|

മഞ്ജു ചേച്ചിയ്ക്ക് കരയാന്‍ ഗ്ലിസറിന്റെ ആവശ്യമില്ല, നിഷ്‌കളങ്കമായ പെരുമാറ്റമാണ്; അനുഭവം പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിനുടമയാണ് മഞ്ജു വാര്യര്‍ എന്ന് പറയുകയാണ് നടി സാനിയ ഇയ്യപ്പന്‍. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സാനിയയുടെ പ്രതികരണം.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയത് സാനിയയായിരുന്നു. മഞ്ജുവുമൊത്തുണ്ടായ ഷൂട്ടിംഗ് ഓര്‍മ്മകളെപ്പറ്റിയും സാനിയ മനസ്സുതുറന്നിരുന്നു.

‘ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിനുടമയാണ് മഞ്ജു ചേച്ചി. നിഷ്‌കളങ്കമായ പെരുമാറ്റം. മഞ്ജു ചേച്ചിയ്‌ക്കൊപ്പം ആദ്യ സിനിമയില്‍ തന്നെ അമ്മയും മകളുമായി അഭിനയിക്കാന്‍ കഴിഞ്ഞു.

സീന്‍ ശരിയായോ എന്ന് ചേച്ചിയോട് ചോദിക്കും. നന്നായിട്ടുണ്ട് മോളെ എന്നാണ് മറുപടി. എത്ര വേഗമാണ് ചേച്ചി കഥാപാത്രമായി മാറുന്നത്. അത് എനിക്ക് പുതിയ കാഴ്ചയാണ്. മഞ്ജു ചേച്ചിയ്ക്ക് കരയാന്‍ ഗ്ലിസറിന്റെ ആവശ്യമില്ല.

ഒരുപാട് സിനിമയില്‍ ഒപ്പം അഭിനയിക്കാന്‍ തോന്നും. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു ചേച്ചി. ലൂസിഫറില്‍ നിന്നാരംഭിച്ച മഞ്ജു ചേച്ചിയുമായുള്ള സൗഹൃദം ഇപ്പോഴും തുടരുന്നു. അത് എനിക്ക് ലഭിച്ച അനുഗ്രഹമായി കരുതാനാണ് താല്‍പ്പര്യം,’ സാനിയ പറഞ്ഞു.

ബാലതാരമായി സിനിമയിലെത്തി നായികയായി വളര്‍ന്ന താരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ സിനിമയിലൂടെ സിനിമാ ലോകത്ത് ചുവടുറപ്പിച്ച സാനിയയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ലൂസിഫറി’ല്‍ സാനിയ ചെയ്ത വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന ചിത്രത്തില്‍ അതിഗംഭീരപ്രകടനമാണ് താരം നടത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Actress Saniya Iyyappan Talks About Manju Warrier