാണുമ്പോള്‍ അമ്മയടക്കം ചീത്ത വിളിക്കാറുണ്ട്, നിനക്ക് വേറെ പണിയൊന്നുമില്ലെയെന്നാണ് അവര്‍ ചോദിക്കുന്നത്: ഷാലു കുര്യന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 29, 02:05 pm
Sunday, 29th January 2023, 7:35 pm

സിനിമ- സീരിയല്‍ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഷാലു കുര്യന്‍. സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയുമാണ് താരം. അനവധി ടെലിവിഷന്‍ ചാനലുകളില്‍ വിവിധ റോളുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

സീരിയല്‍ കണ്ട പ്രേക്ഷകരുടെ പ്രതികരണത്തെക്കുറിച്ച് പറയുകയാണ് ഷാലു. തന്റെ അമ്മ അടക്കം ചീത്ത വിളിക്കാറുണ്ടെന്നും എന്ത് പരിപാടിയാണ് കാണിക്കുന്നതെന്ന് ചോദിക്കാറുണ്ടെന്നും ഷാലു പറഞ്ഞു.

വീട്ടില്‍ നിന്നും പുറത്ത് പോകുമ്പോള്‍ താന്‍ മേക്കപ്പ് ഇടാറില്ലെന്നും അതുകൊണ്ട് തന്നെ സീരിയലില്‍ കാണുന്ന പോലെയല്ലെന്ന് പലരും പറയാറുണ്ടെന്നും നടി പറഞ്ഞു. അമൃത ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാലു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സീരിയല്‍ കാണുമ്പോള്‍ ഉള്ള ചീത്ത വിളിയെ എനിക്ക് കിട്ടാറുള്ളൂ. എന്റെ അമ്മ അടക്കം എന്നെ ചീത്ത വിളിക്കാറുണ്ട്. എന്നാ പരിപാടിയാണ് നീ ഈ കാണിക്കുന്നത്. നിനക്ക് വേറെ പണിയൊന്നുമില്ലെയെന്നാണ് അവര്‍ എന്നോട് ചോദിക്കുന്നത്.

പക്ഷെ ആളുകള്‍ വെളിയില്‍ നിന്ന് എന്നെ കാണുമ്പോള്‍ ആദ്യം തന്നെ അയ്യോ എന്നാണ് പറയുന്നത്. കാരണം സീരിയലില്‍ എനിക്ക് ഭയങ്കര സൈസ് ഉള്ളതായി തോന്നുന്നുണ്ട്. അതുകൊണ്ട് തന്നെ നേരിട്ട് കാണുമ്പോള്‍ ഇത്രയെ ഉള്ളൂ എന്ന് ചോദിക്കുമ്പോഴേക്കും അവരുടെ മൈന്‍ഡ് മാറുകയാണ്. പിന്നെ ചീത്ത വിളിക്കേണ്ടത് ഓര്‍ക്കില്ല.

വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങുമ്പോള്‍ ഞാന്‍ മേക്കപ്പ് ഒന്നും ഇടാറില്ല. മേക്കപ്പ് ഇല്ലാതെ എന്നെ കണ്ട് കഴിഞ്ഞാല്‍ ഇങ്ങോട്ട് കഞ്ഞി വാങ്ങിത്തരും. അതിനകത്ത് എന്തൊരു വില്ലത്തരമാണ് നേരിട്ട് കണ്ടാല്‍ എന്തെങ്കിലും പറായന്‍ പറ്റുമോയെന്ന് ചോദിക്കുന്ന ഒരുപാട് പേരുണ്ട്.

ഇപ്പോള്‍ എന്നെ ഒരുപാട് റോളിലേക്ക് വിളിക്കുന്നുണ്ട്. പക്ഷെ എല്ലാം വില്ലത്തി റോളിലേക്കാണ്. നെഗറ്റീവാണെന്ന് പറയുമ്പോള്‍ ചെയ്യുന്നില്ലെന്ന് ഞാന്‍ പറയുകയാണ്. വില്ലത്തരം ആണ് എന്റെ മുഖത്ത് എഴുതി വെച്ചിരിക്കുന്നതെന്നാണ് എല്ലാവരും പറയുന്നത്. പോസീറ്റീവ് കഥാപാത്രത്തിനായിട്ടാണ് ഞാന്‍ ഇപ്പോള്‍ വെയ്റ്റ് ചെയ്യുന്നത്,” ഷാലു കുര്യന്‍ പറഞ്ഞു.

content highlight: actress shalu kurriyan about her fans