Kerala News
അമ്മയിലെ കൂട്ടരാജിയിൽ ഭിന്നത; രാജിവെച്ചിട്ടില്ലെന്ന് സരയുവും അനന്യയും, ഒളിച്ചോട്ടമെന്ന് ബൈജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 28, 04:11 am
Wednesday, 28th August 2024, 9:41 am

കൊച്ചി: താരസംഘടന അമ്മയുടെ കൂട്ടരാജിയിൽ ഭിന്നത. സംഘടനയുടെ കൂട്ടരാജി തീരുമാനം തള്ളുകയാണ് എക്സ്ക്യൂട്ടീവ് അംഗങ്ങളായ സരയുവും അനന്യയും. തങ്ങൾ രാജി വെച്ചിട്ടില്ലെന്നും ഭരണസമിതി ഇല്ലാത്തിടത്ത് എങ്ങനെ തുടരുമെന്നും അവർ ചോദിച്ചു. എന്നാൽ നിയമോപദേശം ലഭിച്ച ശേഷമാണ് ഭരണസമിതി പിരിച്ചുവിട്ടതെന്ന് മുൻ നേതൃത്വം വ്യക്തമാക്കി.

കമ്മിറ്റിയിൽ താനിതുവരെ രാജി സമ്മർപ്പിച്ചിട്ടില്ലെന്നും അമ്മ യോഗത്തിന്റെ നിലപാടാണ് എടുത്തതെന്നും സരയു മീഡിയ വണ്ണിനോട്‌ പറഞ്ഞു. കൂട്ടരാജിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെന്നും ഇത്തരം കോലാഹലങ്ങളിൽ ഇടപെടാൻ താത്പര്യമില്ലാത്ത ആളാണ് പ്രസിഡന്റ് മോഹൻലാലെന്നും സരയു കൂട്ടിച്ചേർത്തു.

‘ഞാൻ ഇതുവരെ കമ്മിറ്റിയിൽ രാജി സമർപ്പിച്ചിട്ടില്ല. അമ്മയോഗയത്തിൽ അങ്ങനെയൊരു നിലപാടാണ് എടുത്തത്. കൂട്ടരാജിയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. കുറച്ചുപേർ അതിൽ ഉറച്ചു നിൽക്കുന്നുണ്ട്. അമ്മയും ചലച്ചിത്ര മേഖലയിലെ എല്ലാ പ്രവർത്തകരും ചേർന്ന് നടത്തേണ്ട വാർത്ത സമ്മേളനമായിരുന്നുവത്. അമ്മ മാത്രം അഡ്രസ് ചെയ്ത് നടത്തേണ്ട ഒരു വാർത്താസമ്മേളനമല്ലായിരുന്നു.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും ആ അഭിപ്രായം തന്നെയാണ് പങ്കുവെച്ചത്. ഇത്തരം കോലാഹലങ്ങളിലും ഇടപെടലുകളിലും താത്പര്യമില്ലാതെ അദ്ദേഹത്തിന്റേതായ സ്പേസിൽ ജോലിചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ് അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ. ഒരുപക്ഷേ അതായിരിക്കാം ഇത്തരമൊരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്,’സരയു പറഞ്ഞു.

 

അമ്മയുടെ കമ്മിറ്റി അത്തരത്തിൽ പിരിച്ചുവിടേണ്ടിയിരുന്നില്ലെന്നും ഒരുപാട് പ്രതീക്ഷയോടെയാണ് താൻ കമ്മിറ്റിയിലേക്ക് എത്തിയതെന്നും പറഞ്ഞ സരയു സംഘടനയിൽ തലമുറമാറ്റം വന്നാലും കാര്യ പ്രാപ്തിയുള്ളവരായിരിക്കണമെന്നും വ്യക്തമാക്കി.

 

അതേസമയം അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ വിഭിന്ന അഭിപ്രായമാണ് സിനിമ മേഖലയിലുള്ളവർക്ക്. കൂട്ടരാജി ഒരു ഒളിച്ചോട്ടമായിപ്പോയെന്നാണ് നടൻ ബൈജു സന്തോഷ്‌ ഇതിനോട് പ്രതികരിച്ചത്. പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ വിഷയത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയില്ല.

സിനിമാ രംഗത്തെ ലൈംഗികാതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍ ആളുകള്‍ രംഗത്ത് വന്നതോടെയാണ് താരസംഘടനയായ അമ്മയില്‍ നിന്ന് മോഹന്‍ലാല്‍ രാജിവെച്ചത്. പിന്നാലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു.

ഭരണ സമിതി അതിന്റെ ധാര്‍മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു എന്നായിരുന്നു മോഹന്‍ലാലിന്റെ രാജിക്കത്തില്‍ പറഞ്ഞിരുന്നത്. വിമര്‍ശിച്ചതിനും തിരുത്തിയതിനും എല്ലാവര്‍ക്കും നന്ദിയെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ രാജിക്കത്ത് അവസാനിച്ചത്.

 

Content Highlight: Actress Sarayu About collective resignation In Amma Executive Committee