Advertisement
Entertainment news
കാസ്റ്റിങ് കൗച്ച് പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, ആണ്‍കുട്ടികള്‍ക്കും ഫേസ് ചെയ്യേണ്ടി വരുന്നുണ്ട്; സിനിമാമേഖലയിലെ ആരും എന്നെ അംഗീകരിച്ചിട്ടില്ല: സാനിയ ഇയ്യപ്പന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 25, 04:00 am
Saturday, 25th March 2023, 9:30 am

താന്‍ നേരിട്ട കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്ന് പറയുകയാണ് നടി സാനിയ ഇയ്യപ്പന്‍. ചുരുക്കം അനുഭവങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളുവെങ്കിലും ഇത്തരത്തിലുള്ള സമീപനം മോശമാണെന്ന് താരം പറഞ്ഞു.

കാസ്റ്റിങ് കൗച്ച് പെണ്‍കുട്ടികള്‍ മാത്രമാണ് ഫേസ് ചെയ്യുന്നതെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ബോളിവുഡിലൊക്കെ ആണ്‍കുട്ടികള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഫേസ് ചെയ്യേണ്ടി വരുന്നുണ്ടെന്നും സാനിയ പറഞ്ഞു.

വസ്ത്രധാരണത്തിന്റെ പേരില്‍ സിനിമാമേഖലയിലുള്ളവര്‍ തന്നെ ജഡ്ജ് ചെയ്യുന്നതിനെക്കുറിച്ചും സാനിയ സംസാരിച്ചു. ധന്യ വര്‍മക്ക് ഒപ്പമുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എനിക്ക് അങ്ങനെ വളരെ ചുരുക്കം അുഭവങ്ങളെ ഉണ്ടായിട്ടുള്ളു. നമ്മളൊക്കെ അത്രയും ആഗ്രഹിച്ച് വന്നതാണ് സിനിമയില്‍. അവിടെ നമ്മള്‍ ഇങ്ങനെ ഒരു രീതിയില്‍ തീരേണ്ടതാണോ? പക്ഷെ ഇതൊക്കെ എപ്പോള്‍ മാറും ശരിയാകും എന്നൊന്നും എനിക്ക് അറിയില്ല.

കാസ്റ്റിങ് കൗച്ചിന്റെ പ്രശ്‌നങ്ങള്‍ പെണ്‍കുട്ടികള്‍ മാത്രമാണ് ഫേസ് ചെയ്യേണ്ടി വരുന്നതെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ബോളിവുഡിലൊക്കെ ആണ്‍കുട്ടികള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഫേസ് ചെയ്യേണ്ടി വരുന്നുണ്ട്.

ഞാന്‍ പറയുന്നത് തെറ്റാണോയെന്ന് അറിയില്ല. പക്ഷെ ചിലര്‍ അവസരങ്ങള്‍ കിട്ടാനായി അങ്ങനെ നിന്ന് കൊടുക്കുന്നുണ്ട്. അതുകൊണ്ടാണ് എല്ലാവരില്‍ നിന്നും അവര്‍ ഇത് പ്രതീക്ഷിക്കാന്‍ കാരണം.

എനിക്ക് അങ്ങനെയൊരു കോള്‍ വന്നപ്പോള്‍ ചോദിച്ചത് ആ കാര്യമാണ്. എന്തുകൊണ്ട് അവര്‍ക്ക് അങ്ങനെ ചെയ്യാമെങ്കില്‍ നിങ്ങള്‍ക്ക് ചെയ്തുകൂടായെന്ന് ചോദിച്ചവരുണ്ട്. ഞാന്‍ മാത്രമല്ല, ഒരുപാട് ടാലന്റുള്ള പെണ്‍കുട്ടികള്‍ ഇത് ഫേസ് ചെയ്തിട്ടുണ്ട്,” സാനിയ ഇയ്യപ്പന്‍ പറഞ്ഞു.

വസ്ത്രധാരണത്തിന്റെ പേരില്‍ സിനിമാമേഖലയില്‍ വര്‍ക്ക് ചെയ്യുന്നവര്‍ തന്നെ ജഡ്ജ് ചെയ്യാറുള്ളതിനെക്കുറിച്ചും സാനിയ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ കാണുന്നതല്ല പലരുടെയും ലൈഫ്. ചില പിള്ളേര്‍ എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയക്കാറുണ്ട്, ഞാന്‍ അവരെ ഇന്‍സ്‌പെയര്‍ ചെയിതിട്ടുണ്ടെന്ന്. ഒരിക്കലുമില്ല, എല്ലാവരുടെ ലൈഫിലും അവരുടേതായ ചലഞ്ചുകള്‍ ഉണ്ട്.

എല്ലാം നിര്‍ത്തി എങ്ങോട്ടെങ്കിലും പോയാലോ എന്ന് ചില സമയത്ത് തോന്നും. ഇന്‍ഡ്‌സ്ട്രിയില്‍ ആരും എന്നെ സ്വീകരിച്ചിട്ടില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവാര്‍ഡ് ഫങ്ഷനൊക്കെ പോകുമ്പോള്‍ ആളുകള്‍ എന്നെ വല്ലാതെ ജഡ്ജ് ചെയ്യും. പ്രായത്തിനേക്കാള്‍ അഹങ്കാരമാണ്, പ്രായത്തിനൊത്തല്ല നടക്കുന്നത് എന്നൊക്കെയാണ് അവര്‍ക്ക് പറയാനുള്ളത്.

സിനിമയിലെ ഓരോ ഫങ്ഷന് പോവുമ്പോള്‍ പലരും ചുറ്റില്‍ നിന്ന് ഇത്തരത്തില്‍ സംസാരിക്കും. എനിക്ക് സിനിമയില്‍ നിന്ന് ഫ്രണ്ട്‌സ് ഇല്ല. അടുത്തായിട്ട് എനിക്ക് ആകെ കിട്ടിയത് ഗ്രേസിനെയാണ്,” സാനിയ പറഞ്ഞു.

content highlight: actress saniya iyyappan about film industry