| Wednesday, 8th March 2023, 1:20 pm

റിമയുടെ വറുത്ത മീന്‍ കഥയെ കുറിച്ച് എന്തൊക്കെയാണ് ആളുകള്‍ പറഞ്ഞത്, കളിയാക്കുമ്പോഴും സത്യാവസ്ഥ ആരും നോക്കാറില്ല: സാന്ദ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വന്തം കാലില്‍ നില്‍ക്കുക എന്നതിലുപരി ഇമോഷണലി ഇന്‍ഡിപ്പെന്റടാവുക എന്നതാണ് ഒരു സ്ത്രീയെ സംബന്ധിച്ച് പ്രധാന കാര്യമെന്ന് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ഇമോഷണല്‍ ഫ്രീഡമുണ്ടെങ്കില്‍ പല കാര്യങ്ങളും ചെയ്യാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. സോഷ്യല്‍ കണ്ടീഷനിങ്ങില്‍ വീഴാതെ ശ്രദ്ധിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

റിമ കല്ലിങ്കലിന്റെ വറുത്ത മീന്‍ പ്രസ്താവനയെ കുറിച്ചും സാന്ദ്ര തോമസ് സംസാരിച്ചു. റിമയുടെ പ്രസ്താവനയെ ആളുകള്‍ കളിയാക്കുമ്പോഴും പലയിടത്തും അതൊക്കെ തന്നെയാണ് ഇപ്പോഴും നടക്കുന്നതെന്ന് എത്രപേര്‍ക്ക് അറിയാമെന്നാണ് സാന്ദ്ര തോമസ് ചോദിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഓരോ പെണ്‍കുട്ടിയുടേയും ലക്ഷ്യം സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുക എന്നതാണ്. പക്ഷെ അതിലെല്ലാമുപരി ഇമോഷണലി ഇന്‍ഡിപ്പെന്റഡ് ആവുക എന്നതാണ്. ചെറുപ്പത്തില്‍ തന്നെ ഒരോ അമ്മമാരും അത് മക്കളെ പഠിപ്പിച്ച് കൊടുക്കണം. കാരണം അമ്മമാരാണ് ഒരു തലമുറയെ വാര്‍ത്തെടുക്കുന്നത്. അത് ആണ്‍ക്കുട്ടികളാണെങ്കിലും പെണ്‍കുട്ടികളാണെങ്കിലും.

സോഷ്യല്‍ കണ്ടീഷനിങ്ങിലേക്ക് വീഴാതെ നോക്കുക. ഇമോഷണല്‍ ഫ്രീഡം ഉണ്ടെങ്കില്‍ പല കാര്യങ്ങളും നമുക്ക് ചെയ്യാന്‍ കഴിയും. അങ്ങനെ അല്ലെങ്കില്‍ എത്ര പണം ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല. ആരെയും ആശ്രയിച്ച് ജീവിക്കാതിരിക്കാന്‍ പഠിക്കുക.

ഒരിക്കല്‍ റിമയുടെ മീന്‍ വറുത്ത കഥയുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് ആളുകള്‍ പറഞ്ഞത്. പക്ഷെ അങ്ങനെ കളിയാക്കുമ്പോഴും അത് ഇപ്പോഴും പലയിടത്തും നടക്കുന്നതാണ് എന്ന് എത്രപേര്‍ക്ക് അറിയാം. ആദ്യം ആണുങ്ങള്‍ ഇരുന്ന് കഴിച്ചതിന് ശേഷമേ പെണ്ണുങ്ങള്‍ ഇരിക്കാന്‍ പാടുള്ളു. ഇനി അതിലൊരു മാറ്റം ഉണ്ടാകും.

കാരണം പുതിയ ജനറേഷന്‍ വേറെ രീതിയിലാണ് ചിന്തിക്കുന്നത്. അവര്‍ മാറ്റങ്ങള്‍ കൊണ്ടുവരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ സിസ്റ്റം കല്‍പ്പിച്ച് വെക്കുന്ന കുറേ കാര്യങ്ങളുണ്ട്. കല്യാണം, മതം പോലെ ചിലത്. ഇതൊക്കെ എന്നേ തുടച്ചുമാറ്റേണ്ട സമയം കഴിഞ്ഞു. ഇതെല്ലാം മാറും. പുതിയ തലമുറ ഇതെല്ലാം മാറ്റി അവര്‍ അവരുടേതായ ഒരു ട്രൈബ് ഉണ്ടാക്കി എടുക്കും,’ സാന്ദ്ര തോമസ് പറഞ്ഞു.

content highlight: actress sandra thomas about womans day

We use cookies to give you the best possible experience. Learn more