സമൂഹമാധ്യമം വഴി ഇസ്‌ലാംവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ ക്ഷമാപണം നടത്തി ഹോളിവുഡ് നായിക സെല്‍മ ബ്ലെയര്‍. തന്റെ വാക്കുകള്‍ നിരവധി ആളുകളെ വേദനിപ്പിച്ചന്നെും അതില്‍ ഖേദിക്കുന്നുവെന്നും നടി എക്‌സിലൂടെ പറഞ്ഞു.
യു.എസില്‍ നിന്ന് ഹമാസ് അംഗങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത സംസ്ഥാന പ്രതിനിധികളായ കോറി ബുഷിനെയും റാഷിദ ത്‌ലൈബിനെയും നടി സമൂഹമാധ്യമം വഴി വിമര്‍ശിച്ചിരുന്നു.
‘തീവ്രവാദികളെ പിന്തുണക്കുന്നവരെയെല്ലാം നാടുകടത്തണം. ഇസ്‌ലാം മതം മുസ്‌ലീം രാജ്യങ്ങളെ തകര്‍ത്തു. എന്നിട്ടവര്‍ ഇവിടെ വന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ’, സെല്‍മ ബ്ലെയര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ പ്രസ്താവന നടി സമൂഹമാധ്യമങ്ങളില്‍ നിന്നും പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണം നടത്തി നടി രംഗത്തെത്തിയത്.
പ്രസ്താവനയില്‍ മുസ്‌ലീങ്ങളെ റാഡിക്കല്‍ ഇസ്‌ലാമിസ്റ്റുകളായും മതമൗലികവാദികളായും തെറ്റായി പരാമര്‍ശിക്കപ്പെട്ടുവെന്ന് നടി പറഞ്ഞു. വിദ്വേഷവും തെറ്റായ വിവരങ്ങളും ഇക്കാലത്ത് വളരെ എളുപ്പത്തിലാണ് പ്രചരിക്കപ്പെടുന്നത്.
ഇത്തവണ അതെന്റെ സ്വന്തം കൈകള്‍ കൊണ്ടാണ് സംഭവിച്ചത്. തനിക്ക് തെറ്റ് പറ്റിയെന്നും മുസ്‌ലീം സമൂഹത്തെ അസ്വസ്ഥരാക്കുന്നതിന് പ്രസ്താവന കാരണമായെന്ന് മനസിലായെന്നും അവര്‍ പറഞ്ഞു.