| Wednesday, 12th May 2021, 4:06 pm

തെറ്റായ പല തീരുമാനങ്ങളും എടുത്തിരുന്നു; ഇനി സിനിമ വേണ്ട എന്ന് തീരുമാനിച്ച് മാസങ്ങളോളം വിട്ടുനിന്നു: സംയുക്ത മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ വരണം എന്ന് ആഗ്രഹിക്കാതെ വന്നയാളാണ് താനെന്നും സിനിമയെ കുറിച്ച് ഒന്നും അറിയാത്തൊരാള്‍ എടുക്കാന്‍ സാധ്യതയുള്ള തെറ്റായ തീരുമാനങ്ങള്‍ താനും എടുത്തിട്ടുണ്ടെന്നും പറയുകയാണ് നടി സംയുക്ത മേനോന്‍.

അത്തരം തീരുമാനങ്ങള്‍ എടുത്തതില്‍ ഇന്ന് സങ്കടമില്ലെന്നും കാരണം ആ തീരുമാനങ്ങളും അതിന്റെ ഫലവും ആണ് ഇന്ന് ‘എക്‌സ്ട്രീംലി ഡിറ്റര്‍ മിന്‍ഡ്’ ആയ ഞാന്‍ ഉണ്ടാകാന്‍ കാരണമെന്നും സംയുക്ത പറയുന്നു.

‘എന്റെ ജീവിതത്തില്‍ പല പ്രധാന കാര്യങ്ങളും തീര്‍ന്നു എന്നു തോന്നിയിടത്തു നിന്നാണ് വീണ്ടും തുടങ്ങിയത്. ആദ്യ സിനിമ നല്ലതായിരുന്നില്ല. അതുകൊണ്ട് ഇനി സിനിമ വേണ്ട എന്നു ഞാന്‍ തീരുമാനിച്ചു. നാലു മാസത്തോളം ഒരു സിനിമയും കമ്മിറ്റ് ചെയ്തില്ല. പകരം യാത്ര പോയി. ആ യാത്രയില്‍ ഉത്തരേന്ത്യയിലെ ഒരു കടല്‍ തീരത്ത് നില്‍ക്കുമ്പോള്‍ തോന്നി സിനിമയിലേക്ക് തിരികെ വരണം, വിജയിക്കണം എന്ന്.

ആ കുട്ടി ശ്രമിച്ചു, വിജയിക്കാനായില്ല എന്നു ചുറ്റുമുള്ളവര്‍ വിലയിരുത്തുന്നത് എനിക്ക് ഇഷ്ടമല്ല. എനിക്ക് വിജയത്തില്‍ കുറഞ്ഞ് ഒന്നും മതിയാകുമായിരുന്നില്ല. സാമ്പത്തിക നില സുരക്ഷിതമായി കൊണ്ടുപോകണം എന്നതിനാല്‍ തിരികെ വന്നയുടന്‍ ഒരു സിനിമ കമ്മിറ്റ് ചെയ്തു. അതിന് ശേഷം ആണ് ‘ലില്ലി ചെയ്യുന്നത്. അതിന് വേണ്ടി സ്പാനിഷ് കൊറിയന്‍ റഫറന്‍സ് സിനിമകള്‍ കണ്ടു. ഇതുപോലെ നല്ല സിനിമകളുടെ ഭാഗം ആകണം എന്ന തോന്നല്‍ ഉണ്ടായി. സിനിമയെ ഞാന്‍ ശരിക്കും സ്‌നേഹിച്ചു തുടങ്ങി,’ സംയുക്ത പറഞ്ഞു.

എടക്കാട് ബറ്റാലിയന് ശേഷം രണ്ട് വര്‍ഷത്തേക്ക് സംയുക്തയെ കണ്ടില്ല. സോഷ്യല്‍മീഡിയയിലും ആക്ടീവായിരുന്നില്ല. ഡിപ്രഷന്‍ ആയിരുന്നോ സംയുക്തയുടെ മൗനത്തിന് കാരണം എന്ന ചോദ്യത്തിന് ഒരു വ്യക്തിയുടെ ജീവിതം സോഷ്യല്‍മീഡിയ ആക്ടിവിറ്റി ആണ് എന്ന് ധരിക്കുന്നത് കൊണ്ടാണ് ഇത്തരം ഊഹാപോഹങ്ങള്‍ ഉണ്ടാകുന്നത് എന്നായിരുന്നു താരത്തിന്റെ മറുപടി.

സൗകര്യവും സമയവും ഉണ്ടെങ്കിലാണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആകുക. പുതിയ കാര്യങ്ങള്‍ പഠിക്കാനും കൂടുതല്‍ വായിക്കാനും എന്നെത്തന്നെ മെച്ചപ്പെടുത്താനും ശ്രദ്ധിക്കുകയായിരുന്നു ഈ സമയത്ത്. അപ്പോള്‍ പലരും ഡിപ്രസ്ഡ് ആണോ, ഓക്കെ അല്ലേ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി.

ഫിറ്റ്‌നസ് എപ്പോഴും ശ്രദ്ധിക്കുമെങ്കിലും എന്റെ ശരീരം ഞാന്‍ ഉദ്ദേശിക്കുന്ന ലുക്കില്‍ തന്നെ ആക്കിയെടുക്കണം എന്ന് ലക്ഷ്യമിട്ടു. ഇന്‍സ്ട്രക്ടറെ വച്ചു വര്‍ക്കൗട്ട് ചെയ്തു. ലക്ഷ്യം നേടി കഴിഞ്ഞപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടു. ഈ കാലയളവില്‍ ഞാന്‍ വളരെ എനര്‍ജറ്റിക് ആയിരുന്നു. ഹാപ്പി ആയിരുന്നു.

സിനിമകള്‍ക്കിടയില്‍ സ്വാഭാവികമായി വന്ന ചെറിയ ഗ്യാപ്പിനൊപ്പം ലോക്ക്ഡൗണ്‍ കൂടി ആയപ്പോള്‍ അത് നീണ്ടുവെന്നേയുള്ളൂ. 2020 സെപ്റ്റംബര്‍ തൊട്ടു ഞാന്‍ വീണ്ടും ജോലി ചെയ്തു തുടങ്ങി. സിനിമ എന്നത് ആത്മസമര്‍പ്പണം വേണ്ട മേഖല ആണ്. ഈ കാലയളവ് പല കാര്യത്തിലും അറിവ് വളര്‍ത്തിയെടുക്കാന്‍ ഞാന്‍ ഉപയോഗിച്ചു. എന്നെത്തന്നെ മെച്ചപ്പെടുത്തിയെടുത്തു, സംയുക്ത പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Samyuktha menon About His Life and Career

We use cookies to give you the best possible experience. Learn more