പ്രസവത്തിനു ശേഷം വിഷാദത്തിലൂടെ കടന്ന് പോയി; ആഗ്രഹിക്കുന്നതെല്ലാം സാധിക്കുന്നു, പിന്നെ ഇവള്‍ക്കെന്താ പ്രശ്‌നമെന്നായിരുന്നു വീട്ടുകാര്‍ കരുതിയത്: സാന്ദ്ര തോമസ്
കൊച്ചി: വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും നിര്‍മ്മാണരംഗത്തിലൂടെയും മലയാളത്തിന്റെ പ്രിയ താരമായയാളാണ് സാന്ദ്ര തോമസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാന്ദ്ര തന്റെ മക്കളുടെ വിശേഷങ്ങള്‍ ഓരോന്നും സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്നു.
നിരവധി പേരാണ് സാന്ദ്രയുടെ വ്യത്യസ്തമായ പാരന്റിംഗ് രീതിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ മാതൃദിനത്തില്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് തനിക്കുണ്ടായ ഡിപ്രഷനും അത് തരണം ചെയ്ത വഴികളെപ്പറ്റിയും തുറന്നു പറയുകയാണ് സാന്ദ്ര.
മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്ര മനസ്സു തുറന്നത്.
‘ഗര്‍ഭകാലത്തും പ്രസവം കഴിഞ്ഞ ശേഷവും ഞാന്‍ വിഷാദത്തിലൂടെ കടന്ന് പോയി. എനിക്ക് മെഡിക്കല്‍ സഹായം വേണമെന്ന് തോന്നിയിരുന്നു. പക്ഷേ എന്റെ ചുറ്റുമുള്ളവര്‍ക്ക് ഇത് മനസിലായില്ല. എല്ലാം കൊണ്ടും വല്ലാത്തൊരു കാലഘട്ടമായിരുന്നു. വല്ലാതെ ദേഷ്യം വരുക സങ്കടപ്പെടുക ഇതൊക്കെയുണ്ടായിരുന്നു. വീട്ടുകാര്‍ നോക്കുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം സാധിച്ച് തരുന്നു പിന്നെ ഇവള്‍ക്കെന്താ പ്രശ്‌നമെന്നായിരുന്നു അവര്‍ കരുതിയത്’, സാന്ദ്ര പറയുന്നു.
ഇരട്ടക്കുട്ടികളായിരുന്നതുകൊണ്ട് തന്നെ ആ സമയത്ത് ശരീരഭാരം വല്ലാതെ കൂടിയിരുന്നുവെന്നും എന്നാല്‍ ആ ഘട്ടം താനൊറ്റയ്ക്കാണ് തരണം ചെയ്തതെന്നും സാന്ദ്ര പറഞ്ഞു.
ഈ സമയത്ത് കൊറിയന്‍ ഡ്രാമകള്‍ സ്ഥിരമായി കാണുമായിരുന്നുവെന്നും വല്ലാത്തൊരു റിലീഫ് അതില്‍ നിന്നും ലഭിച്ചിരുന്നുവെന്നും സാന്ദ്ര പറയുന്നു.
‘കേട്ടാല്‍ നിസാരമെന്ന് തോന്നാം ആ സമയത്ത് കൊറിയന്‍ ഡ്രാമകള്‍ കാണുമായിരുന്നു. വല്ലാത്തൊരു റിലീഫ് എനിക്ക് അതില്‍ നിന്ന് ലഭിച്ചിരുന്നു. വായനയും എന്നെ സഹായിച്ചിരുന്നു. അങ്ങനെ എന്റെ മനസ്സിനെ തിരിച്ച് വിടാനായി ശ്രമിച്ചു. സാന്ദ്രയ്ക്ക് ഇത് നേരിടാന്‍ പറ്റുമെന്ന് പറഞ്ഞ് ധൈര്യം തന്ന എന്റെ ഗൈനക്കോളജിസ്റ്റിനെ എനിക്ക് മറക്കാന്‍ സാധിക്കില്ല. എല്ലാവര്‍ക്കും ഒറ്റയ്ക്ക് ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ പറ്റിയെന്ന് വരില്ല’, സാന്ദ്ര പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക