എന്നോട് ഒരു സ്‌റ്റോറി പറയും, പക്ഷെ അതായിരിക്കില്ല അവര്‍ എടുക്കുക: ഷക്കീല
Entertainment news
എന്നോട് ഒരു സ്‌റ്റോറി പറയും, പക്ഷെ അതായിരിക്കില്ല അവര്‍ എടുക്കുക: ഷക്കീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th February 2023, 12:33 pm

ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് തന്റെ സിനിമകള്‍ ഒന്നും ഇഷ്ടമല്ലെന്ന് നടി ഷക്കീല. ‘എ’ ഫിലിം ഇഷ്ടമല്ലെന്നും അതുകൊണ്ട് അഭിനയിച്ച ഒരു കഥാപാത്രത്തോടും ഇഷ്ടം തോന്നിയിട്ടില്ലെന്നും ഷക്കീല പറഞ്ഞു.

ആ സമയത്ത് തനിക്ക് ഒരുപാട് സിനിമകള്‍ വന്നുവെന്നും പക്ഷെ തന്നോട് പറയുന്ന കഥയായിരിക്കില്ല അവസാനം എടുക്കുക, അതുകൊണ്ട് കഥകേള്‍ക്കാനുള്ള സമയം താന്‍ കളയാറില്ലെന്നും ഷക്കീല പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്റെ സിനിമകള്‍ എല്ലാമൊന്നും ഞാന്‍ കണ്ടിട്ടില്ല. കിന്നാരതുമ്പി ഞാന്‍ ഒരു തവണ കണ്ടിട്ടുണ്ട്. ഞാന്‍ അഭിനയിച്ചതില്‍ എനിക്ക് ഒന്നും ഇഷ്ടമായിട്ടില്ല. ‘എ’ ഫിലിം എനിക്ക് ഇഷ്ടമല്ല. ഞാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഇതുവരെ എനിക്ക് ഇഷ്ടപെട്ട ഒരു കഥാപാത്രം കിട്ടിയിട്ടില്ല.

അതൊരു വേവ് ആയിരുന്നു. അപ്പോള്‍ എനിക്ക് ഒരുപാട് സിനിമകള്‍ കിട്ടി. അഭിനയിച്ചതിന് എനിക്ക് നല്ല പൈസയും കിട്ടി. അവര്‍ എന്നോട് ഒരു സ്‌റ്റോറി പറയും, പക്ഷെ അതായിരിക്കില്ല അവര്‍ എടുക്കുക. അതുകൊണ്ട് കഥ കേള്‍ക്കാനുള്ള സമയം ഞാന്‍ വെറുതെ കളയാറില്ല.

എത്ര ദിവസം ഷൂട്ട് ഉണ്ട് എന്ന് മാത്രമെ ചോദിക്കുള്ളൂ. എന്നിട്ട് ഞാന്‍ അവിടേക്ക് ചെല്ലും. ഒരു നല്ല സീന്‍, ഒരു ഹസ്ബന്‍ഡ് സീന്‍, ഫാന്റസി സീന്‍ ഇതൊക്ക എടുത്ത് ഒരു ദിവസം കൊണ്ട് വര്‍ക്ക് കഴിയും. പൈസ വാങ്ങി തിരിച്ച് ഞാന്‍ പോകും.

ഇതില്‍ ഏതാണ് ഇഷ്ടമുള്ള ക്യാരക്ടറായിട്ട് ഞാന്‍ പറയേണ്ടത്. ഞാന്‍ ഇനി നല്ല കഥാാപത്രങ്ങള്‍ ചെയ്യും. നല്ല കുറേ കഥാപാത്രങ്ങള്‍ എന്റെ മനസില്‍ ഉണ്ട്. സീരിയസ് റോള്‍ ചെയ്യാന്‍ നോക്കിയിരുന്നു. പക്ഷെ എന്റെ ഫേസിന് അത് പറ്റുന്നില്ലെന്ന് സംവിധായകന്‍ പറഞ്ഞു. നന്നായിട്ട് കരയുന്ന സാധാരണ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഞാന്‍ നന്നായിട്ട് കരയാറുണ്ട്,” ഷക്കീല പറഞ്ഞു.

CONTENT HIGHLIGHT: ACTRESS SHAKEELA  ABOUT HER FILM