ബെറ്ററാവാന്‍ ഭയങ്കര ഇഷ്ടമുള്ള ആളാണ് താനെന്നും തന്നിലുണ്ടാവുന്ന ഓരോ മാറ്റങ്ങളും തന്നെ ഏറെ സന്തോഷിപ്പിക്കാറുണ്ടെന്നും നടി സംയുക്ത മേനോന്‍.
‘എന്റെ വസ്ത്രങ്ങളില്‍ പോലും ആ മാറ്റം കാണാം. പണ്ട് ഓരോ സ്ഥലത്ത് പോകുമ്പോഴും ഏത് രീതിയില്‍ പ്രസന്റബിള്‍ ആവണമെന്നറിയില്ല. ഇപ്പോള്‍ എന്റെ ശരീരത്തിന് ആരോഗ്യകരമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാറുണ്ട്. പരമാവധി ഹാന്‍ഡ്‌ലൂം വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. ഈ മാറ്റങ്ങളും ഒരു യാത്രയാണ് എന്നെ സംബന്ധിച്ചിടത്തോളം.
സിനിമയില്‍ വന്ന സമയത്ത് തനിക്ക് മേക്കപ്പിനെക്കുറിച്ചോ വസ്ത്രധാരണത്തെക്കുറിച്ചോ ഒന്നും അറിയില്ലായിരുന്നെന്നും ഷൂട്ടിങ് തുടങ്ങി രണ്ടാമത്തെ ദിവസമാകുമ്പോഴേക്കും തന്റെ ശരീരം മൊത്തം കരുവാളിക്കുമായിരുന്നെന്നും സംയുക്ത മേനോന്‍ പറയുന്നു.
വെയിലില്‍ നിന്ന് ഷൂട്ട് ചെയ്യുമ്പോള്‍ ഏത് സണ്‍ പ്രൊട്ടക്ഷന്‍ ക്രീം ഉപയോഗിക്കണമെന്ന് പോലും തനിക്ക് അറിയില്ലായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ എല്ലാത്തിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടെന്നും താരം പറയുന്നു.
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും സ്വപ്‌നയാത്രകള്‍ ഒരുപാടുണ്ടെന്നും താരം പറയുന്നു. അതില്‍ തന്റെ പങ്കാളിക്കൊപ്പം എന്നെങ്കിലും പോവാനുള്ള യാത്രകളുമുണ്ട്. നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണാന്‍ ഐസ്‌ലന്റില്‍. അല്ലെങ്കില്‍ നല്ല മഴക്കാലത്ത് ഏറ്റവും അടുത്തിരുന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണണം, അതിന്റെ എല്ലാ രൗദ്രതയോടും കൂടി, സംയുക്ത പറയുന്നു.
‘എന്റെ ഒരു യാത്രകളും പ്ലാന്‍ ചെയ്ത് തീരുമാനിക്കുന്നതല്ല. പെട്ടെന്ന് ചാടിപ്പുറപ്പെടുന്നതാണ്. അങ്ങനെയുള്ള യാത്രകളില്‍ ഒരാള്‍ കൂടെ വേണം എന്നുണ്ടെങ്കില്‍ അയാളുമായിട്ട് ഭയങ്കര കണക്ഷന്‍ വേണം. നമുക്ക് വേണ്ടി സമയം ചിലവഴിക്കാന്‍ പറ്റുന്ന, ഇപ്പോള്‍ പോകാമെന്ന് ചോദിക്കുമ്പോള്‍ ഉടന്‍ ചാടിപ്പുറപ്പെടുന്ന ഒരാള്‍. അങ്ങനൊരാള്‍ ഇതുവരെ വന്നിട്ടില്ല. അതുകൊണ്ട് പോകുന്നത് അധികവും ഒറ്റയ്ക്കാണ്.
പോകുന്ന സ്ഥലത്തിന്റെ ഓര്‍മ്മയ്ക്കായി ചില സാധനങ്ങള്‍ എടുത്തുകൊണ്ടുവരാറുണ്ട്. ഹിമാലയത്തില്‍ പോയപ്പോള്‍ പല വലുപ്പത്തിലുള്ള പൈന്‍ ഫ്രൂട്ട്‌സ് കൊണ്ടുവന്നിരുന്നു. ചില നദികളില്‍ നിന്ന് നല്ല മിനുസമുള്ള കല്ലുകള്‍ പെറുക്കിയെടുത്ത് വരും. നല്ല നിറങ്ങളിലുള്ള കല്ലുകള്‍. പിന്നെ മൂഡിനനുസരിച്ച് ചില വസ്തുക്കള്‍ വാങ്ങും. ടിബറ്റില്‍ പോയപ്പോള്‍ ടിബറ്റന്‍ സിങ്ങിങ് ബൗള്‍ വാങ്ങി വന്നു. തിരിച്ചു വന്ന് ഇവിടെയുള്ള മാളില്‍ പോയപ്പോള്‍ അവിടെയിരിക്കുന്നു സിങ്ങിങ് ബൗളുകള്‍. എന്തായാലും ടിബറ്റില്‍ നിന്ന് കൊണ്ടുവന്നതുപോലെയാവില്ലല്ലോ എന്ന് ഞാന്‍ സ്വയം സമാധാനിച്ചു, സംയുക്ത പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Samyuktha Menon About Her Passion and cinema Life