ദുല്‍ഖറിന്റെ നായികയാകാനായിരുന്നു ആഗ്രഹിച്ചത്, സഹോദരിയുടെ റോള്‍ വന്നപ്പോള്‍ ചെയ്യാന്‍ ആദ്യം താത്പര്യമുണ്ടായിരുന്നില്ല: സാനിയ ഇയ്യപ്പന്‍
Movie Day
ദുല്‍ഖറിന്റെ നായികയാകാനായിരുന്നു ആഗ്രഹിച്ചത്, സഹോദരിയുടെ റോള്‍ വന്നപ്പോള്‍ ചെയ്യാന്‍ ആദ്യം താത്പര്യമുണ്ടായിരുന്നില്ല: സാനിയ ഇയ്യപ്പന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd October 2022, 12:56 pm

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റര്‍ ഡേ നൈറ്റ് എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. നിവിന്‍, സിജു വില്‍സണ്‍, സൈജു കുറുപ്പ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി സാനിയ ഇയ്യപ്പനും എത്തുന്നുണ്ട്. റോഷന്‍ ആന്‍ഡ്രൂസ് തന്നെ സംവിധാനം ചെയ്ത സല്യൂട്ട് എന്ന ചിത്രത്തിലും സാനിയ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ സഹോദരിയായിട്ടായിരുന്നു താരം എത്തിയത്.

എന്നാല്‍ സല്യൂട്ട് താന്‍ ചെയ്യണമെന്ന് വിചാരിച്ച സിനിമ ആയിരുന്നില്ലെന്ന് പറയുകയാണ് സാനിയ. അതിനൊരു കാരണമുണ്ടായിരുന്നെന്നും എഫ്.ടി.ക്യൂ വിത്ത് രേഖാമേനോന്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സാനിയ പറഞ്ഞു.

‘റോഷനേട്ടന്റെ കൂടെ ഞാന്‍ ചെയ്യുന്ന രണ്ടാമത്തെ മൂവിയാണ് സാറ്റര്‍ഡേ നൈറ്റ്. സല്യൂട്ടിലേക്ക് റോഷന്‍ ചേട്ടന്‍ എന്നെ വിളിച്ചപ്പോള്‍ ശരിക്കും ഞാന്‍ ആ സിനിമ ചെയ്യണമെന്ന് വിചാരിച്ചിരുന്നില്ല. അതിന് ഒരു കാരണമുണ്ടായിരുന്നു. ദുല്‍ഖറിന്റെ വലിയ ആരാധികയാണ് ഞാന്‍. എന്നെങ്കിലും ദുല്‍ഖറിന്റെ ഓപ്പോസിറ്റായി ഒരു സിനിമയില്‍ വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.

അതുകൊണ്ട് തന്നെ സഹോദരിയുടെ വേഷം വന്നപ്പോള്‍ അത് ചെയ്യണോ എന്ന് ആലോചിച്ചിരുന്നു. പിന്നെ എല്ലാവരും എന്നോട് ആ കഥാപാത്രം ചെയ്യണമെന്ന് തന്നെ പറഞ്ഞു. ഇതൊരു വലിയ യാത്രയാണെന്നും എപ്പോള്‍ വേണമെങ്കിലും എന്ത് വേണമെങ്കിലും സംഭവിക്കാമെന്നും കഥാപാത്രം ഒഴിവാക്കരുതെന്നും പറഞ്ഞു.

അങ്ങനെയാണ് സല്യൂട്ടില്‍ എത്തുന്നത്. ആ സിനിമയില്‍ അഭിനയിച്ചത് നന്നായെന്ന് അതിന് ശേഷം എനിക്ക് തോന്നുകയും ചെയ്തു. റോഷനേട്ടനുമായി പരിചയപ്പെടാന്‍ കഴിഞ്ഞതും അതുകൊണ്ട് തന്നെയാണ്. സാറ്റര്‍ഡേ നൈറ്റിലെ ക്യാരക്ടറിന് വേണ്ടിയും റോഷന്‍ ചേട്ടന്‍ തന്നെയാണ് വിളിച്ചത്.

സാനിയയ്ക്ക് ബൈക്ക് ഓടിക്കാന്‍ അറിയുമോ എന്ന് ചോദിച്ചായിരുന്നു മെസ്സേജ്. ഇല്ല അറിയില്ല എന്ന് പറഞ്ഞു. എന്നാല്‍ പതുക്കെ പഠിച്ച് തുടങ്ങാന്‍ പറഞ്ഞു. ശരി എന്നൊക്കെ പറഞ്ഞെങ്കിലും ഞാന്‍ അത് കാര്യമായിട്ട് എടുത്തില്ലായിരുന്നു. പിന്നെ ഒരു മാസം കഴിഞ്ഞപ്പോള്‍ എന്തായി പഠിത്തം എന്ന് ചോദിച്ച് വിളിച്ചു. പഠിക്കാന്‍ തുടങ്ങിയെന്ന് ഞാന്‍ കള്ളം പറഞ്ഞു. അപ്പോഴാണ് സിനിമയെ കുറിച്ച് പറഞ്ഞത്. നിവിന്‍ ആണ് ലീഡ് റോള്‍ ചെയ്യുന്നതെന്നും അതില്‍ ഒരു കഥാപാത്രം താനാണെന്നും സാനിയ്ക്ക് കണക്ടാവുന്ന കഥാപാത്രമാണെന്നും റോഷന്‍ ചേട്ടന്‍ പറഞ്ഞു. അങ്ങനെയാണ് സാറ്റര്‍ഡേ നൈറ്റിന്റെ ഭാഗമാകുന്നത്, സാനിയ ഇയ്യപ്പന്‍ പറഞ്ഞു.

Content Highlight: Actress Saniya Iyyappan about Dulquer Salmaan and salute Movie