| Wednesday, 11th August 2021, 3:30 pm

എവിടെ എന്തുമോശം, അതിനെ പ്രോത്സാഹിപ്പിക്കുന്നവരാണ് മലയാളികള്‍; നെഗറ്റിവിറ്റിയോടാണ് താത്പര്യം; വിമര്‍ശനവുമായി സാനിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാനിയ ഇയ്യപ്പന്‍. മമ്മൂട്ടി നായകനായ ബാല്യകാല സഖിയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാനിയ ഇന്ന് തിരക്കുള്ള ഒരു നായികയാണ്.

ലക്ഷക്കണക്കിന് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുള്ള സാനിയ എവിടേയും തന്റെ നിലപാട് വ്യക്തമാക്കാന്‍ മടിക്കാറില്ല. അതുകൊണ്ട് തന്നെ ധാരാളം സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയായിട്ടുണ്ട്.

തന്റെ ചിത്രങ്ങള്‍ക്കു വരുന്ന നെഗറ്റീവ് കമന്റുകള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. ഫ്ളാഷ് മൂവീസിനു നല്‍കിയ അഭിമുഖത്തിലാണ് സാനിയ വിമര്‍ശനം ഉന്നയിക്കുന്നത്.

‘ഞാന്‍ എന്തു ചെയ്യണമെന്നത് എന്റെ ഇഷ്ടമാണ്. സിനിമയില്‍ വന്ന അന്നു മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലയിരുത്തല്‍ അഭിമുഖീകരിക്കുന്നു. വിമര്‍ശനം നടത്തുന്നവരോട് പറയട്ടെ, എന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല.

ഞാന്‍ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമര്‍ശിക്കാന്‍ വരരുത്. എന്റെ വസ്ത്രധാരണത്തെയാണ് ഏറെ അധിക്ഷേപിക്കുന്നത്. എനിക്കത് വള്‍ഗറായി തോന്നുന്നില്ല. ഇഷ്ടമായതിനാല്‍ ധരിക്കുന്നു.

എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ്. സിനിമയില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ടാണ് വാങ്ങുന്നത്. എനിക്കതില്‍ അഭിമാനമാണ്. എവിടെ എന്തു മോശമുണ്ടെങ്കിലും അതിനെ പ്രോല്‍സാഹിപ്പിക്കുന്നവരാണ് മലയാളികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഒരാളെ സമൂഹമാധ്യമത്തില്‍ ആക്രമിക്കുക അവര്‍ക്ക് രസമാണ്. മലയാളികള്‍ക്ക് നെഗറ്റിവിറ്റിയോടാണ് കൂടുതല്‍ താല്‍പര്യം. ഇത് ഒരുപക്ഷേ എന്റെ തോന്നലാവാം.

നല്ലത് കണ്ടാല്‍ അത് തുറന്നു പറയാന്‍ മടിക്കുന്നവരാണ് മലയാളികള്‍. താരതമ്യേന വിമര്‍ശനം കുറഞ്ഞിട്ടുണ്ട്. നല്ല രീതിയില്‍ പിന്തുണക്കുന്നവരുമുണ്ട്. രണ്ട് തരം ആളുകള്‍. അത് യാഥാര്‍ത്ഥ്യമാണ്. അനുഭവമാണ് ഒരാളെ നല്ല വ്യക്തിത്വത്തിന് ഉടമ ആക്കുന്നതെന്നാണ് എന്റെ വിശ്വാസം,’ സാനിയ പറഞ്ഞു.

ഒ.ടി.ടി റിലീസായി എത്തിയ ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ എന്നതാണ് സാനിയയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Saniya Iyyappan About Malayalees Negativity

We use cookies to give you the best possible experience. Learn more