അഭിനയിച്ച കഥാപാത്രത്തിന്റെ പേരിൽ എന്നും അറിയപ്പെടുകയെന്നത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല. ചിന്താവിഷ്ടയായ ശ്യാമള എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ സ്വന്തം ശ്യാമളയായി ഇഷ്ടം മുഴുവൻ നേടിയെടുത്ത നടിയാണ് സംഗീത.
അഭിനയിച്ച കഥാപാത്രത്തിന്റെ പേരിൽ എന്നും അറിയപ്പെടുകയെന്നത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല. ചിന്താവിഷ്ടയായ ശ്യാമള എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ സ്വന്തം ശ്യാമളയായി ഇഷ്ടം മുഴുവൻ നേടിയെടുത്ത നടിയാണ് സംഗീത.
ചുരുങ്ങിയ കാലം കൊണ്ട് വിവിധ ഭാഷകളിലെ സൂപ്പർ സ്റ്റാറുകളുടെയടക്കം നായികയായി അഭിനയിച്ച സംഗീത ചിന്താവിഷ്ടയായ ശ്യാമളയിലെ പ്രകടനത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം ചാവേർ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ സജീവമാവാൻ ഒരുങ്ങുകയാണ് സംഗീത.
“ഞാൻ എവിടെ പോയാലും ശ്യാമള എന്നാണ് എല്ലാവരും വിളിക്കാറ്”
സംഗീത പറയുന്നു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു താരം.
“ചിന്താവിഷ്ടയായ ശ്യാമളയിൽ അഭിനയിക്കുമ്പോൾ എനിക്ക് 19 വയസ്സാണ് പ്രായം. അതിന്റെ എല്ലാ ക്രെഡിറ്റും ശ്രീനി സാറിന് ആണ്. അധികം സിനിമ ചെയ്യാത്ത ശ്രീനി സാർ സിനിമ സംവിധാനം ചെയുന്നു എന്ന കാര്യമാണ് ഞാൻ കൂടുതൽ ശ്രദ്ധിച്ചത്. ഇടവേളയ്‍ക്ക് ശേഷം ‘നഗരവാരിധി നടുവിൽ ഞാൻ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ പോവുമ്പോഴും ശ്രീനി സാർ വിളിച്ചിട്ടാണ് ഞാൻ ചെന്നത്. എനിക്ക് ഏതുകാലത്തും ശ്രീനി സാറുമായി പടം ചെയ്യാൻ ഇഷ്ടമാണ്”, സംഗീത പറയുന്നു.
മലയാളത്തിൽ മികച്ച അഭിനേതാക്കൾക്കൊപ്പം സിനിമ ചെയ്യാൻ സംഗീതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
” ശ്യാമള ചെയുന്ന സമയത്തു തിലകൻ സാർ ഒരു ചെറിയ കുട്ടിയെ പോലെയായിരുന്നു എന്നെ പരിഗണിച്ചത്. മമ്മൂട്ടി സാറോടൊപ്പം പല്ലാവൂർ ദേവനാരായണൻ ചെയ്യുമ്പോൾ മമ്മൂക്കയെന്നെ ‘സന്തുഷ്ടയായ ശ്യാമള ‘ എന്നായിരുന്നു വിളിക്കാറ് (ചിരിക്കുന്നു). എനിക്ക് മമ്മൂട്ടി സാറേ ഒരുപാട് ഇഷ്ടമാണ്. എല്ലാവരും പറയുന്ന പോലെ അവരൊന്നും അത്ര സീരിയസ് അല്ല. ഞാൻ അവരോടൊപ്പം നല്ല കംഫർട്ടബിൾ ആയിരുന്നു”, സംഗീത പറഞ്ഞു.
മോഹൻലാലിൻറെ നാടോടിയെന്ന സിനിമയിലൂടെ ബാലതാരമായാണ് സംഗീത ആദ്യമായി മലയാളത്തിൽ എത്തുന്നത്. വിവാഹത്തിന് ശേഷം സംഗീത കരിയറിൽ ഒരു ഇടവേളയെടുത്തിരുന്നു. ടിനു പാപ്പച്ചൻ ഒരുക്കുന്ന ചാവേറടക്കം ഒരുപിടി ചിത്രങ്ങളിലൂടെ വീണ്ടും മലയാളത്തിൽ സജീവമാവുമെന്നാണ് താരം പറയുന്നത്. ടിനുവിന്റെ അജഗജാന്തരം കണ്ട് ഇംപ്രസ്ഡ് ആയിട്ടാണ് താന്‍ ചാവേറിലേക്ക് എത്തിയതെന്നും താരം പറഞ്ഞു.
Content Highlight : Actress Sangeetha Speak About Her Role In Chindhavishtayaya Shyamala Movie