ബിജിത് ബാലയുടെ സംവിധാനത്തില്‍ ശ്രീനാഥ് ഭാസി നായകനായ പടച്ചോനേ ഇങ്ങള് കാത്തോളി റിലീസായിരിക്കുകയാണ്. പേരുപോലെ തന്നെ കുതിരവട്ടം പപ്പുവിന്റെ ഡയലോഗിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. പാര്‍ട്ടിഗ്രാമത്തിലെ സഖാവ് ദിനേശിന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.
ദിനേശിന്റെ അച്ചമ്മയായി എത്തിയ സരസ ബാലുശ്ശേരിയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ശാരദ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. അന്ധവിശ്വസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായി നിലകൊള്ളുന്ന കഥാപാത്രമാണ് ശാരദ. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന അച്ചമ്മ പറയുന്ന ഓരോ ഡയലോഗിനും തിയേറ്ററില്‍ പൊട്ടിച്ചിരിയാണ്. തുടക്കം മുതല്‍ ഒടുക്കം വരെ അത് നില നിര്‍ത്താന്‍ സരസക്ക് സാധിക്കുന്നുണ്ട്.
ഒരിടത്തും അടങ്ങി ഇരിക്കാത്ത പ്രകൃതക്കാരിയാണ് ശാരദ. ദിനേശിനോടും അമ്മയോടും എപ്പോഴും വഴക്കിടുമെങ്കിലും ഉള്ളില്‍ വാത്സല്യമുള്ള അച്ചമ്മയാണ് അവര്‍. പാര്‍ട്ടി പ്രവര്‍ത്തകനായ ദിനേശന്‍ പോലും അന്ധവിശ്വാസങ്ങളില്‍ പെട്ട് പോകുമ്പോള്‍ അച്ചമ്മ മാത്രം അതില്‍ വിശ്വസിക്കാതെ പുച്ഛിക്കുന്നത് കാണാം.
രണ്ടാം പകുതിയിലാണ് അതിലേക്ക് അച്ചമ്മയെ എത്തിച്ച സാഹചര്യത്തെക്കുറിച്ച് സിനിമയില്‍ കാണിക്കുന്നത്. ചൊവ്വാ ദോഷത്തില്‍ വിശ്വസിച്ച ശാരദയുടെയും സഖാവ് കേളപ്പന്റെയും പ്രണയത്തെക്കുറിച്ച് ഏറെ വൈകിയാണ് ദിനേശന്‍ അറിയുന്നത്. ദിനേശന്റെ പിന്നീടുള്ള ജീവിതത്തിന് അതൊരുവെളിച്ചമാകുന്നതും ചിത്രത്തില്‍ കാണാം.
ഒരു രക്ഷയുമില്ലാത്ത പെര്‍ഫോമന്‍സാണ് സരസ ബാലുശ്ശേരി കാഴ്ചവെക്കുന്നത്. മറ്റ് കഥാപാത്രങ്ങളുടെയെല്ലാം മേലെ നില്‍ക്കാന്‍ ശാരദ എന്ന കഥാപാത്രത്തിലൂടെ അവര്‍ക്കാവുന്നുണ്ട്. എപ്പോഴും ദിനേശനോട് കലഹിച്ച് നടക്കുന്ന അച്ചമ്മ വാത്സല്യം പ്രകടിപ്പിക്കുമ്പോഴും വല്ലാത്ത മനോഹാരിതയാണ്.പറയുന്ന ഒരോ ഡയലോഗും അതിന്റേതായ ശൈലി കൊണ്ട് മികച്ചതാക്കി കയ്യടി വാങ്ങിക്കൂട്ടുകയാണ് സരസ.
ഇതിനുമുമ്പും നിരവധി ചിത്രങ്ങളില്‍ തന്റേതായ സ്വഭാവികതയോടെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നടിക്കായിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ ആണ് സരസയുടെ ആദ്യ ചിത്രം. പതിനാറാം വയസ് മുതല്‍ നാടകത്തില്‍ സജീവമാണ് നടി. ഉള്‍ട്ട, ഡാകിനി, വാങ്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും സരസ ബാലുശ്ശേരി ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
ആന്‍ ശീതള്‍, ഗ്രേസ് ആന്റണി, നിര്‍മല്‍ പാലാഴി, ഹരീഷ് കണാരന്‍, ദിനേശ് പ്രഭാകര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. മാമൂക്കോയയും സണ്ണി വെയ്‌നും കാമിയോ റോളില്‍ ചിത്രത്തിലെത്തുന്നുണ്ട്.
content highlight: actress sarasa balussery’ performance in the movie Padachone Ingalu Kaatholee