|

ഒരു അറപ്പും വെറുപ്പുമില്ലാതെ ഫിലോമിന ചേച്ചിയെ മോഹന്‍ലാല്‍ കോരിയെടുത്തു കൊണ്ടുപോയി; അനുഭവം പങ്കുവെച്ച് ശാന്തകുമാരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി സിദ്ദീഖ്-ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് വിയറ്റ്‌നാം കോളനി. വലിയ താരനിര തന്നെ എത്തിയ ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടി ശാന്തകുമാരി.

മോഹന്‍ ലാലിനെക്കുറിച്ച് സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവമാണ് ശാന്തകുമാരി പങ്കുവെക്കുന്നത്. അമൃത ടിവിയിലെ ലാല്‍ സലാം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശാന്തകുമാരി.

സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മോഹന്‍ലാലിനോട് സ്‌നേഹവും വാത്സല്യവുമൊക്കെ തോന്നാനുണ്ടായ കാരണം വ്യക്തമാക്കുകയായിരുന്നു അവര്‍.

‘വിയറ്റ്‌നാം കോളനി സിനിമ ചെയ്ത് കൊണ്ടിരുന്നപ്പോള്‍, എനിക്ക് ലാലിനെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടാന്‍കാരണം ഇതാണ്. അന്ന് ഫിലോമിന ചേച്ചിയുടെ കാലിന് സുഖമില്ലായിരുന്നു. കാല് പഴുത്തിരിക്കുന്ന സമയമായിരുന്നു. ആര്‍ക്കും അടുത്ത് പോകാന്‍ എന്തോ ഒരു മടിയായിരുന്നു. ആ സമയത്താണ് ചേച്ചി മരിച്ച് കിടക്കുന്ന സീന്‍ എടുക്കുന്നത്. ആ സീനില്‍ ലാല്‍ ഒരു അറപ്പും വെറുപ്പുമില്ലാതെ ആ അമ്മയെ കോരിയെടുത്ത് കൊണ്ടു വരുമ്പോള്‍ സത്യമായിട്ടും, അന്നെനിക്ക് ലാലിനോട് ഒരു സ്‌നേഹവും വാത്സല്യവുമൊക്കെ തോന്നി,’ ശാന്തകുമാരി പറഞ്ഞു.

മോഹന്‍ലാലിനൊപ്പം നടി കനക, കെ.പി.എ.സി. ലളിത, കുതിരവട്ടം പപ്പു, ഇന്നസെന്റ്, ശങ്കരാടി, ഭീമന്‍ രഘു, നെടുമുടി വേണു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്തത്. 1992 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ രംഗങ്ങളും പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Santhakumari about about Mohanlal and Vietnam colony movie