ഭാഷ പോലും അറിയാത്ത സ്ഥലത്ത് താന്‍ ഒറ്റക്ക് താമസിക്കേണ്ടി വന്നപ്പോഴുണ്ടായ അനുഭവത്തക്കുറിച്ച് പറയുകയാണ് നടി ഷക്കീല. മഴകാരണം ഫ്‌ളൈറ്റ് ഭുവനേശ്വറില്‍ ഇറക്കിയെന്നും തനിക്ക് ഒറ്റക്ക് ഹോട്ടലില്‍ താമസിക്കേണ്ടി വന്നുവെന്നും ഷക്കീല പറഞ്ഞു.
അവിടെ വെച്ച് ഭക്ഷണം കഴിക്കാന്‍ തന്റെ കൂടെ ഫ്‌ളൈറ്റില്‍ ഉള്ളവര്‍ വിളിച്ചുവെങ്കിലും തനിക്ക് ടെന്‍ഷന്‍ കാരണം പുറത്ത് പോവാന്‍ പേടിയായിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അവിടെ വെച്ച് റൂം സര്‍വീസിലെ ഒരു മലയാളി തന്നെ വിളിച്ചുവെന്നും അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ തനിക്കുള്ള പേടിയെക്കുറിച്ചെല്ലാം പറഞ്ഞുവെന്നും ഷക്കീല പറഞ്ഞു.
അദ്ദേഹമാണ് തനിക്ക് കഴിക്കാന്‍ ഭക്ഷണം കൊടുത്തുവിട്ടതെന്നും മലയാളികളെ തനിക്ക് വലിയ ഇഷ്ടമാണെന്നും ഷക്കീല പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഒരു ദിവസം മഴകാരണം ഞാന്‍ പോയിരുന്ന ഫ്‌ളൈറ്റ് ഭുവനേശ്വറില്‍ ഇറങ്ങി. അവിടെ എത്തിയപ്പോള്‍ എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഒറീസ ഭാഷ പോലും എനിക്ക് മനസിലാവുന്നില്ലായിരുന്നു.
അവിടെ വെച്ച് എന്നെ ഒരു തെലുങ്ക് സംസാരിക്കുന്ന ഒരാളെ കണ്ടു. മാഡം എങ്ങനെയുണ്ട്, സുഖമല്ലെയെന്ന് അയാള്‍ ചോദിച്ചു. കുറച്ച് ഹാപ്പിയാണെന്ന് മാത്രം ഞാന്‍ അയാളോട് പറഞ്ഞു. എനിക്ക് ഫ്‌ളൈറ്റില്‍ കയറാന്‍ ശരിക്കും പേടിയാണ്. എന്റെ കൂടെ വന്ന കുറേ പേര് എയര്‍പോര്‍ട്ടിലുള്ളവരുമായിട്ട് ഫൈറ്റ് ചെയ്തു. ഞാനും അവരുടെ കൂടെ നിന്നു. അവസാനം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഞങ്ങള്‍ക്ക് ഒരു ദിസത്തേക്ക് സെപ്പറേറ്റ് റൂം തരാമെന്ന് അവര്‍ അറിയിച്ചു.
ഞാന്‍ ആദ്യമായിട്ടാണ് ഒറ്റക്ക് താമസിക്കുന്നത്. എന്റെ കൂടെ വന്നവര്‍ എന്നെ വിളിച്ചു. അവരുടെ കുട്ടിയുടെ പിറന്നാളാണ്. താഴെ വെച്ചുള്ള പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വരണമെന്ന് പറഞ്ഞു. ഞാന്‍ പോയില്ല. കാരണം അത്രമാത്രം ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നെ വിളിക്കരുതെന്ന് അവരോട് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു മലയാളി എന്നെ വിളിച്ചു. എന്താ മാഡം സുഖമല്ലേയെന്ന് ചോദിച്ചു. റൂം സര്‍വീസില്‍ നിന്നാണെന്ന് പറഞ്ഞു. എനിക്ക് ഭയങ്കര ആശ്വാസമായി. എന്താണ് മാഡം ഭക്ഷണം കഴിക്കാന്‍ താഴെ വരാത്തതെന്ന് അയാള്‍ ചോദിച്ചു. എനിക്ക് ഭയങ്കര ഭയമാണ് ചേട്ടാ… എനിക്ക് രണ്ട് പെഗ് വേണം. പേടി കൊണ്ട് എനിക്ക് ഉറക്കം വരുന്നില്ല. കയ്യില്‍ ഇത്ര പൈസയുണ്ടെന്ന് ഞാന്‍ പറഞ്ഞു.
ഒന്നും പേടിക്കേണ്ടെന്ന് അവര്‍ പറഞ്ഞു. പിന്നെ എനിക്ക് വലിയ ട്രേയില്‍ മദ്യവും പല തരം ഭക്ഷണവും കൊണ്ട് തന്നു. ഞാന്‍ എത്രയോ പേര്‍ക്ക് ഭക്ഷണം കൊടുത്തു. അതൊന്നും ആര്‍ക്കും അറിയില്ല. പക്ഷെ എനിക്ക് ഭക്ഷണം കിട്ടി. ഇതാണ് ഞാന്‍ പറഞ്ഞത് ദൈവമുണ്ടെന്ന്. അതും എനിക്ക് ഭക്ഷണം തന്നത് മലയാളികളാണ്. ആ മലയാളി അവിടെ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഭക്ഷണവും കഴിക്കില്ല. പേടിച്ച് പോകുമായിരുന്നു,” ഷക്കീല പറഞ്ഞു.
content highlight: actress shakeela about her experence