സമൂഹമാധ്യമം വഴി ഇസ്‌ലാംവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ ക്ഷമാപണം നടത്തി ഹോളിവുഡ് നായിക സെല്‍മ ബ്ലെയര്‍. തന്റെ വാക്കുകള്‍ നിരവധി ആളുകളെ വേദനിപ്പിച്ചന്നെും അതില്‍ ഖേദിക്കുന്നുവെന്നും നടി എക്‌സിലൂടെ പറഞ്ഞു.
യു.എസില്‍ നിന്ന് ഹമാസ് അംഗങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത സംസ്ഥാന പ്രതിനിധികളായ കോറി ബുഷിനെയും റാഷിദ ത്‌ലൈബിനെയും നടി സമൂഹമാധ്യമം വഴി വിമര്‍ശിച്ചിരുന്നു.
‘തീവ്രവാദികളെ പിന്തുണക്കുന്നവരെയെല്ലാം നാടുകടത്തണം. ഇസ്‌ലാം മതം മുസ്‌ലീം രാജ്യങ്ങളെ തകര്‍ത്തു. എന്നിട്ടവര്‍ ഇവിടെ വന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ’, സെല്‍മ ബ്ലെയര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ പ്രസ്താവന നടി സമൂഹമാധ്യമങ്ങളില്‍ നിന്നും പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണം നടത്തി നടി രംഗത്തെത്തിയത്.
പ്രസ്താവനയില്‍ മുസ്‌ലീങ്ങളെ റാഡിക്കല്‍ ഇസ്‌ലാമിസ്റ്റുകളായും മതമൗലികവാദികളായും തെറ്റായി പരാമര്‍ശിക്കപ്പെട്ടുവെന്ന് നടി പറഞ്ഞു. വിദ്വേഷവും തെറ്റായ വിവരങ്ങളും ഇക്കാലത്ത് വളരെ എളുപ്പത്തിലാണ് പ്രചരിക്കപ്പെടുന്നത്.
ഇത്തവണ അതെന്റെ സ്വന്തം കൈകള്‍ കൊണ്ടാണ് സംഭവിച്ചത്. തനിക്ക് തെറ്റ് പറ്റിയെന്നും മുസ്‌ലീം സമൂഹത്തെ അസ്വസ്ഥരാക്കുന്നതിന് പ്രസ്താവന കാരണമായെന്ന് മനസിലായെന്നും അവര്‍ പറഞ്ഞു.
‘അത് വിദ്വേഷ പ്രസ്താവനയായിരുന്നില്ലെന്ന് സഹിഷ്ണുതക്കും സമാധാനത്തിനും വേണ്ടി ആഗ്രഹിക്കുന്ന എല്ലാവരോടും പറയാനാഗ്രഹിക്കുന്നു. എന്റെ വാക്കുകളില്‍ വേദനിച്ച മുസ്‌ലീം സമുദായത്തില്‍ പെട്ടവരോടും എല്ലാ സുഹൃത്തുകളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനിയൊരു തെറ്റ് പറ്റാതെ ശ്രദ്ധിക്കാം’, സെല്‍മ ബ്ലെയര്‍ പറഞ്ഞു.
നടിയുടെ പ്രസ്താവനയില്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സിന്റേതുള്‍പ്പടെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. നടിയുടെ വാക്കുകള്‍ വിദ്വേഷം നിറഞ്ഞതും വിവരമില്ലായ്മയുമാണെന്നാണ് അവര്‍ പ്രതികരിച്ചത്. മതഭ്രാന്തനായി ആരെങ്കിലും ജനിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ലെന്ന് സംഘടനയുടെ നാഷണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എഡ്വേര്‍ഡ് അഹമ്മദ് മിച്ചല്‍ പറഞ്ഞു.
ഗസയില്‍ തുടരുന്ന അക്രമങ്ങളെ പിന്തുണച്ച് വിദ്വേഷകരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന കലാകാരന്മാരെ അവഗണിക്കുന്നവര്‍ പലസ്തീന്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന കലാകാരന്മാരെ ശിക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്ന ഫിലിം സ്റ്റുഡിയോകളോടും ടാലന്റ് ഏജന്‍സികളോടും അവര്‍ ഫിലിം സ്റ്റുഡിയോകളോടും ടാലന്റ് ഏജന്‍സികളോടും അഭ്യര്‍ഥിച്ചു.
Contant Highlight: Selma Blair apologises for Islamophobic comment