| Saturday, 19th November 2022, 3:59 pm

പരിപാടികളില്‍ നിന്നും ഒഴിവാക്കുന്നത് ആദ്യമായല്ല, ഒരുപാട് വേദനിപ്പിച്ചു; മുഖ്യാതിഥി ആയി പങ്കെടുക്കുന്ന സിനിമ പ്രൊമോഷന് അനുമതി നിഷേധിച്ചതില്‍ ഷക്കീല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ താന്‍ അതിഥിയായി എത്തുന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി ഷക്കീല. ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ഹൈലൈറ്റ് മാളില്‍ നടത്തുന്നതിനായി നേരത്തെ അനുമതി വാങ്ങിയിരുന്നു.

എന്നാല്‍ തലേദിവസം പരിപാടി നടത്താനാവില്ലെന്ന് ഹൈലൈറ്റ് മാള്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു.

ഇത് തന്റെ ആദ്യത്തെ അനുഭവമല്ലെന്നും മുമ്പ് ഇതുപോലെയുള്ള സംഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും ഒമര്‍ ലുലു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഷക്കീല പറഞ്ഞു.

‘എനിക്കിത് ആദ്യത്തെ അനുഭവമല്ല. കാലകാലങ്ങളായി ഇത് നേരിടുന്നുണ്ട്. എല്ലാവരേയും ഞാന്‍ മിസ് ചെയ്യുന്നുണ്ട്. കോഴിക്കോട്ടുള്ള ഒരുപാട് പേര് എനിക്കും മെസേജ് അയച്ചു. എനിക്കും നല്ല വിഷമമായി. ഈ സംഭവം എന്നെ വേദനിപ്പിക്കുന്നതാണ്. നിങ്ങളാണ് എന്നെ ഈ നിലയിലെത്തിച്ചത്. നിങ്ങള്‍ തന്ന അംഗീകാരം മറ്റ് പലരും തരുന്നില്ല,’ ഷക്കീല പറഞ്ഞു.

മുഖ്യാതിഥിയായി ക്ഷണിച്ച ശേഷം ഷക്കീലയെ ഒഴിവാക്കി പരിപാടി നടത്തുന്നത് ശരിയല്ലെന്നും ഇന്ന് കോഴിക്കോട് നടത്താന്‍ ഇരുന്ന ട്രെയ്‌ലര്‍ ലോഞ്ച് ഒഴിവാക്കുകയാണെന്ന് ഒമര്‍ ലുലു വീഡിയോയില്‍ പറഞ്ഞു.

ഷക്കീലയാണ് അതിഥി എന്നറിഞ്ഞതോടെയാണ് മാള്‍ അധികൃതര്‍ അനുമതി നിഷേധിച്ചതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ആളുകൂടുന്നതിനാല്‍ സുരക്ഷ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് അനുമതി നിഷേധിച്ചതെന്നാണ് മാള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണമെന്നും ഒമര്‍ ലുലു പറഞ്ഞു.

ഷക്കീല പങ്കെടുക്കാനിരിക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഇര്‍ഷാദ് നായകനാവുന്ന നല്ല സമയം നവംബര്‍ 25നാണ് റിലീസ് ചെയ്യുന്നത്.

Content Highlight: Actress Shakeela reacted to the incident where the promotion of the film in which she was appearing as a guest was withdrawn at Kozhikode Highlight Mall

We use cookies to give you the best possible experience. Learn more